ന്യൂഡൽഹി: ഇന്ത്യയുടെ ഇടപെടലിൽ ഇസ്രയേലും ഭൂട്ടാനും നയതന്ത്രബന്ധം സ്ഥാപിച്ചു. ഇരു രാജ്യങ്ങളുടെയും ഇന്ത്യയിലെ അംബാസഡർമാരാണു കരാറിൽ ഒപ്പുവച്ചത്. ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാണെന്ന് തെളിയിക്കുന്നതാണ് ഇത്. ഭൂട്ടാനും ഇന്ത്യയുടെ അതിശക്തമായ പങ്കാളിയാണെന്നും ഇത് വ്യക്തമാക്കുന്നു.

കൃഷി, സാങ്കേതികം, ജലവിഭവ വിനിയോഗം എന്നീ മേഖലകളിൽ ഉൾപ്പെടെ വിപുലമായ സഹകരണത്തിനു വഴി തുറന്നതായി ഡൽഹിയിലെ ഇസ്രയേൽ എംബസിയിൽ കരാർ ഒപ്പിട്ടശേഷമുള്ള സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞ ദിവസം മൊറോക്കോയുമായി സഹകരണത്തിനു ധാരണയായതിനു പിന്നാലെയാണ് ഇസ്രയേൽ ഭൂട്ടാനുമായി കരാർ ഒപ്പിട്ടത്. നേരത്തെ പശ്ചിമേഷ്യയിലും ഇസ്രയേലിന് പിന്തുണ കൂടിയിരുന്നു. ഇതിന് പിന്നിൽ അമേരിക്കൻ ഇടപെടലായിരുന്നു. ഇത്തരത്തിൽ ഇസ്രയേലിന് വേണ്ടി ഇന്ത്യയും നയതന്ത്ര ഇടപെടലുകൾ ശക്തമാക്കുകയാണ്. ഇസ്രയേലുമായി ഇന്ത്യ അടുക്കുമ്പോൾ അത് സൈനിക തലത്തിൽ ഇന്ത്യയുടെ കരുത്ത് കൂട്ടും. കൂടുതൽ പ്രതിരോധ സഹകരണം ഇസ്രയേലുമായി കൈവരികയും ചെയ്യും.

യുഎഇ, ബഹ്റൈൻ, സുഡാൻ എന്നീ രാജ്യങ്ങളുമായും അടുത്തിടെ നയതന്ത്രബന്ധം സ്ഥാപിച്ചിരുന്നു. നയതന്ത്ര കരാറിലേർപ്പെടുന്നത് ഇപ്പോഴാണെങ്കിലും ഉഭയകക്ഷി സൗഹൃദത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്. കാർഷികമേഖലയിലെ മാനവശേഷി വികസനത്തിൽ 1982 മുതൽ ഭൂട്ടാന് ഇസ്രയേലിന്റെ പിന്തുണയുണ്ട്. ഇന്ത്യയുമായി വളരെ അടുത്ത ബന്ധം തുടരുന്ന ഭൂട്ടാന് ലോകത്താകെ 53 രാജ്യങ്ങളുമായേ നയതന്ത്ര ബന്ധമുള്ളൂ. നേപ്പാൾ, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, മ്യാന്മർ, ബംഗ്ലാദേശ് എന്നീ അയൽരാജ്യങ്ങളുമായും ഭൂട്ടാന് നയതന്ത്രബന്ധമുണ്ട്.

അതേ സമയം, ചൈന, യുഎസ്, യുകെ, റഷ്യ തുടങ്ങിയ രാജ്യങ്ങളുമായി നയതന്ത്രബന്ധമില്ല. യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇന്ത്യയിലെ ഭൂട്ടാൻ എംബസി മുഖേനയാണ് രാജ്യവുമായി സഹകരിക്കുന്നത്. ഭാവിയിൽ അമേരിക്കയുമായും ഭൂട്ടാൻ കൂട്ടു കൂടുമെന്നാണ് സൂചന. ഇതിന് പിന്നിലും ഇന്ത്യൻ ഇടപെടലുകൾ സജീവമാണ്. അറബ് മേഖലയ്‌ക്കൊപ്പം മറ്റ് രാജ്യങ്ങളുമായും കുടൂതൽ സൗഹൃദത്തിന് ഇസ്രയേലിന് താൽപ്പര്യമുണ്ടെന്ന് തെളിയിക്കുന്നതാണ് ഭൂട്ടാനുമായുള്ള കരാർ. അറബ് ലീഗിലെ അംഗമായ മൊറോക്കോ ഇസ്രയേലുമായി പൂർണ്ണതോതിലുള്ള നയതന്ത്രബന്ധം ആരംഭിക്കുവാൻ സമ്മതിച്ചു. അമേരിക്കൻ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് ഇരു രാഷ്ട്രങ്ങളും നയതന്ത്രബന്ധം സ്ഥാപിക്കാൻ തീരുമാനിച്ചത്.

ഇസ്രയേലുമായി മൊറോക്കോ നയതന്ത്രബന്ധം സ്ഥാപിക്കുന്ന കാര്യം വിജയമായതിനു തൊട്ടുപിന്നാലെ, അമേരിക്ക മൊറോക്കോയ്ക്ക് ആയുധം വിൽക്കുന്ന കാര്യത്തിൽ അനുവാദം തേടാൻ ഇടയുണ്ട്. ഇതുപോലെ ഇസ്രയേലുമായി ഉടമ്പടി ഉണ്ടാക്കിയതിനു പ്രതിഫലമായി 23 ബില്ല്യൺ ഡോളറിന്റെ ആയുധങ്ങളാണ് യു എ ഇ യ്ക്ക് അമേരിക്ക നൽകിയത്. ഇതോടെ എഫ് 35 ഫൈറ്റർ ജറ്റുകൾ സ്വന്തമാക്കുന്ന ആദ്യ അറേബ്യൻ രാജ്യമായി മാറിയിരിക്കുകയാണ് യു എ ഇ.