ബെയ്ജിങ്: ഭൂമി വെട്ടിപ്പിടിക്കാനും രാജ്യത്തിന്റെ വിസ്തൃതി വർദ്ധിപ്പിക്കാനുമുള്ള പോരാട്ടം കാലങ്ങളായി തുടരുന്ന രാജ്യമാണ് ചൈന. അയൽരാജ്യങ്ങളോട് പടവെട്ടിയും കൈയേറിയും പിടിച്ചെടുത്തും ചുവന്ന മണ്ണിനൊപ്പം അങ്ങനെ ചേർത്ത ഒട്ടേറെ സ്ഥലങ്ങളുണ്ട്. ഭൂപടം വിസ്തൃതമാക്കാനുള്ള പോരാട്ടത്തിൽ വിട്ടുവീഴ്ചയില്ലാത്ത ഭരണകൂടം. എന്നാൽ മണ്ണ് വിട്ട് വിണ്ണിലേക്കും ചൈനീസ് 'അധിനിവേശം' വ്യാപിക്കുന്നു എന്നതിന്റെ സൂചനയാണ് ഇപ്പോൾ നടക്കുന്ന പരീക്ഷണങ്ങൾ. ആവശ്യമുള്ളിടത്തു കൃത്രിമമായി മഴ പെയ്യിക്കാനും വേണ്ടെന്നു തോന്നുന്നിടത്തുനിന്നു മഴമേഘങ്ങളെ ഓടിക്കാനും സാധിക്കും. ചൈനയുടെ ആഭ്യന്തര കാര്യമാണെന്നു പറയുമ്പോഴും ഇത്രയും ബൃഹദ് പദ്ധതി മറ്റു രാജ്യങ്ങളെയും ബാധിക്കുമെന്നാണു കരുതുന്നത്.

കാലാവസ്ഥയെ നല്ലതോതിൽ നിയന്ത്രിക്കാനും പരീക്ഷണം നടത്താനുമുള്ള വിപുലമായ പദ്ധതി കഴിഞ്ഞ ദിവസമാണു ചൈനയുടെ സ്റ്റേറ്റ് കൗൺസിൽ പ്രഖ്യാപിച്ചത്. ആകെ 55 ലക്ഷം ചതുരശ്ര കിലോമീറ്ററിലേറെ വിസ്തൃതിയിലാണു പദ്ധതി നടപ്പാക്കുന്നത്. ഇന്ത്യയുടെ ആകെ വിസ്തൃതിയേക്കാൾ (32.87 ലക്ഷം ചതുരശ്ര കിലോമീറ്റർ) ഒന്നര മടങ്ങ് വലിപ്പമുണ്ട് പദ്ധതിക്ക് എന്നതു ചൈനയുടെ മുന്നൊരുക്കങ്ങളുടെയും ലക്ഷ്യത്തിന്റെയും വ്യാപ്തി കാണിക്കുന്നു. 2025 ഓടെ പദ്ധതി പൂർണതോതിലാകുമെന്നാണു കണക്കാക്കുന്നത്. കാലാവസ്ഥാ പരിഷ്‌കാര പദ്ധതി ആഗോള തലത്തിൽ 2035 ഓടെ സജീവമാകുമ്പോഴേക്കും ചുവടുറപ്പിക്കുകയാണ് ചൈന ലക്ഷ്യമിടുന്നതെന്ന് സ്റ്റേറ്റ് കൗൺസിൽ വ്യക്തമാക്കുന്നു.

കൃത്രിമ മഴയും മഞ്ഞുവീഴ്ചയും നടപ്പിലാക്കുന്ന പ്രദേശങ്ങളുടെ പരിധിയാണ് 5 വർഷത്തിനകം 55 ലക്ഷം ചതുരശ്ര കിലോമീറ്ററിലേക്കു വ്യാപിപ്പിക്കുക. ഇതിൽ 5.80 ലക്ഷം ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് ആലിപ്പഴ വീഴ്ചാനിയന്ത്രണ സാങ്കേതികവിദ്യകളാകും ഉപയോഗിക്കുക. ദുരന്ത നിവാരണം, കാർഷികോൽപാദനം, പുൽമേടുകളും കാടുകളും കത്തുമ്പോഴുള്ള അടിയന്തര പ്രതികരണം, വരൾച്ച, ഉയർന്ന ചൂട് തുടങ്ങിയവയെ നേരിടാൻ പദ്ധതി സഹായിക്കുമെന്നാണു ചൈനയുടെ അവകാശവാദം.

സാധാരണ മഴ എങ്ങനെയെന്ന് ഉണ്ടാകുന്നതെന്ന് നമുക്ക് അറിയാവുന്നതാണ്. വേനലിൽ ഭൂമിയുടെ കരപ്രദേശങ്ങൾ ചൂടുപിടിക്കുമ്പോൾ സാന്ദ്രത നിറഞ്ഞ അന്തരീക്ഷവായു മേലോട്ടുയരുന്നു. മുകളിലേക്കു പോകുന്തോറും അന്തരീക്ഷമർദം കുറയും. ഇതോടെ വായു വികസിച്ച്, തണുത്ത് മേഘങ്ങൾ ഉണ്ടാകുന്നു. വായുവിലെ പൊടി, പുക മുതലായ സൂക്ഷ്മകണങ്ങൾ കേന്ദ്രമാക്കി ജലകണങ്ങൾ ഒന്നിച്ചുചേർന്ന് വലിയ ജലകണങ്ങളാകുകയും താഴേക്ക് മഴയായി പെയ്തിറങ്ങുന്നു.

എന്താണ് കൃത്രിമ മഴ

എന്നാൽ പലപ്പോഴും മഴ പെയ്യാതെ മേഘങ്ങൾ അന്തരീക്ഷത്തിൽ തങ്ങിനിൽക്കും. ഈ അവസരത്തിലാണു കൃത്രിമ മഴയുടെ സാധ്യത തെളിയുന്നത്. ക്ലൗഡ് സീഡിങ് എന്നാണ് കൃത്രിമ മഴ പെയ്യിക്കുന്ന സാങ്കേതികവിദ്യയ്ക്കു പറയുന്നത്. മഴമേഘങ്ങളിൽ സിൽവർ അയോഡൈഡ് വിതച്ച് മേഘത്തിന്റെ ജലസാന്ദ്രത വർധിപ്പിക്കും. ചിറകുകളിൽ സിൽവർ അയോഡൈഡ് തിരികൾ ഘടിപ്പിച്ച പ്രത്യേക വിമാനം ഉപയോഗിച്ചാണു മേഘങ്ങളിൽ രാസപദാർഥം വിതറുക. അത്യാധുനിക സോഫ്‌റ്റ്‌വെയറുകൾ സംയോജിപ്പിച്ച റഡാറുകളുടെ സഹായത്താലാണ് മേഘങ്ങളെ കണ്ടെത്തുന്നത്. ഭൂമിയിൽനിന്ന് 12000 അടി ഉയരത്തിലുള്ള 2000 മീറ്റർ കനവും ആറു കിലോമീറ്റർ നീളവുമുള്ള മേഘങ്ങളാണ് ഉത്തമമെന്നാണ് വിദഗ്ദാഭിപ്രായം. 'വിത്ത്' വിതയ്ക്കപ്പെടുന്ന മേഘത്തിന്റെ താപനില മൈനസ് രണ്ടു ഡിഗ്രിക്കും മൈനസ് 14 ഡിഗ്രി സെൽഷ്യസിനും മധ്യേ ആയിരിക്കണം. മേഘങ്ങൾ കൃത്രിമമായി നിർമ്മിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. യുഎസ് രസതന്ത്രജ്ഞനും കാലാവസ്ഥാ ശാസ്ത്രജ്ഞനുമായ വിൻസന്റ് ഷെയ്ഫർ ആണു കൃത്രിമ മഴ പെയ്യിക്കുന്നതിനുള്ള സാങ്കേതികവിദ്യ 1946ൽ ആദ്യമായി രൂപപ്പെടുത്തിയത്. ഡോ. ബർണാഡ് വോൺഗട്ട്, പ്രഫ. ഹെന്റി ചെസിൻ എന്നിവരും കൃത്രിമ മഴയുടെ ആദ്യകാല ഗവേഷകരാണ്.

കൃത്രിമ മഴ പെയ്യിക്കാൻ പ്രധാനമായും മൂന്നു ഘട്ടങ്ങളാണുള്ളത്. അവിടവിടെയായി ചിതറി അലയുന്ന ചെറുമേഘങ്ങളെ ഒരുമിച്ചുകൂട്ടുന്നതാണ് ആദ്യപടി. ഇതിനായി ചില രാസവസ്തുക്കൾ ഉപയോഗിക്കും. ഒരു നിശ്ചിത പ്രദേശത്തുള്ള മേഘടപലങ്ങളെയെല്ലാം മഴ പെയ്യിക്കേണ്ട സ്ഥലത്തിന്റെ സമീപപ്രദേശങ്ങളിലായി ഒരുമിച്ചു കൂട്ടാനാകും. അടുത്തതായി വെള്ളത്തുള്ളികൾ രൂപമെടുക്കണം. അതിനായി നീരാവിയുടെ സൂക്ഷ്മ കണികകൾ ഒരുമിക്കണം. രാസവസ്തുക്കൾ പ്രയോഗിക്കുമ്പോൾ വേഗത്തിൽ ഒരുമിച്ചുകൂടും. ഈ സമയത്തു ചെറു ജലകണങ്ങൾ പറ്റിപ്പിടിക്കാൻ സഹായിക്കുന്ന യൂറിയ, അമോണിയം നൈട്രേറ്റ്, കാൽസ്യം ക്ലോറൈഡ് തുടങ്ങിയ രാസവസ്തുക്കൾ വിതറിക്കൊടുക്കും. ഇതിനു ചുറ്റുമാണു ജലകണങ്ങൾ രൂപമെടുക്കുക. മഴ പെയ്യുന്നതിനാവശ്യമായ വലുപ്പവും ഭാരവുമുള്ള ജലത്തുള്ളികളായി ഈ ചെറു ജലകണങ്ങൾ രൂപം കൊള്ളുകയാണ് അടുത്തതായി വേണ്ടത്.

ഇതിനായി സിൽവർ അയഡൈഡ്, ഡ്രൈ ഐസ് എന്നീ രാസപദാർഥങ്ങൾ ചേർക്കും. ഇതോടെ ജലകണികകൾക്കു വലുപ്പം കൂടുകയും ഗുരുത്വാകർഷണം മൂലം മഴയായി താഴേക്കു പതിക്കുകയും ചെയ്യുന്നു. കൊടുംവരൾച്ചയ്ക്കു കൃത്രിമ മഴ ശാശ്വത പരിഹാരമല്ലെന്നാണു വിദഗ്ദ്ധർ പറയുന്നത്. മേഘങ്ങളിൽ വിതറുന്ന സൂക്ഷ്മവസ്തുക്കൾ കാൻസർപോലുള്ള രോഗങ്ങളുണ്ടാക്കുമോ, മഴവെള്ളത്തിന്റെ സ്വാഭാവിക ഗുണത്തിനും മണത്തിനും മാറ്റമുണ്ടാകുമോ, ഉദ്ദേശിച്ച ഫലപ്രാപ്തി കാണുമോ എന്നിങ്ങനെ പോകുന്നു ആശങ്കകൾ. എന്നാൽ, പല സംശയങ്ങൾക്കും അടിസ്ഥാനമില്ലെന്നു പഠനങ്ങൾ പറയുന്നു. ആഗോള കാലാവസ്ഥാ സംഘടനയുടെ (ഡബ്ല്യുഎംഒ) കർശന മാർഗനിർദ്ദേശങ്ങൾക്കു വിധേയമായാണു പല രാജ്യങ്ങളും ഇത്തരം പരീക്ഷണങ്ങൾ നടത്താറുള്ളത്.

ഉപയോഗിക്കുന്ന കണങ്ങളുടെ അളവ്, പ്രകൃത്യാ അന്തരീക്ഷത്തിലുള്ള അവയുടെ അളവിന്റെ ഒരു ശതമാനത്തിലും താഴെ മാത്രമാണുള്ളത്. അതായത്, ദിവസവും അന്തരീക്ഷത്തിലേക്കു വിവിധ കാരണങ്ങളാൽ ബഹിർഗമിക്കുന്ന സൂക്ഷ്മകണങ്ങളുടെ അളവ് സീഡിങ്ങിന് ഉപയോഗിക്കുന്നതിന്റെ നൂറു മടങ്ങോളം വരുമെന്നർഥം. ക്ലൗഡ് സീഡിങ് വളരെ ചെറിയ പ്രദേശത്തു മാത്രം (നൂറു ചതുരശ്ര കിലോമീറ്ററിൽ താഴെ) നടത്തുന്ന ക്ഷണികമായ പ്രതിഭാസമായാണ് ഇതുവരെ കണക്കാക്കിയിരുന്നത്. അത്യപൂർവമായ വരൾച്ചയ്ക്കുള്ള തീർത്തും താൽക്കാലികമായ ഒറ്റമൂലി മാത്രമാണു കൃത്രിമ മഴയെന്നും സീഡിങ്ങിനു വേണ്ടിവരുന്ന വലിയ പണച്ചെലവും ഫലപ്രാപ്തിയിലെ അനിശ്ചിതത്വവും വെല്ലുവിളിയാണെന്നും ചില ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു.

ചൈന ലക്ഷ്യമിടുന്നത്

കാലാവസ്ഥ വ്യതിയാനവും ആഗോളതാപനവും കടുത്ത വെല്ലുവിളി ഉയർത്തുന്ന കാലഘട്ടത്തിൽ കൃത്രിമ മഴ അടക്കമുള്ള സാഹസങ്ങൾക്ക് ചൈന എന്തുകൊണ്ട് തയ്യാറെടുക്കുന്നു എന്നതാണ് ശാസ്ത്രലോകം ഉറ്റുനോക്കുന്നത്. ശാസ്ത്രലോകത്തിന്റെ നിർദ്ദേശങ്ങളും നിയന്ത്രണങ്ങളെല്ലാം മറികടന്നാണു ചൈനയുടെ ഇപ്പോഴത്തെ പരീക്ഷണങ്ങൾ.

ക്ലൗഡ് സീഡിങ്ങിലെ അനിശ്ചിതത്വമൊന്നും ചൈനയെ പിന്തിരിപ്പിച്ചില്ലെന്ന് അവരുടെ മുതൽമുടക്ക് കണ്ടാലറിയാം. 2012നും 2017നും ഇടയ്ക്കു വിവിധ കാലാവസ്ഥാ നിയന്ത്രണ പരിപാടികൾക്കായി 1.34 ബില്യൻ ഡോളർ (ഏകദേശം 9889 കോടി രൂപ) ആണ് ചൈന നിക്ഷേപിച്ചത്. രാജ്യത്തിന്റെ പ്രധാന കാർഷിക മേഖലയായ സിൻജിയാങ്ങിൽ ആലിപ്പഴം വീഴ്ച മൂലമുള്ള നാശനഷ്ടം 70 ശതമാനം കുറയ്ക്കാൻ കാലാവസ്ഥാ നിയന്ത്രണം സഹായിച്ചെന്ന് ഔദ്യോഗിക മാധ്യമമായ സിൻഹുവ റിപ്പോർട്ട് ചെയ്യുന്നു. യുഎസ്, യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളും ക്ലൗഡ് സീഡിങ് നടത്തുന്നുണ്ട്. കാർഷിക രാജ്യമായ ഇന്ത്യയിൽ മൺസൂണിനെ ആശ്രയിച്ചാണു കൃഷിയിറക്കുന്നത്. ഇതിനെ താളം തെറ്റിക്കുന്ന രീതിയിൽ കാലാവസ്ഥാ വ്യതിയാനത്തിനും ചൈനയുടെ ഇടപെടലുകൾ കാരണമാകുമോ എന്ന് ആശങ്കയാണ് ഇപ്പോൾ ഉയരുന്നത്.

സൈനിക നീക്കങ്ങൾ ലക്ഷ്യമിട്ടും

കിഴക്കൻ ലഡാക്കിലെ ചൈനയുടെ അധിനിവേശ നീക്കങ്ങളെ വീറോടെ ചെറുത്ത ഇന്ത്യയ്ക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്നതാണ് പുതിയ നീക്കങ്ങൾ. അത്യാധുനിക ആയുധങ്ങൾ അതിർത്തിയിൽ വിന്യസിച്ചാണ് അധിനിവേശ നീക്കങ്ങളെ ഇന്ത്യ ഇതുവരെ ചെറുത്തുപോന്നത്. ആയിരക്കണക്കിനു സൈനികരാണ് അതിർത്തിയിൽ കാവലാളായി നിലകൊള്ളുന്നത്. ഇതിനിടെ ഭൂട്ടാന്റെ പ്രദേശം കൈയേറി ചൈന ഗ്രാമങ്ങൾ സൃഷ്ടിച്ച വാർത്തകളും പുറത്തുവന്നിരുന്നു.

അതിനെ സാധൂകരിക്കുന്ന ഉപഗ്രഹ ചിത്രങ്ങളും പുറത്തുവന്നു. ദോക്ലായിൽനിന്ന് 9 കിലോമീറ്റർ അകലെ പുതുതായി നിർമ്മിച്ച പാങ്ഡ ഗ്രാമത്തിനു പുറമെ പ്രദേശത്തു റോഡും ചൈന ഒരുക്കി. 2017ൽ ചൈനയുടെയും ഇന്ത്യയുടെയും സൈനികർ തമ്മിൽ സംഘർഷമുണ്ടായ പ്രദേശമായ ദോക്ലായിലെ സോംപൽറി (ജംഫേരി) മുനമ്പ് വരെ ചൈനീസ് സൈന്യത്തിന് എത്താവുന്ന സമാന്തര പാതയാണ് പുതിയ റോഡെന്നാണു നിഗമനം. അതിർത്തിയിൽ സൈനിക നീക്കത്തിന് ലക്ഷ്യമിട്ട് നിർമ്മാണങ്ങൾ പുരോഗമിക്കുന്നതിനിടെ കാലാവസ്ഥ നിയന്ത്രണവും ഇന്ത്യയ്ക്കെതിരെ ചൈന ആയുധം ആക്കിയേക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

അതിർത്തിയിൽ നിരന്തരം പ്രകോപനപരവും ഏകപക്ഷീയവുമായ നടപടികൾ സ്വീകരിക്കുന്ന ചൈന, കാലാവസ്ഥാ പരിഷ്‌കരണം നടപ്പാക്കുമ്പോൾ അതീവശ്രദ്ധ വേണമെന്നാണു പ്രതിരോധ വിദഗ്ദ്ധർ പറയുന്നത്. മഞ്ഞുമൂടിയ കടുത്ത കാലാവസ്ഥയിലാണ് അതിർത്തിയിൽ സൈനികർ കാവൽ നിൽക്കുന്നത്. ദുർഘടമായ മലമ്പാതകളിലൂടെ അതിവേഗമുള്ള സൈനിക നീക്കങ്ങൾക്കും പരിമിതിയുണ്ട്. എന്നാൽ, ചൈനീസ് സൈന്യത്തിന് അനുകൂലമായ തരത്തിൽ കാലാവസ്ഥയിൽ മാറ്റമുണ്ടാക്കാനും അതുവഴി ഇന്ത്യയ്ക്കുമേൽ മേൽക്കൈ നേടാനും ചൈന ശ്രമിച്ചേക്കുമോ എന്നാണ് ഉയരുന്ന ആശങ്ക. ഹിമാലയത്തിലെ കാലാവസ്ഥ കൈപ്പിടിയിലൊതുക്കി മേഖലയുടെ നിയന്ത്രണം ഏറ്റെടുക്കാനും ചൈന ശ്രമിച്ചേക്കും.

പ്രധാന തർക്ക വിഷയമായ ജലം ഇന്ത്യയ്ക്കെതിരെ ആയുധമാക്കാൻ ചൈന ശ്രമം തുടങ്ങിക്കഴിഞ്ഞു. ഏഷ്യയിലെ വലിയ നദികളിലൊന്നായ ബ്രഹ്മപുത്രയിൽ ഭീമൻ ജലവൈദ്യുത പദ്ധതി നിർമ്മിച്ചാണു പടയ്ക്കു കളമൊരുക്കുന്നത്. അടുത്ത വർഷം മുതൽ നടപ്പാക്കാനിരിക്കുന്ന പഞ്ചവത്സര പദ്ധതിയിലാണു ഡാമിനു നിർദ്ദേശമുള്ളത്. ബ്രഹ്മപുത്രയിൽ വമ്പൻ ഡാം പണിതാൽ ഇന്ത്യക്കാർ വലിയ ദുരിതം നേരിടേണ്ടിവരും. യാർലങ് സാങ്ബോ നദിയുടെ (ബ്രഹ്മപുത്രയുടെ ടിബറ്റൻ പേര്) താഴ്‌വരയിൽ ജലവൈദ്യുതി പദ്ധതി നടപ്പാക്കുമെന്നും ഇതിലൂടെ ആഭ്യന്തര സുരക്ഷ നിലനിർത്താൻ സാധിക്കുമെന്നുമാണു ചൈന കരുതുന്നത്. ഡാമിൽ വെള്ളം നിറയ്ക്കുന്നതോടെ താഴേക്കു നീരൊഴുക്ക് കുറയും. തുറന്നുവിട്ടാലോ താഴ്ഭാഗം വെള്ളത്തിലാകും. ഈ സാഹചര്യത്തിൽ ചൈനയുടെ സ്വപ്ന പദ്ധതി ഇന്ത്യയ്ക്കു ഹിമാലയൻ വാട്ടർബോംബ് ആകുമെന്നാണു വിലയിരുത്തൽ.

കാലവർഷത്തിൽ മെയ്‌ ഒക്ടോബർ മാസങ്ങളിൽ ഹൈഡ്രോളജിക്കൽ ഡേറ്റ നൽകുന്നതിനു ചൈനയുമായി ഇന്ത്യയ്ക്കു പ്രത്യേക കരാറുണ്ട്. ഈ ഡേറ്റ പരിശോധിച്ചാണ് ഇന്ത്യ മുന്നറിയിപ്പുകൾ നൽകുന്നത്. ദോക്ലാ സംഘർഷ സമയത്ത്, 2017ൽ ഈ ഡേറ്റ നൽകാൻ ചൈന മടിച്ചു. അസമിൽ ഉൾപ്പെടെ ഏതു ഭാഗത്താണു വെള്ളപ്പൊക്കമുണ്ടാകുക എന്ന ഭയത്തിലായിരുന്നു ജനങ്ങൾ കഴിഞ്ഞത്. കുറച്ചുകാലമായി ജലം, മഴ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചൈന ഇന്ത്യയ്ക്കു കൃത്യമായി കൈമാറുന്നില്ല. ഹൈഡ്രോളജിക്കൽ ഡേറ്റ ലഭിക്കാത്തതിനാൽ ചൈനയുടെ ഭാഗത്തുള്ള നദികളിലെ ജലത്തിന്റെ അളവ് കണക്കാക്കാൻ സാധിക്കില്ലെന്നും കിഴക്കൻ സംസ്ഥാനങ്ങളിൽ വൻ പ്രളയത്തിനു വരെ കാരണമാകുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

സാമ്പത്തികമായും സൈനികമായും കടന്നുകയറാൻ ഉത്സാഹം കാണിക്കുന്ന ചൈന അയൽരാജ്യങ്ങളിലെ അനുകൂല കാലാവസ്ഥ സാഹചര്യങ്ങളെയും അട്ടിമറിക്കാനുള്ള നീക്കങ്ങൾ ആശങ്കയോടെയാണ് ലോകം ഉറ്റുനോക്കുന്നത്.