ണ്ടു ലോകമഹായുദ്ധങ്ങളും നടന്ന ഭൂമികയാണ് യൂറോപ്പ്. ലോകം കീഴടക്കാൻ പലഭാഗങ്ങളിലും പടയൊരുക്കി എത്തിയവരും യൂറോപ്യന്മാരായിരുന്നു. യുദ്ധം രക്തത്തിൽ അലിഞ്ഞുചേർന്ന യൂറോപ്പിൽ പക്ഷെ രണ്ടാം ലോകമഹായുദ്ധാനന്തരം താരതമ്യേന ശാന്തതയായിരുന്നു നിലനിന്നിരുന്നത്. ഏഷ്യയും ആഫ്രിക്കയുമൊക്കെ യുദ്ധങ്ങളാലും അഭ്യന്തര കലാപങ്ങളാലുമൊക്കെ രക്തമണിഞ്ഞ നാളുകളിൽ യൂറോപ്പ് പക്ഷെ തികച്ചും ശാന്തമായിരുന്നു. ഈ മണ്ണിൽ അശാന്തിയുടെ വിത്തുകൾ പാകുകയാണ് ബ്രെക്സിറ്റുമായി ഉയർന്നു വന്നിരിക്കുന്ന ബ്രിട്ടീഷ്-ഫ്രഞ്ച് തർക്കങ്ങൾ.

ബ്രിട്ടന്റെ സമുദ്രാതിർത്തിക്കുള്ളിൽ പ്രവേശിക്കുന്നതിൽ നിന്നും ഫ്രഞ്ച് മത്സ്യബന്ധന ബോട്ടുകളെ തടഞ്ഞാൽ, യൂറോപ്യൻ അതിർത്തിക്കുള്ളിൽ പ്രവേശിക്കുന്നതിൽ നിന്നും ബ്രിട്ടന്റെ കപ്പലുകളേയും ലോറികളേയും തടയുമെന്ന് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഫ്രഞ്ച് മത്സ്യത്തൊഴിലാളികൾ. ബ്രെക്സിറ്റിനു ശേഷം ഉണ്ടാകും എന്ന് പ്രതീക്ഷിച്ചിരുന്ന വ്യാപാരകരാറിന്, ലെവൽ പ്ലെയിങ് ഫീൽഡ് നിയന്ത്രണങ്ങൾക്കൊപ്പം ഒരു തടസ്സമായി നിൽക്കുന്നത്, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെ മത്സ്യബന്ധനയാനങ്ങൾക്ക് ബ്രിട്ടന്റെഅതിർത്തിക്കുള്ളിൽ പ്രവേശിക്കാനുള്ള അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ കൂടിയാണ്.

ഒരു പ്രമുഖ മാധ്യമത്തിനോട് സംസാരിക്കവേയാണ് നോ ഡീൽ എക്സിറ്റ് നടക്കുന്ന പക്ഷം ഫ്രഞ്ച് മത്സ്യബന്ധന ബോട്ടുകൾക്ക് ബ്രിട്ടൻ അനുമതി നിഷേധിച്ചാൽ ബ്രിട്ടന്റെ ലോറികളും കപ്പലുകളും തടയുമെന്ന് മത്സ്യബന്ധന തൊഴിലാളികൾ പ്രഖ്യാപിച്ചത്. തങ്ങൾക്ക് ബ്രിട്ടന്റെ അതിർത്തിക്കുള്ളിൽ മീൻ പിടിക്കാൻ അനുവാദമില്ലെങ്കിൽ ബ്രിട്ടന്റെ മത്സ്യം ഫ്രാൻസിൽ വിൽക്കേണ്ട എന്നതാണ് തങ്ങളുടെ നിലപാടെന്നാണ് അവർ പറയുന്നത്. നിലവിൽ, ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ അതിർത്തിക്കുള്ളിൽ നിന്നും പിടിക്കുന്നതിന്റെ എട്ടിരട്ടി മത്സ്യങ്ങളാണ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ ബ്രിട്ടന്റെ അതിർത്തിക്കുള്ളിൽ നിന്നും പിടിക്കുന്നത്.

ഇംഗ്ലീഷ് ചാനലിൽ നിന്നും പിടിക്കുന്ന കോഡ് എന്ന മത്സ്യത്തിന്റെ ഭൂരിഭാഗവു പിടിക്കുന്നത് ഇപ്പോൾ ഫ്രഞ്ച് മത്സ്യത്തൊഴിലാളികളാണ്. 1982-ൽ ഫാക്ലാൻഡ്സ് ദ്വീപുകളെ ചൊല്ലി അർജന്റീനയും ബ്രിട്ടനും തമ്മിൽ നടന്ന യുദ്ധത്തെ അനുസ്മരിപ്പിച്ചുകൊണ്ട്, ബ്രിട്ടന്റെ പ്രവേശനകവാടമായ ഗ്യുൺസിയിലോ ജഴ്സിയിലോ ഒരു ഫാക്ലാൻഡ്സ് യുദ്ധം ബ്രിട്ടൻ ആഗ്രഹിക്കുന്നുണ്ടോ എന്നാണ് ബൗലോങ്ങ് മേയർ ഫ്രെഡറിക് കവില്ലെർ ചോദിച്ചത്. സായുധ ബോട്ടുകളെ കുറിച്ചുള്ള സംസാരം ദേശഭക്തി വളർത്താൻ ഉതകുമെന്നല്ലാതെ ഒരു കരാറിൽ എത്താൻ സഹായിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.

മത്സ്യബന്ധന തൊഴിലാളികളെ തടയുവാൻ സായുധബോട്ടുകൾ ഉപയോഗിക്കുമെന്ന ബ്രിട്ടന്റെ പ്രഖ്യാപനത്തെ പരാമർശിച്ച്, തൊഴിലാളികളെ തടയാനല്ല, മറിച്ച് ഇംഗ്ലീഷ് ചാനലിൽ കുടിയേറ്റക്കാർ മുങ്ങി മരിക്കുന്നുണ്ടോ എന്ന് നോക്കുവാനാണ് ബോട്ടുകൾ അയക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കരാർ ഇല്ലാതെ ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നും വേരിപിരിയുന്ന സാഹചര്യത്തിൽ, നിലവിൽ വരുന്ന പുതിയ നിയന്ത്രണങ്ങൾ യൂറോപ്പിലെ മത്സ്യത്തൊഴിലാളികൾ തമ്മിലുള്ള സംഘർഷത്തിലേക്ക് കാര്യങ്ങൾ നീക്കുമെന്ന് ഒരു ഫ്രഞ്ച് മത്സ്യത്തൊഴിലാളിയായ ലോയിക് മെർളിൻ പറയുന്നു.

കടലിൽ ഉടലെടുക്കുന്ന സംഘർഷം ഒരുപക്ഷെ രാജ്യങ്ങൾ തമ്മിലുള്ള യുദ്ധത്തിലേക്ക് കൂടി നയിച്ചേക്കാം എന്ന് ഭയക്കുന്നവരും ഏറെയാണ്. അതുകൊണ്ടുതന്നെ ഒരു കാരാറിനായി ഇരുകക്ഷികളുടെ ഭാഗത്തും സമ്മർദ്ദം ഉയരുന്നുണ്ട്. വഴി അല്പം ഇടുങ്ങിയതാണെങ്കിലും ഇപ്പോഴും ഒരു കരാറിന് സാധ്യതയുണ്ടെന്നാണ് യൂറോപ്യൻ യൂണിയൻ വക്താക്കൾ പറയുന്നത്.