ക്രിസ്ത്മസ്സ് തലേന്ന് വൈകിട്ടും പ്രവർത്തിക്കാൻ തയ്യാറാകണമെന്ന് എം പിമാർക്ക് മുന്നറിയിപ്പ് ലഭിച്ചതോടെ ബ്രെക്സിറ്റ് സമയത്ത് വ്യാപാരകരാർ ഉണ്ടായേക്കുമെന്ന ഒരു പ്രതീക്ഷ ഉയർന്നിട്ടുണ്ട്. യൂറോപ്യൻ യൂണിയനുമായുള്ള ചർച്ചകളിൽ എന്തെങ്കിലും സുപ്രധാന തീരുമാനങ്ങൾ ഉണ്ടായാൽ, പാർലമെന്റിന്റെ ക്രിസ്ത്മസ്സ് അവധി കുറച്ചുകൂടി വൈകിപ്പിക്കാൻ ബോറിസ് ജോൺസൺ തയ്യാറെടുക്കുകയാണ് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഇതുപ്രകാരം, ഈ വാരാന്ത്യത്തോടെ എന്തെങ്കിലും തീരുമാനമുണ്ടായാൽ, തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ പാർലമെന്റ് പ്രവർത്തിക്കും.

ക്രിസ്ത്മസ്സ് തലേന്നും അതുപോലെ ബോക്സർ ഡേയും പാർലമെന്റിന് പ്രവർത്തിദിനങ്ങളാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. എന്നാൽ, ക്രിസ്ത്മസ്സ് ദിനത്തിൽ ഒഴിവ് തന്നെയായിരിക്കും എന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. യൂറോപ്യൻ യൂണിയനുമായി ഒരു സ്വതന്ത്ര വ്യാപാര കരാർ ഉണ്ടാകാനുള്ള സാധ്യത ഏറി എന്നാണ് ഈ നടപടികൾ സൂചിപ്പിക്കുന്നത്. യൂറോപ്യൻ യൂണിയനുമായുള്ള കരാർ ഉറപ്പിക്കുന്നതിന് അവസാന തീയതി എന്നൊന്നില്ലെന്നും ഡിസംബർ 31 വരെ ചർച്ചകൾ തുടർന്നേക്കാമെന്നും ഇന്നലെ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിരുന്നു.

ഒരു വ്യാപാരകരാർ ഉണ്ടായാൽ അത് വിശദമായി പരിശോധിച്ച് അംഗീകാരം നൽകാൻ പാർലമെന്റിന് ആറു ദിവസങ്ങൾ വേണ്ടിവരും. എന്നാൽ, സാഹചര്യമനുസരിച്ച് ഈ കാലപരിധി കുറയ്ക്കാനും ആകും. അതേസമയം, മത്സ്യബന്ധന വിഷയത്തിൽ ബ്രിട്ടൻ നീക്കുപോക്കുകൾക്ക് തയ്യാറാവുകയാണെങ്കിൽ യൂറോപ്യൻ യൂണിയനുമായി സ്വതന്ത്ര വ്യാപാരകരാർ ഉണ്ടാകാൻ ഇടയുണ്ടെന്നാണ് യൂറോപ്യൻ യൂണിയൻ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ, മത്സ്യബന്ധന വിഷയം കരാറുമായി ബന്ധപ്പെടുത്തുകയാണെങ്കിൽ ഒരു കരാർ ഉണ്ടാകാനുള്ള സാധ്യത വിദൂരമാണെന്ന് കരുതുന്നവരും ഉണ്ട്.

സ്വതന്ത്ര വ്യാപാര കരാർ ഇല്ലാതെയുള്ള വേർപിരിയൽ ഇരുകൂട്ടർക്കും നല്ലതിനാവില്ല എന്ന ചിന്ത ഇപ്പോൾ ഉയർന്നു വന്നിട്ടുണ്ട്. പല ഭക്ഷ്യവസ്തുക്കൾ ഉൾപ്പടെ നിരവധി ചരക്കുകൾക്ക് ഇരുപുറവും തീരുവ ചുമത്തുന്നതോടെ ബ്രിട്ടനിലുംയൂറോപ്യൻ യൂണിയനിലെ പല രാജ്യങ്ങളിലും വിലക്കയറ്റം ഉണ്ടായേക്കാം. മാത്രമല്ല, ഇപ്പോൾ തന്നെ, കോവിഡ് പ്രതിസന്ധിമൂലം തകർന്നിരിക്കുന്ന വ്യവസായ-വാണിജ്യ രംഗത്തിന് കനത്ത തിരിച്ചടി ഏൽക്കുകയും ചെയ്യും. ഇതെല്ലാം ആലോചിച്ചാണ് കടുംപിടുത്തങ്ങൾ ഒഴിവാക്കി ചർച്ചകൾ തുടർന്നുകൊണ്ടുപോകാൻ ഇരുഭാഗവും തീരുമാനിച്ചത്.

എന്നാൽ, മത്സ്യബന്ധന വിഷയത്തിൽ ബ്രിട്ടൻ കൂടുതൽ നീക്കുപോക്കുകൾക്ക് തയ്യാറാകും എന്ന് കരുതാനാകില്ല. ബ്രെക്സിറ്റുമായി ബന്ധപ്പെട്ട് നടന്ന റെഫറണ്ടത്തിലെ ഒരു പ്രധാന കാര്യമായിരുന്നു മത്സ്യബന്ധനത്തിനുള്ള പരമാധികാരം.. അതിൽ നിന്നും പുറകോട്ട് പോകുന്നത് ബോറിസ് ജോൺസന്റെ രാഷ്ട്രീയ ഭാവിയെ പ്രതികൂലമായി ബാധിക്കും എന്നതിനാൽ ബോറിസ് ജോൺസൺ ഇതിന് തയ്യാറാകാൻ സാധ്യതയില്ല.