തിരുവനന്തപുരം: തിരഞ്ഞെടുപ്പു നടന്ന 1199 തദ്ദേശ സ്ഥാപനങ്ങളിൽ 8 എണ്ണം ഒഴികെയുള്ളവയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞ 21 നു നടക്കും. ഭരണസമിതിയുടെ കാലാവധി 21നു മുൻപ് പൂർത്തിയാകുന്നവയാണ് ഇവ. മലപ്പുറം ജില്ലയിലെ എട്ടിടങ്ങളിൽ കാലാവധി 20നു ശേഷമാണ് പൂർത്തിയാകുക. ഇവിടെ സത്യപ്രതിജ്ഞ 22 മുതൽ ഫെബ്രുവരി 1 വരെ തീയതികളിലാവും. ഇത് സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ചു.

ജില്ല, ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്തുകളിലെ ആദ്യ അംഗത്തെ സത്യപ്രതിജ്ഞ ചെയ്യിക്കുന്നത് അതതു വരണാധികാരികളാണ്. ഒന്നിൽ കൂടുതൽ വരണാധികാരികളുള്ള മുനിസിപ്പാലിറ്റികളിൽ പ്രത്യേകം നിയോഗിക്കപ്പെട്ട വരണാധികാരിയായിരിക്കും ഇതു നിർവഹിക്കുക. കോർപറേഷനുകളിൽ കലക്ടർമാരും. ഏറ്റവും പ്രായം കൂടിയ അംഗത്തെയാണ് ഇങ്ങനെ സത്യപ്രതിജ്ഞ ചെയ്യിക്കേണ്ടത്. മറ്റ് അംഗങ്ങൾക്ക് ഇദ്ദേഹം പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.

ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളിൽ ഏറ്റവും പ്രായം കൂടിയ അംഗം/കൗൺസിലർ വരണാധികാരി മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യണം. പിന്നീട് ഇദ്ദേഹമായിരിക്കും മറ്റ് അംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യിക്കുക. തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങൾക്കും പ്രതിജ്ഞ എടുക്കാൻ രേഖാമൂലം അറിയിപ്പ് നൽകും.

ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പൽ കൗൺസിലുകൾ എന്നിവിടങ്ങളിൽ രാവിലെ 10 മണിക്കും കോർപ്പറേഷനുകളിൽ 11.30 നുമാണ് സത്യപ്രതിജ്ഞ നടപടികൾ ആരംഭിക്കുക. ഗ്രാമപഞ്ചായത്തുകളിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർമാരും ബ്ലോക്ക് പഞ്ചായത്തുകളിൽ അസിസ്റ്റന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷണർമാരും മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനുകളിലും അതാത് തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാരും ജില്ലാ പഞ്ചായത്തുകളിൽ ജില്ലാ കളക്ടർമാരുമാണ് ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുക. ചടങ്ങുകൾ ഏകോപിപ്പിച്ച് നടപ്പാക്കുന്നതിന്റെ പൊതു മേൽനോട്ടം അതാത് ജില്ലാ കളക്ടർമാർക്കായിരിക്കും.

സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞാലുടൻ തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടേയും ആദ്യ യോഗം ചേരണം. ആദ്യം പ്രതിജ്ഞ ചെയ്ത അംഗത്തിന്റെ അധ്യക്ഷതയിലായിരിക്കണം യോഗം ചേരേണ്ടത്. സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സമയബന്ധിതമായി നടക്കുന്നുണ്ടെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷിക്കുകയും കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കുകയും വേണം.