തിരുവനന്തപുരം: കോവിഡ് ഭീഷണിക്കിടയിലും സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം വിജയകരമായി പൂർത്തിയാക്കി. ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട് പ്രകാരം പോളിങ് ശതമാനം 72.67 ശതമാനമായി. ഇത് ഇരു മുന്നണികൾക്കും ഒരു പോലെ പ്രതീക്ഷ നൽകുന്നതാണ്. രാവിലെ മുതൽ എല്ലാ ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര തന്നെയായിരുന്നു.
ഉച്ചയ്ക്ക് പോളിങ് അൽപം മന്ദഗതിയിലായെങ്കിലും അവസാന മണിക്കൂറോടെ വീണ്ടും കൂടി. ഉച്ചവരെ 50 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. കോവിഡിനെ വക വെയ്ക്കാതെ ജനാധിപത്യ മൂല്യം കാക്കാൻ ജനങ്ങൾ കൂട്ടത്തോടെ ബൂത്തുകളിലേക്ക് എത്തുക ആയിരുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ചു പോളിങ് കുറഞ്ഞെങ്കിലും കോവിഡ് കാലത്ത് 72% കടന്നത് അനുകൂല ഘടകമാണെന്നു മൂന്നു മുന്നണികളും അവകാശപ്പെടുന്നു. മുൻതിരഞ്ഞെടുപ്പുകളെ വെല്ലുന്ന രീതിയിലായിരുന്നു ആദ്യ മണിക്കൂറുകളിലെ പോളിങ് ശതമാനം. തിരുവനന്തപുരം 69.76%, കൊല്ലം 73.41%, പത്തനംതിട്ട 69.70%, ആലപ്പുഴ 77.23%, ഇടുക്കി 74.56% എന്നിങ്ങനെയാണു ജില്ല തിരിച്ചുള്ള വോട്ടിങ് ശതമാനം. തിരുവനന്തപുരം കോർപറേഷനിൽ 59.73 ശതമാനവും കൊല്ലം കോർപറേഷനിൽ 66.06 ശതമാനവും പോളിങ് രേഖപ്പെടുത്തി.

മഹാമാരിയുടെ പശ്ചാത്തലത്തിലും മികച്ച പോളിങ്ങുണ്ടായതു ജനാധിപത്യ സംവിധാനത്തിൽ ജനങ്ങൾക്കുള്ള വിശ്വാസത്തെയാണു കാണിക്കുന്നതെന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്‌കരൻ പറഞ്ഞു. അഞ്ച് ജില്ലകളിലാണ് ഇന്നലെ ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് നടന്നത്. ണ്ടാംഘട്ടത്തിലെ ജില്ലകളിൽ 10നും മൂന്നാംഘട്ടത്തിലെ ജില്ലകളിൽ 14നുമാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണൽ 16ന് നടക്കും. 2015ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ രണ്ടു ഘട്ടങ്ങളിലായി 78.33% പേർ വോട്ടു ചെയ്ത് റെക്കോർഡിട്ടിരുന്നു. ആദ്യഘട്ടത്തിൽ 77.83%, രണ്ടാംഘട്ടത്തിൽ 78.83%. എന്നാൽ ഇപ്പോഴിത് 72.67% ആയി കുറഞ്ഞു. പോളിങ് പൊതുവെ സമാധാനപരമായിരുന്നു.

ചിലയിടങ്ങളിൽ വോട്ടിങ് യന്ത്രങ്ങൾ പണിമുടക്കിയിരുന്നു. ഒറ്റപ്പെട്ട തർക്കങ്ങളൊഴിച്ചാൽ വോട്ടിങ് സമാധാനപരമായിരുന്നു. ആലപ്പുഴയിലും പത്തനംതിട്ടയിലും രണ്ട് പേർ വോട്ടെടുപ്പിനിടെ കുഴഞ്ഞുവീണു മരിച്ചു. വൈകുന്നേരം അഞ്ച് മണി മുതൽ കോവിഡ് പോസിറ്റീവ് ആയവരും ക്വാറന്റീനിൽ കഴിയുന്നവരും വോട്ട് ചെയ്യാനെത്തിയിരുന്നു. പിപിഇ കിറ്റ് ധരിച്ചാണ് ഇവർ പോളിങ് ബൂത്തിലേക്കെത്തിയത്. മറ്റ് വോട്ടർമാർ വോട്ടിങ്ങിനെത്തുന്നില്ലെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് ഇവർക്ക് വോട്ട് ചെയ്യാനുള്ള സൗകര്യമൊരുക്കിയത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ 395 തദ്ദേശ സ്ഥാപനങ്ങളിലായി 6911 വാർഡുകളിലേക്കാണ് ഒന്നാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടന്നത്. 88,26,873 വോട്ടർമാർ ഇവിടെയുള്ളത്. കൊല്ലത്ത് സിപിഎം ചിഹ്നം പതിച്ച മാസ്‌ക്കുമായെത്തിയ പ്രിസൈഡിങ് ഓഫിസറെ മാറ്റി. കൊല്ലം കൊറ്റങ്കര പഞ്ചായത്ത് കോളശ്ശേരി വാർഡിൽ അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നം പതിച്ച മാസ്‌ക്കുമായാണ് പ്രിസൈഡിങ് ഓഫിസർ ബൂത്തിലിരുന്നത്. കൊട്ടാരക്കര മൂലംകുഴി ബൂത്തിലെ പോളിങ് ഓഫിസറെ മദ്യപിച്ച് ബഹളംവച്ചതിനെ തുടർന്ന് മാറ്റി. തിരുവനന്തപുരം കാട്ടാക്കടയിൽ സിപിഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. ക്രിസ്ത്യൻ കോളജിലെ ബൂത്തിൽ സിപിഎം വോട്ട് തേടിയെന്ന കോൺഗ്രസ് പരാതിയാണ് ബഹളത്തിൽ കലാശിച്ചത്. പൊലീസെത്തിയാണു പ്രവർത്തകരെ ഒഴിപ്പിച്ചത്.

റാന്നിയിൽ വോട്ടു ചെയ്തിറങ്ങിയ തൊണ്ണൂറുകാരനും ആലപ്പുഴ കാർത്തികപ്പള്ളിയിൽ വോട്ടു ചെയ്യാനെത്തിയ അറുപത്തിയെട്ടുകാരനും കുഴഞ്ഞുവീണു മരിച്ചു. മത്തായി, ബാലൻ എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം ബാലരാമപുരം ഗ്രാമ പഞ്ചായത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി എസ്.ഫ്രാൻസിസ് കോവിഡ് ബാധിച്ചു മരിച്ചു. കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചുവെന്ന പരാതിയെ തുടർന്ന് തിരുവനന്തപുരം കോർപറേഷനിലെ പാളയം വാർഡിലെ ബൂത്തിൽ നാസർ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

107 വയസ്സുള്ള സ്വാതന്ത്ര്യസമര സേനാനി കെ. അയ്യപ്പൻപിള്ളയടക്കം പ്രായത്തെ മറികടന്ന് നിരവധി വയോജനങ്ങൾ വോട്ടുചെയ്യാനായി ബൂത്തുകളിലെത്തി. മാസ്‌കും സാനിറ്റൈസറുകളും എല്ലാ ബൂത്തുകളിലും സാനനിധ്യമായി. എന്നാൽ സാമൂഹിക അകലം പാലിക്കൽ മാത്രം എങ്ങും നടന്നില്ല. കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ വോട്ടിംഗിനിടെ കോൺഗ്രസ് - സിപിഎം പ്രവർത്തകർ തമ്മിൽ ഉന്തും തള്ളുമുണ്ടായി. കിളിമാനൂർ മടവൂർ വാർഡ് ആറിലെ പനപ്പാകുന്ന് സ്‌കൂളിുൽ രണ്ട് മണിക്കൂറോളം വോട്ടിങ് മുടങ്ങി.