- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകത്തെ നൂതന സൂപ്പർ കമ്പ്യൂട്ടറായ ഫുഗാക്കുവിനേക്കാൾ നൂറ് ട്രില്യൺ വേഗമെന്ന് ചൈന; ക്വാണ്ടം കമ്പ്യൂട്ടിംഗിന്റെ ടെക്നോളജിയിൽ മേധാവിത്വമെന്നും അവകാശവാദം; കമ്പ്യൂട്ടർ ലോകത്തെ അതിവേഗക്കാരനായുള്ള യുഎസ് - ചൈന മത്സരത്തിൽ പുതുചരിത്രം കുറിക്കപ്പെടുമ്പോൾ
ബെയ്ജിങ്: ലോകത്തിലെ ഏറ്റവും നൂതന സൂപ്പർ കമ്പ്യൂട്ടറായ ജപ്പാനിലെ ഫുഗാക്കുവിനേക്കാൾ 100 ട്രില്യൺ ഇരട്ടി വേഗതയുള്ള ഒരു ക്വാണ്ടം കമ്പ്യൂട്ടർ നിർമ്മിച്ചതായി ചൈനീസ് ശാസ്ത്രജ്ഞർ. സാധാരണ കമ്പ്യൂട്ടറിൽ ദീർഘകാലം കൊണ്ട് മാത്രം നിർവഹിക്കാവുന്ന ജോലികൾ നിമിഷ നേരം കൊണ്ട് പൂർത്തിയാക്കാനാകുമെന്നാണ് ശാസ്ത്രജ്ഞരുടെ അവകാശവാദം. ക്വാണ്ടം കമ്പ്യൂട്ടിങ് സാങ്കേതികവിദ്യയിൽ മുന്നേറാൻ ചൈനയും യുഎസും മത്സരിക്കുന്നതിനിടെയാണ് സുപ്രധാന നേട്ടത്തിലെത്തിയത്.
ക്വാണ്ടം കമ്പ്യൂട്ടിങ് ഒരു പുതിയ സാങ്കേതികവിദ്യയാണ്. പരമ്പരാഗത മെഷീനുകളേക്കാൾ മികവ് പ്രകടിപ്പിച്ചതായി ടെക് ഭീമനായ ഗൂഗിൾ കഴിഞ്ഞ വർഷം അവസാനത്തോടെ അവകാശപ്പെട്ടിരുന്നു. ഒരു ക്വാണ്ടം കമ്പ്യൂട്ടറിലെ ക്വിബിറ്റുകളുടെ ഗ്രൂപ്പുകൾക്ക് ഒരു ക്ലാസിക്കൽ കമ്പ്യൂട്ടറിന് ഒരേ എണ്ണം ബിറ്റുകൾ ഉപയോഗിക്കാൻ കഴിയുന്നതിനേക്കാൾ കുറഞ്ഞ ഊർജം ഉപയോഗിച്ച് കൂടുതൽ ഡാറ്റ സംഭരിക്കാൻ ഇതിലൂടെ സാധിക്കും.
നഗര, ഗതാഗത ആസൂത്രണം പോലെ സങ്കീർണമായ ദൗത്യങ്ങൾ അനായാസം നിർവഹിക്കാൻ ക്വാണ്ടം കമ്പ്യൂട്ടിങ്ങിലൂടെ സാധിക്കും. ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഐബിഎം, ഇന്റൽ തുടങ്ങിയ വൻകിട സാങ്കേതിക സ്ഥാപനങ്ങൾ ക്വാണ്ടം കമ്പ്യൂട്ടിങ് സാങ്കേതികവിദ്യയെ ശക്തമായി പിന്തുണയ്ക്കുമ്പോഴാണ് ക്വാണ്ടം മേധാവിത്വം എന്ന അവകാശവാദവുമായി ചൈന രംഗത്തെത്തുന്നത്.
ചൈനയിലെ സയൻസ് ആൻഡ് ടെക്നോളജി യൂണിവേഴ്സിറ്റിയിലെ വിദഗ്ദ്ധർ നടത്തിയ ഏറ്റവും പുതിയ ഗവേഷണം സയൻസ് ജേണലിൽ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു. നിലവിലുള്ള ഒരു കമ്പ്യൂട്ടറിനും ക്വാണ്ടം കമ്പ്യൂട്ടിംഗിന്റെ വേഗത്തിന് ഒപ്പമെത്തി ദൗത്യങ്ങൾ നിർവഹിക്കാൻ കഴിയില്ലെന്നാണ് ജേർണലിൽ ചൂണ്ടിക്കാട്ടുന്നത്. ഈ സാങ്കേതിക വിദ്യയ്ക്ക് ഒപ്പമെത്താൻ നിലവിൽ എതിരാളികൾ ഇല്ലെന്നും ജേർണലിൽ അവകാശപ്പെടുന്നു. അമേരിക്കൻ സാങ്കേതിക മേഖല കഴിഞ്ഞ വർഷം പ്രഖ്യാപിച്ച സാങ്കേതിക വിദ്യയേക്കാൾ പത്ത് ബില്യൺ ഇരട്ടിവേഗമാണ് ചൈന അവകാശപ്പെടുന്നത്.
അമേരിക്കയും ചൈനയും തമ്മിൽ കടുത്ത മത്സരമാണ് മേഖലയിൽ നടക്കുന്നത്. ചൈന 10 ബില്യൺ ഡോളർ ചെലവിൽ ക്വാണ്ടം ഇൻഫർമേഷൻ സയൻസസിനായി ഒരു പുതിയ ദേശീയ ലബോറട്ടറി തന്നെ തയ്യാറാക്കിയിരുന്നു. അതേ സമയം കൃത്രിമ ഇന്റലിജൻസ്, ക്വാണ്ടം ഇൻഫർമേഷൻ റിസേർച്ച് എന്നിവയ്ക്കായി ഒരു ബില്യൺ ഡോളർ വിലമതിക്കുന്ന ധനസഹായമാണ് അമേരിക്കൻ ഭരണകൂടം വകയിരുത്തിയത്.
മറുനാടന് മലയാളി ബ്യൂറോ