തിരുവനന്തപുരം: അമേരിക്കയിലെ ലോസ് ആഞ്ജലിസ് സിറ്റി കൗൺസിൽ തിരഞ്ഞെടുപ്പിൽ വിജയം കൊയ്ത് മലയാളി യുവതി. തിരുവനന്തപുരം സ്വദേശിയും ബോസ്റ്റണിൽ സ്ഥിരതാമസക്കാരിയുമായ നിത്യ വി. രാമനാണ് (35) ഡിസ്ട്രിക്ട് നാല് സിറ്റി കൗൺസിലിൽ വിജയക്കൊടി പാറിച്ചത്. 17 വർഷം കൗൺസിൽ പ്രതിനിധിയായിരുന്ന ഡെവിഡ് റെയുവിനെ പിന്തള്ളിയാണ് നിത്യയുടെ വിജയം.

15 അംഗ കൗൺസിലിൽ പോൾ ചെയ്ത 81 ശതമാനം വോട്ടിൽ 56 ശതമാനം നേടിയാണ് നിത്യയുടെ ജയം. നഗരാസൂത്രകയും ആക്ടിവിസ്റ്റുമായ നിത്യയ്ക്ക് ലോസ് ആഞ്ജലിസിലെ ഡെമോക്രാറ്റിക്-സോഷ്യലിസ്റ്റുകളുടെയും ഇടതു ആക്ടിവിസ്റ്റുകളുടെയും പിന്തുണയുണ്ടായിരുന്നു.

ഹാർവാർഡ് യൂണിവേഴ്സിറ്റിിയിൽനിന്ന് അർബൻ പ്ലാനിങ്ങിൽ ബിരുദവും ബോസ്റ്റൺ എം.ഐ.ടി.യിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ നിത്യ ചെന്നൈ, ഢാക്ക എന്നിവിടങ്ങളിൽ ചേരി നിർമ്മാർജനം, ഗ്രാമീണ ഭവനനിർമ്മാണം എന്നീ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ നിത്യ ആറു വയസ്സുവരെ കേരളത്തിലാണ് വളർന്നത്. പിന്നീട് പിതാവിന്റെ ജോലി സൗകര്യാർത്ഥം അമേരിക്കയിലേക്ക് കുടിയേറി.

കോട്ടയ്ക്കകം സ്വദേശി ജി.പി.ഒ.യിലെ റിട്ട. പോസ്റ്റ് മാസ്റ്റർ കെ. രാമയ്യരുടെ മകൻ ആർ. വെങ്കിട്ടരാമന്റെ മകളാണ് നിത്യ. കെൽട്രോണിൽ പ്രവർത്തിച്ചിരുന്ന വെങ്കിട്ടരാമൻ പഠനത്തിന് യു.എസിൽ പോവുകയും ബോസ്റ്റണിൽ സ്ഥിരതാമസമാക്കുകയുമായിരുന്നു. ഇപ്പോൾ വെർടെക്‌സ് എന്ന കമ്പനിയുടെ സിഇഒയാണ് അദ്ദേഹം. തൃശ്ശൂർ സ്വദേശിയും ഇന്ത്യൻ ഓവർസീസ് ബാങ്ക് ഉദ്യോഗസ്ഥയുമായിരുന്ന സുധയാണ് നിത്യയുടെ അമ്മ. ഹോളിവുഡ് തിരക്കഥാകൃത്തായ വാലി ചന്ദ്രശേഖരാണ് ഭർത്താവ്. സഹോദരൻ ആകാശ് വി. രാമൻ യു.എസിൽ ഐ.ടി. എൻജിനിയറാണ്.