പോങ്യാങ്: രാജ്യത്ത് കോവിഡ് പ്രതിരോധ നടപടികൾ കൂടുതൽ കർശനമാക്കി ഉത്തര കൊറിയ. കോവിഡ് പടരാതിരിക്കാൻ ചൈനയുമായുള്ള വാണിജ്യബന്ധം പൂർണമായി ഒഴിവാക്കാൻ കിം ജോങ് ഉൻ തീരുമാനിച്ചു. ഇതോടെ ഉത്തര കൊറിയയുടെ ഏറ്റവും വലിയ വാണിജ്യ പങ്കാളിക്കാണ് രാജ്യം വിലക്കേർപ്പെടുത്തിയത്. അതിനാൽ തന്നെ രാജ്യത്ത് കടുത്ത ഭക്ഷ്യ ക്ഷാമത്തിനും ഇന്ധന ക്ഷാമത്തിനും ഇടവെച്ചേക്കുമെന്നാണ് റിപ്പോർട്ട്.

അതേസമയം ചൈനയിൽ നിന്നും ഇറക്കുമതി ചെയ്ത ഉൽപ്പന്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയ കസ്റ്റംസ് ഉദ്യോഗസ്ഥനെ വധശിക്ഷയ്ക്കു വിധേയനാക്കിയെന്നും റിപ്പോർട്ടുണ്ട്. ചൈനയിൽനിന്ന് ഇറക്കുമതി ചെയ്ത ഉൽപ്പന്നങ്ങൾ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ചാണ് കസ്റ്റംസ് ഉദ്യോഗസ്ഥനെ വധിച്ചതെന്ന് ദക്ഷിണ കൊറിയൻ അധികൃതർ പറഞ്ഞു.

അതേസമയം ചൈനയിൽ കോവിഡ് കേസുകൾ കുറഞ്ഞ ഈ സാഹചര്യത്തിൽ വിലക്ക് ഏർപ്പെടുത്തിയത് എന്തിനെന്ന് വ്യക്തമല്ല. കോവിഡ് പടർന്നാൽ ഉത്തര കൊറിയയുടെ ദുർബലമായ ആരോഗ്യ സംവിധാനങ്ങൾക്ക് പിടിച്ചു കെട്ടാൻ സാധിക്കില്ല. ചൈനയിൽ കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞിരിക്കുന്ന ഈ സമയത്ത് വാണിജ്യ നിയന്ത്രണം കർശനമാക്കേണ്ടിയിരുന്നില്ലെന്നാണു വ്യവസായ പ്രമുഖരുടെ വിലയിരുത്തൽ. തീരപ്രദേശങ്ങൾ ഉൾപ്പെടെ അതിർത്തികളിൽ കൂടുതൽ സുരക്ഷ ഏർപ്പെടുത്താനും ഉത്തര കൊറിയ തീരുമാനിച്ചു.

ഒക്ടോബറിൽ ചൈനയിൽനിന്ന് 253,000 ഡോളറിന്റെ കയറ്റുമതി മാത്രമാണ് ഉത്തരകൊറിയയിലേക്കു നടന്നത്. തലേ മാസത്തേതിൽനിന്ന് 99% കുറവാണിതെന്ന് ചൈനീസ് കസ്റ്റംസ് അധികൃതർ പറഞ്ഞു. ഉത്തര കൊറിയയുടെ ഏറ്റവും വലിയ വാണിജ്യപങ്കാളിയാണു ചൈന. മറ്റു രാജ്യങ്ങളിൽനിന്നൊന്നും ഉത്തര കൊറിയ കൂടുതലായി ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നില്ല.

ഏറ്റവും ദുർബലമായ ആരോഗ്യ, പരിചരണ സംവിധാനങ്ങളുള്ള രാജ്യമാണ് ഉത്തര കൊറിയ. ആ സാഹചര്യത്തിൽ കോവിഡ് പടർന്നുപിടിച്ചാൽ ആയിരക്കണക്കിനു പേർ മരിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. അതുകൊണ്ടാണ് നിയന്ത്രണങ്ങൾ കർശനമാക്കുന്നതെന്ന് ദക്ഷിണ കൊറിയ പറയുന്നു. അനസ്തേഷ്യ പോലും നൽകാതെയാണ് ഉത്തര കൊറിയയിൽ ശസ്ത്രക്രിയകൾ നടത്തുന്നതെന്ന് തൊണ്ണൂറുകളിൽ അവിടെനിന്നു പലായനം ചെയ്തവർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ആഹാരത്തിനു വേണ്ടി ഡോക്ടർമാർ മരുന്നു വിൽക്കുന്നുണ്ടെന്നും അവർ പറയുന്നു.