- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇംഗ്ലണ്ടിൽ രോഗവ്യാപനം കുത്തനെ താഴുന്നു; ഇന്നലെ രോഗവ്യാപനം സ്ഥിരീകരിച്ചത് 9,854 പേർക്ക്; ലോക്ക്ഡൗൺ പിൻവലിക്കുമ്പോൾ നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്ന നിയന്ത്രണങ്ങൾ അനാവശ്യമെന്ന് ഓക്സ്ഫോർഡ് ശാസ്ത്രജ്ഞൻ
ഇംഗ്ലണ്ടിലെ ദേശീയ ലോക്ക്ഡൗൺ അടുത്തയാഴ്‌ച്ച അവസാനിക്കാനിരിക്കെ, ഇന്ന് പ്രഖ്യാപിക്കാനിരിക്കുന്ന പുതിയ 3 ടയർ നിയന്ത്രണങ്ങൾ അനാവശ്യവും നീതീകരിക്കാനാകാത്തതുമാണെന്ന് ബ്രിട്ടനിലെ ഒരു കൂട്ടം ശാസ്ത്രജ്ഞർ പറയുന്നു. ഇന്നലെ ഇംഗ്ലണ്ടിൽ രേഖപ്പെടുത്തിയത് വെറും 9,854 പുതിയ കേസുകളാണ്. അതായത് കഴിഞ്ഞയാഴ്‌ച്ച രേഖപ്പെടുത്തിയതിന്റെ പകുതി കേസുകൾ മാത്രം. അതായത് രാജ്യത്തെ രോഗവ്യാപന നിരക്ക് കുത്തനെ താഴുകയാണ്. ഇത് തുടർന്നു പോയാൽ അടുത്തയാഴ്‌ച്ചയും ഇതേ നില തുടരുകയാണെങ്കിൽ, കൊറോണയുടെ രണ്ടാം വരവിന് മുൻപുള്ള സ്ഥിതിയിലേക്ക് രാജ്യം മടങ്ങും.
ഇതേ നില തുടരുകയാണെങ്കിൽ, ഇന്ന് പ്രഖ്യാപിക്കാനിരിക്കുന്ന നിയന്ത്രണങ്ങൾ അനാവശ്യവും നീതീകരിക്കാനാകാത്തതും ആണെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ പകർച്ചവ്യാധി വിദഗ്ദൻ പ്രൊഫസർ കാൾ ഹെനെഘാം പറയുന്നു. ലോക്ക്ഡൗൺ പിൻവലിക്കുന്ന സമയമാകുമ്പോഴേക്കും രണ്ടാം വരവിൻ' മുൻപുള്ള സ്ഥിതി സംജാതമാകും. അതുകൊണ്ടുതന്നെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും കടുത്ത നിയന്ത്രണങ്ങൾ ആവശ്യമായി വരില്ല. വിവിധ തലങ്ങളിലായുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ത്രീ ടയർ സിസ്റ്റത്തിലെ ടയറുകൾ നിശ്ചയിക്കുന്ന രീതി കുറേക്കൂടി സുതാര്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡിസംബർ 2 ആകുമ്പോഴേക്കും സാഹചര്യങ്ങളിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകും. അതുകൊണ്ടുതന്നെ, അന്നത്തെ സാഹചര്യമനുസരിച്ച് വിവിധ ടയറുകളെ പുനർനിവചിക്കേണ്ടതായി വരും. അതിനായി കൃത്യവും വ്യക്തവുമായ മാനദണ്ഡങ്ങൾ രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. അടുത്തയാഴ്‌ച്ച നിങ്ങളുടെ സ്ഥലം ഒരു നിശ്ചിത ടയറിലേക്ക് പോകുന്നു എന്ന് പറയുന്നതിൽ അർത്ഥമില്ല. പകരം, രോഗലക്ഷണങ്ങൾ കാണിക്കുന്ന രോഗികളുടെ എണ്ണവും ആശുപത്രികളിൽ ചികിത്സതേടിയെത്തിയ രോഗികളുടെ എണ്ണവൗം അടിസ്ഥാനമാക്കി ടയറുകൾ വേർതിരിക്കണം. അദ്ദേഹം തുടരുന്നു.
ലോക്ക്ഡൗൺ പിൻവലിച്ചതിന് ശേഷം നടപ്പാക്കാൻ തീരുമാനിച്ചിരിക്കുന്ന 3 ടയർ നിയന്ത്രണങ്ങൾ, യാഥാർത്ഥ്യവുമായി പുലബന്ധം പോലുമില്ലാതെ കേവലം ഊഹത്തിന്റെ പുറത്ത് രൂപീകരിച്ചതാണെന്ന ടോറി എം പിമാരുടെ ആരോപണത്തിനു പുറകേയാണ് പ്രൊഫസർ ഹെനെഘാൻ ഇത്തരത്തിൽ ഒരു പ്രസ്താവനയുമായി വന്നത്. ഇത്തരത്തിൽ, യാഥാർത്ഥ്യങ്ങൾ കണക്കിലെടുക്കാതെയുള്ള തീരുമാനം, ആരോഗ്യ രംഗത്തും സാമ്പത്തികരംഗത്തും കാര്യമായ വിപരീത ഫലങ്ങൾ ഉണ്ടാക്കുമെന്ന് പ്രതിപക്ഷ എം പിമാർ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
ക്രിസ്ത്മസ്സിനോടനുബന്ധിച്ച് ലോക്ക്ഡൗണിൽ അഞ്ചു ദിവസത്തെ ഇളവുകൾ വരുത്തുന്നത് രോഗവ്യാപനത്തിനിടയാക്കിയേക്കാം എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ഇതിനെ മറികടക്കുന്നതിനായാണ് ക്രിസ്ത്മസ്സിനു ശേഷം രണ്ടാഴ്‌ച്ചകൂടി കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. മൂന്ന് വ്യത്യസ്ത കുടുംബങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ക്രിസ്ത്മസ്സ് ബബിൾ തീരുമാനം പോലും അപകടം പിടിച്ചതാണെന്നാണ് സർക്കാരിന്റെ ശാസ്ത്രോപദേശക സമിതി അംഗവും യൂണിവേഴ്സിറ്റി കോളേജ് ഓഫ് ലണ്ടനിലെ പകർച്ചവ്യാധിവിഭാഗം അദ്ധ്യാപകനുമായ പ്രൊഫസർ ആൻഡ്രൂ ഹേവാർഡ് പറയുന്നത്.
തൊട്ടടുത്ത് ഹോട്ട്സ്പോട്ട് ഉണ്ട് എന്ന ഒരൊറ്റകാരണത്താൽ മാത്രം രോഗവ്യാപനം കുറവുള്ള പ്രദേശങ്ങളിൽ കർശന നിയന്ത്രണം കൊണ്ടുവരരുത് എന്നാണ് പല എം പിമാരും പറയുന്നത്. അതേസമയം, വിവിധ ടയറുകൾ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡത്തിൽ വ്യക്തതയില്ലെന്നു മറ്റു ചിലരും പരാതിപ്പെടുന്നു. ടയറുകൾ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ഭരണകക്ഷിയിൽ നിന്നും ബോറിസ് ജോൺസന് എതിർപ്പുകൾ നേരിടേണ്ടി വന്നേക്കാം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.