അഞ്ചൽ : മോഷണക്കേസിലെ യഥാർഥ പ്രതി ആറുവർഷത്തിനുശേഷം പൊലീസ് പിടിയിലായി. 2014ൽ മെഡിക്കൽ സ്റ്റോറിൽ നടന്ന മോഷണ കേസിലെ യഥാർത്ഥ പ്രതി പൊലീസ് പിടിയിലാകുമ്പോൾ വർഷങ്ങളായി തനിക്കേറ്റ അപമാന ഭാരത്തിന്റെ നീറുന്ന ഓർമ്മകളുമായി ജീവിക്കുകയാണ് അഞ്ചൽ അഗസ്ത്യക്കോട് രതീഷ് ഭവനിൽ രതീഷ് (35) എന്ന ചെറുപ്പക്കാരൻ. മെഡിക്കൽ സ്‌റ്റോറിലെ മോഷണത്തിന് പിന്നാലെയാണ് കള്ളനെന്ന് ആരോപിച്ച് രതീഷിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

താൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് കരഞ്ഞ് പറഞ്ഞിട്ടും പൊലീസ് സമ്മതിച്ചില്ല. ചെയ്യാത്ത കുറ്റം രതീഷിനെ കൊണ്ട് ഏറ്റെടുപ്പിക്കാൻ കടുത്ത പ്രയോഗങ്ങൾ ഒക്കെ ചെയ്തു. കുറ്റം സമ്മതിപ്പിക്കാനുള്ള പൊലീസിന്റെ ക്രൂര മർദ്ദനവും ദേഹത്ത് മുളകരച്ച് തേച്ചുള്ള കടുത്ത പ്രയോഗവും രതീഷിന് ഇന്നും ഭീതിപ്പെടുത്തുന്ന ഓർമ്മയാണ്. പൊലീസ് കസ്റ്റഡിയിലും 45 ദിവസം ജയിലിലും കഴിഞ്ഞതിന്റെ ഓർമ്മകൾ ഇന്നും രതീഷിന്റെ കണ്ണ് നനയിക്കും.

കഴിഞ്ഞയാഴ്ച തിരൂർ പൊലീസ് മോഷണത്തിന് തിരുവനന്തപുരം കാരക്കോണം സ്വദേശി ദാസനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ വിരലടയാളം പരിശോധിച്ചപ്പോഴാണ് അഞ്ചൽ ടൗണിലെ മെഡിക്കൽ സ്റ്റോറിൽ നടത്തിയ മോഷണത്തിലെ പങ്ക് വ്യക്തമായത്. തുടർന്ന് ദാസനെ അഞ്ചൽ പൊലീസ് തിരൂരിലെത്തി കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്തപ്പോൾ മോഷണം നടത്തിയ രീതിയും മെഡിക്കൽ സ്റ്റോറിൽ കയറിയ വഴിയും പ്രതി പൊലീസിന് പറഞ്ഞുകൊടുത്തു. ദാസനെ കഴിഞ്ഞദിവസം അഞ്ചലിലെ മെഡിക്കൽ സ്റ്റോറിൽ കൊണ്ടുവന്ന് പൊലീസ് തെളിവെടുത്തു.

ഇതോടെ രതീഷിന്റെ നിരപരാധിത്വവും തെളിഞ്ഞു. എന്നാൽ തനിക്കേറ്റ അപമാനം ഒരിക്കലും ഉണങ്ങില്ലെന്ന തിരിച്ചറിവിലാണ് രതീഷ്. അഞ്ചൽ ടൗണിലെ ശബരി മെഡിക്കൽ സ്റ്റോറിൽ 2014 സെപ്റ്റംബർ 21-നാണ് മോഷണം നടന്നത്. ഈ കേസിലെ പ്രതിയെന്ന് ആരോപിച്ചാണ് ഓട്ടോ ഡ്രൈവറായ രതീഷിനെ അഞ്ചൽ പൊലീസ് പിടികൂടിയത്. മോഷണം നടന്ന് മാസങ്ങൾക്കു ശേഷമായിരുന്നു അറസ്റ്റ്. പൊലീസ് ക്രൂരമായി മർദിച്ചെന്നും ദേഹത്ത് മുളകരച്ച് തേച്ചതായും രതീഷ് പറയുന്നു.

റിമാൻഡിലായി 45 ദിവസം ജയിലിൽ കിടന്നു. പിന്നീട് ബന്ധുക്കൾ കോടതിയെ സമീപിച്ചു. നുണപരിശോധനയിലും തെളിവുകൾ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല. ഇതോടെയാണ് ജയിൽമോചിതനായത്. ഓട്ടോറിക്ഷയുടെ ആർ.സി.ബുക്കും വാഹനത്തിലുണ്ടായിരുന്ന പണവും പൊലീസ് പിടിച്ചെടുത്തതായി രതീഷ് പറഞ്ഞു.

അറസ്റ്റിലായതിന്റെ അപമാനത്തിൽനിന്ന് ഇതുവരെ മോചിതരായിട്ടില്ലെന്ന് രതീഷും കുടുംബവും പറയുന്നു. ഓടിക്കാൻ കഴിയാതെ, രതീഷിന്റെ ഓട്ടോറിക്ഷ വീട്ടിൽക്കിടന്ന് നശിക്കുകയാണ്. അഞ്ചൽ പൊലീസിനെതിരേ പൊലീസ് കംെപ്ലയ്ന്റ് അഥോറിറ്റിക്ക് നൽകിയ പരാതിയിൽ 29-ന് വാദം കേൾക്കാനിരിക്കെയാണ് കേസിലെ യഥാർഥ പ്രതി പിടിയിലായത്.