കൊല്ലം: കരുനാഗപ്പള്ളിയിൽ ട്രെയ്ലർ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി പത്ര വിതരണക്കാരൻ മരിച്ചു. തൊടിയൂർ വേങ്ങറ സ്വദേശി യൂസഫ്(63) ആണ് മരിച്ചത്. സമീപത്ത് നിന്നിരുന്ന ബാദുഷ എന്നയാൾക്ക് പരിക്ക് പറ്റി. ഇന്ന് പുലർച്ചെ 5.30 ഓടെയായിരുന്നു അപകടം.

ആലപ്പുഴ ഭാഗത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം വിട്ട വാഹനം റോഡിന്റെ വലതുവശത്തേക്ക് പാഞ്ഞ് കടമുറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കടമുറിയുടെ മുന്നിൽ പത്രക്കെട്ടുകൾ വിതരണത്തിനായി തയ്യാറാക്കുന്ന ഏജന്റുമാരുടെ ഇടയിലേക്കാണ് വാഹനം പാഞ്ഞു കയറിയത്. യൂസഫിന്റെ മേൽ വാഹനത്തിന്റെ ടയർ കയറി നിൽക്കുകയായിരുന്നു. അപകടം നടന്ന് ഒന്നര മണിക്കൂറിന് ശേഷം 7 മണിയോടെയാണ് ഇയാളെ വാഹനത്തിന് അടിയിൽ നിന്നും പുറത്തെടുക്കാൻ കഴിഞ്ഞത്. ക്രെയിൻ ഉപയോഗിച്ച് വാഹനം ഉയർത്താൻ പലവട്ടം ശ്രമിച്ചിട്ടും നടക്കാതായതോടെ പിന്നീട് ജാക്കി ഉപയോഗിച്ച് ഉയർത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇയാൾമരണപ്പെട്ടു.

പുലർച്ചെയായതിനാലും എതിർവശത്തു നിന്നും  വാഹനം വരാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. നഗരത്തിലെ ഏറ്റവും തിരക്കേറിയ ഭാഗത്താണ് അപകടം നടന്നത്. പുലർച്ചെ ആയതിനാൽ ആളുകൾ ഇല്ലായിരുന്നു. സമീപത്തെ പെട്രോൾ പമ്പ് ജീവനക്കാരാണ് ആദ്യമെത്തി രക്ഷാ പ്രവർത്തനം നടത്തിയത്. ബാദുഷയെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും യൂസഫിനെ പുറത്തെടുക്കാൻ കഴിഞ്ഞില്ല. പിന്നീട് കൂടുതൽ നാട്ടുകാരും പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് കുടുങ്ങിക്കിടന്ന യൂസഫിനെ പുറത്തെടുത്തത്. പത്ര വിതരണം നടത്താനായി പത്രക്കെട്ട് അടുക്കി വയ്ക്കുന്നതിനടയിലാണ് യൂസഫിന്റെ മേലേക്ക് ലോറി പാഞ്ഞുകയറിയത്. തൊട്ടടുത്തുണ്ടായിരുന്നവർ ഓടി മാറിയെങ്കിലും യൂസഫിന് മാറാൻ കഴിഞ്ഞില്ല.

ഡൽഹിയിൽ നിന്നും കാറുകളുമായെത്തിയ ട്രെയ്ലർ വാഹനമാണ് അപകടത്തിൽപെട്ടത്. ദേശീയപാതയ്ക്ക് കുറുകെ കിടക്കുന്ന വാഹനം ഏറെ പണിപ്പെട്ടാണ് വശത്തേക്ക് മാറ്റിയിട്ടത്. കരുനാഗപ്പള്ളി പൊലീസിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവർത്തനം.