ഞ്ച് വർഷത്തെ ലിവിങ് ടുഗതറിനൊടുവിൽ ഉപേക്ഷിച്ചു പോയ യുവാവിനെതിരെ പരാതിയുമായി യുവതി വനിതാ കമ്മീഷനിൽ. യുവാവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാൻ തീരുമാനിച്ചതോടെയാണ് യുവതി പരാതിയുമായി രംഗത്ത് എത്തിയത്. വിശ്വാസവഞ്ചനയ്ക്ക് യുവാവിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ കമ്മിഷൻ സംഘടിപ്പിച്ച മെഗാ അദാലത്തിലാണ് യുവതി പരാതിയുമായി എത്തിയത്. സംഭവത്തിൽ തുടർ നടപടി സ്വീകരിക്കാൻ ഫോർട്ട് പൊലീസ് അസിസ്റ്റന്റ് കമ്മീഷണർക്ക് നിർദ്ദേശം നൽകി.

കൊറോണക്കാലത്തെ കെട്ടിടവാടക നൽകുന്നതു സംബന്ധിച്ചുണ്ടായ തർക്കത്തിൽ പൊലീസ് സ്റ്റേഷനിൽ വരെയെത്തിയ പരാതിക്ക് അദാലത്തിൽ പരിഹാരമായി. രണ്ട് ലക്ഷം അഡ്വാൻസും ഇരുപതിനായിരം വാടകയുമുള്ള നഗരത്തിലെ കെട്ടിടത്തിന് ഏപ്രിൽ മുതൽ വാടക നൽകാനുണ്ടായിരുന്നു. ഒത്തുതീർപ്പിന്റെ ഭാഗമായി കമ്മിഷൻ നിർദേശിച്ച തുക ഇരുവിഭാഗത്തിനും സ്വീകാര്യമാകുകയായിരുന്നു.

അഞ്ചു മക്കളുണ്ടായിട്ടും അമ്മയെ കാണാൻ മക്കൾ എത്തുന്നില്ലെന്ന വൃദ്ധയുടെ പരാതിയിൽ മക്കൾ മാതാപിതാക്കളെ പരിപാലിക്കേണ്ട കടമ നിറവേറ്റണമെന്ന കമ്മിഷന്റെ കർശന നിർദേശത്തിന്റെ അടിസ്ഥാനത്തിൽ അമ്മയെ പരിപാലിക്കാമെന്ന് മക്കൾ കമ്മിഷന് ഉറപ്പ് നൽകി. തിരുവനന്തപുരം ജവഹർ ബാലഭവനിൽ 13 പരാതികളിൽ കമ്മീഷൻ ഇടപെട്ടു തീർപ്പാക്കി. വനിതാ കമ്മിഷൻ അംഗങ്ങളായ അഡ്വ.എം.എസ്.താര, ഇ.എം.രാധ, ഡോ.ഷാഹിദ കമാൽ ഡയറക്ടർ വി.യു.കുര്യാക്കോസ് എന്നിവർ പരാതികൾ കേട്ടത്.