- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റഫാൽ യുദ്ധവിമാനങ്ങളിൽ പാക് ബന്ധമുള്ള സാങ്കേതിക വിദഗ്ധരെ സഹകരിപ്പിക്കരുതെന്നു ഖത്തറിനോട് ഫ്രാൻസ്; മിറാഷ് യുദ്ധവിമാനങ്ങളുടെയും മുങ്ങിക്കപ്പലുകളുടെയും നവീകരണ പ്രക്രിയയിൽ സഹകരിക്കില്ല; പാക് മന്ത്രിയുടെ പ്രസ്താവനയിലും അമർഷം; ഇന്ത്യയോട് കൂടുതൽ അടുത്ത് മാക്രോൺ; പാക്കിസ്ഥാനെ കരുതലോടെ നേരിടാൻ ഫ്രഞ്ച് സർക്കാർ
ന്യൂഡൽഹി: ഇന്ത്യൻ പക്ഷത്തോട് കൂടുതൽ ചേർന്ന് നിൽക്കാനാണ് ഫ്രാൻസിന് താൽപ്പര്യം. ഇന്ത്യയുടെ ആശങ്കകൾ അവർ ഗൗരവത്തോടെ എടുക്കുന്നു. ഇതിനൊപ്പം പാക്കിസ്ഥാന്റെ ഇരട്ടമുഖം തിരിച്ചറിയുകയും ചെയ്യുന്നു. അതിശക്തമായ രണ്ട് നടപടികളാണ് ഫ്രാൻസ് അതുകൊണ്ട് തന്നെ എടുക്കുന്നത്. ഇന്ത്യ സുപ്രധാന പങ്കാളിയാണെന്ന് മനസ്സിലാക്കിയാണ് ഈ തീരുമാനം. തീവ്രവാദ വിരുദ്ധ പോരാട്ടങ്ങളുടെ മൂർച്ഛ കുറയാതിരിക്കാനാണ് ഫ്രാൻസിന്റെ ഈ കരുതൽ.
റഫാൽ യുദ്ധവിമാനങ്ങളിൽ പാക്കിസ്ഥാൻ ബന്ധമുള്ള സാങ്കേതിക വിദഗ്ധരെ സഹകരിപ്പിക്കരുതെന്നു ഖത്തറിനോട് ഫ്രാൻസ് ആവശ്യപ്പെടുകയാണ്. ഇന്ത്യയുടെ മുൻനിര യുദ്ധവിമാനമാകാൻ സജ്ജമാകുന്ന റഫാലിനെ സംബന്ധിച്ച സുപ്രധാന സാങ്കേതിക വിവരങ്ങൾ പാക്കിസ്ഥാനും അതുവഴി ചൈനയ്ക്കും ലഭിക്കുമെന്ന ആശങ്ക അകറ്റുന്ന നടപടിയാണിത്. ഇന്ത്യൻ വ്യോമസേനയ്ക്ക് പുതിയ കരുത്തും വേഗവും കൈവന്നു. ഇതിനെ അട്ടിമറിക്കാനുള്ള നീക്കം സജീവമാണ്. ഇത് മനസ്സിലാക്കിയാണ് ഇടപെടൽ.
മൂന്നു ബാച്ചുകളിലായി 15 റഫാൽ വിമാനങ്ങൾ ഫ്രാൻസ് ഖത്തറിനു കൈമാറിയിട്ടുണ്ട്. യുഎഇ, ഈജിപ്ത് എന്നീ രാജ്യങ്ങളും റഫാൽ വിമാനം വാങ്ങാൻ നിർമ്മാതാക്കളായ ഡാസോ ഏവിയേഷനുമായി ചർച്ചകൾ നടത്തിയിരുന്നു. ഈ 3 രാജ്യങ്ങളും പാക്ക് വംശജരും പാക്ക് വ്യോമസേനയുമായി ബന്ധമുള്ളവരുമായ സാങ്കേതിക വിദഗ്ധരെ ഇതിൽ സഹകരിപ്പിച്ചതായി ആക്ഷേപമുയർന്നിരുന്നു. ആശങ്ക ഇന്ത്യ ഫ്രാൻസിനെ അറിയിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഇടപെടൽ. മുൻപു പാക്കിസ്ഥാനു നൽകിയ മിറാഷ് യുദ്ധവിമാനങ്ങളുടെയും വ്യോമപ്രതിരോധ സംവിധാനങ്ങളുടെയും അഗസ്റ്റ 90 ബി മുങ്ങിക്കപ്പലുകളുടെയും നവീകരണ പ്രക്രിയയിൽ സഹകരിക്കേണ്ടതില്ലെന്നും ഫ്രാൻസ് തീരുമാനിച്ചിട്ടുണ്ട്.
അതിനിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണിനെതിരെ പാക്കിസ്ഥാനിലെ മന്ത്രി ഷിറീൻ മസാരി നടത്തിയ പരാമർശം തിരുത്തണമെന്ന് പാക് അധികൃതരോട് ഔദ്യോഗികമായി ആവശ്യപ്പെട്ട് ഫ്രാൻസ് രംഗത്തു വന്നതും ശ്രദ്ധേയമാണ്. പാക് മന്ത്രിയുടെ പരാമർശം ഞെട്ടിച്ചുവെന്നും നിന്ദ്യമായ വാക്കുകളും നിർലജ്ജമായ കാപട്യവും വെറുപ്പിന്റെയും അക്രമത്തിന്റെയും തത്വശാസ്ത്രം ഉൾക്കൊള്ളുന്നതുമാണ് പാക് മന്ത്രിയുടെ വാക്കുകളെന്ന് ഫ്രാൻസ് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. ഇതും പാക്കിസ്ഥാനെതിരെ ഫ്രാൻസ് സ്വീകരിക്കുന്ന അതിശക്തമായ നിലപാടിന് തെളിവാണ്. ഇന്ത്യൻ നയതന്ത്രം ഫലിക്കുന്നുവെന്നാണ് വിലയിരുത്തൽ.
ഇത്തരം അപകീർത്തികരമായ പരാമർശങ്ങൾ നിരുത്തരവാദപരവും മാനക്കേടുമാണെന്നും അതിനെ തള്ളിക്കളയുന്നുവെന്നും ഫ്രാൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. പ്രസ്താവന തിരുത്താൻ തയ്യാറാകണമെന്നും പരസ്പര ബഹുമാനത്തിൽ അധിഷ്ഠിതമായ ചർച്ചയിലേക്ക് വരണമെന്നും പാരീസിലെ പാക് സ്ഥാനപതിയോട് ഫ്രാൻസ് ആവശ്യപ്പെട്ടു. മക്രോണിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വാർത്ത ഷെയർ ചെയ്തുകൊണ്ടാണ് പാക് മന്ത്രി അദ്ദേഹത്തിനെതിരായ പരാമർശം നടത്തിയത്. നാസികൾ യഹൂദന്മാരോട് പെരുമാറിയതുപോലെയാണ് മക്രോൺ മുസ്ലിം വിഭാഗക്കാരോട് പെരുമാറുന്നതെന്ന് അവർ ആരോപിച്ചിരുന്നു. ട്വീറ്റ് പിന്നീട് നീക്കംചെയ്തു. അതിനിടെ ട്വീറ്റ് പാക്കിസ്ഥാനിലെ ഫ്രഞ്ച് എംബസി റീട്വീറ്റ് ചെയ്യുകയും അത് വ്യാജ വാർത്തയും തെറ്റായ ആരോപണവുമാണെന്ന് പറയുകയും ചെയ്തിരുന്നു.
അതിനിടെ ഇന്ത്യ പാരീസ് ഉടമ്പടിയിലെ നിബന്ധനകൾ പാലിക്കുന്നുവെന്ന് മാത്രമല്ല അതിനപ്പുറവും ചെയ്യുന്നുണ്ടെന്ന് ജി 20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. കാർബൺ ബഹിർഗമനം കുറയ്ക്കാൻ ശക്തമായ നടപടികളാണ് ഇന്ത്യ സ്വീകരിക്കുന്നത്. എൽഇഡി വിളക്കുകൾ ജനപ്രിയമാക്കിയതിലൂടെ പ്രതിവർഷം 38 മില്യൺ ടൺ കാർബൺ ബഹിർഗമനം ഒഴിവാക്കാൻ കഴിഞ്ഞു.
80 മില്യൺ (എട്ട് കോടി) കുടുംബങ്ങൾക്ക് പുകയില്ലാത്ത അടുപ്പുകൾ നൽകി. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ സമഗ്രമായ നടപടികളാണ് വേണ്ടത്. പരിസ്ഥിതിയുമായി ഇണങ്ങിയുള്ള പരമ്പരാഗത ജീവിത ശൈലിയിൽനിന്ന് പ്രചോദനം ഉൾക്കൊള്ളണം. ഇന്ത്യയിൽ കാലാവസ്ഥയ്ക്ക് ഇണങ്ങിയതും കാർബണം ബഹിർഗമനം കുറവുള്ളതുമായ വികസന പദ്ധതികൾ നടപ്പിലാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉപയോഗം അവസാനിപ്പിക്കുന്നതിനും വനവിസ്തൃതി വർധിപ്പിക്കുന്നതിനുമുള്ള പല നടപടികളും ഇന്ത്യ സ്വീകരിക്കുന്നുണ്ട്. പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യകൾ സംബന്ധിച്ച ഗവേഷണവും നൂതനാശയങ്ങളും പ്രോത്സാഹിപ്പിക്കാനുള്ള മികച്ച സമയമാണിത്. സഹകരണ മനോഭാവത്തോടെ ഈ രംഗത്ത് മുന്നേറാൻ കഴിയണമെന്നും മോദി അഭിപ്രായപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ