800 വർഷത്തിനിടെ ഇതാദ്യമായി വ്യാഴവും ശനിയും ഏതാണ്ട് തൊട്ടിയുരുമ്മുന്നത്ര അടുത്തെത്തി. ഇന്നലെയായിരുന്നു ഈ അപൂർവ്വ സംഗമം നടന്നത്. കഴിഞ്ഞ വേനൽക്കാലം മുതൽ തന്നെ സൗരയൂഥത്തിലെ ഏറ്റവും വലിയ രണ്ട് ഗ്രഹങ്ങൾ പരസ്പരം അടുത്തടുത്ത് വരികയായിരുന്നു. ഇന്നലെ, വർദ്ധിച്ച തിളക്കത്തോടെ പരസ്പരം മുട്ടിയുരുമ്മിയതുപോലെകാണപ്പെട്ട ഈ ഗ്രഹങ്ങൾ സയാമീസ് ഇരട്ടകളേപ്പോലെയായിരുന്നു നഗ്‌ന നേത്രങ്ങൾക്ക് ദൃശ്യമായത്.

ശൈത്യകാല സംക്രമവുമായി നടക്കുന്നതാണ് ഈ അദ്ഭുത പ്രതിഭാസം. പക്ഷെ ഇവ രണ്ടും വളരെ അപൂർവ്വമായി മാത്രമേ ഇത്ര അടുത്തെത്താറുള്ളു. ഇതിനു മുൻപ് ഇത്രയും അടുത്തെത്തിയത് 800 വർഷങ്ങൾക്ക് മുൻപായിരുന്നു. ഇവ രണ്ടും ഒന്നിച്ചുനിൽക്കുന്നതുപോലെ തോന്നുന്ന അവസരത്തിൽ, തിളക്കമേറെയുള്ള ഒരു നക്ഷത്രമായാണ് നഗ്‌നനേത്രങ്ങൾക്ക് ഗോചാരമാവുക.

ദൈവപുത്രന്റെ തിരുപ്പിറവി ഉദ്ഘോഷിച്ചുകൊണ്ട് ഇസ്രയേലിന്റെ ആകാശത്ത് ദൃശ്യമായ ബേത്ലഹേമിലെ നക്ഷത്രം ഇത്തരത്തിൽ വ്യാഴവും ശനിയും ഒത്തുവന്നതണെന്ന് 1614-ൽ ജർമ്മൻ ജ്യോതിശാസ്ത്രജ്ഞനായ ജൊഹാനസ് കെപ്ലെർ എഴുതിയിരുന്നു. എന്നാൽ മറ്റുപല ജ്യോതിശാസ്ത്രജ്ഞരുടെയും അഭിപ്രായം കിഴക്കുനിന്നെത്തിയ മൂന്ന് പണ്ഡിതന്മാർ പിന്തുടർന്നത് വ്യാഴം,, ശനി, ശുക്രൻ എന്നീ മൂന്ന് ഗ്രഹങ്ങളുടെ സംഗമത്തെയാണെന്നാണ്. ഇന്നലെ പ്രത്യക്ഷപ്പെട്ട ഈ ബേത്ലഹേം നക്ഷത്രം ക്രിസ്ത്മസ്സ് ദിനം വരെ ദൃശ്യമാകും.

ഇത്തവണ ശുക്രൻ സംഗമത്തിനെത്തുകയില്ലെങ്കിലും ആകാശങ്ങളിൽ മറ്റു രണ്ട് ഗ്രഹങ്ങളും കൂടി ഒരുക്കുന്നത് അക്ഷരാർത്ഥത്തിൽ ഒരു നയനവിരുന്നു കൂടിയാണ്. ഇതിന്റെ മറ്റൊരു പ്രത്യേകത, ഭൂമദ്ധ്യരേഖാ പ്രദേശത്ത് ഇത് കൂടുതൽ വ്യക്തമായി കാണാനാകുമെങ്കിലും, ഭൂമിയുടെ എല്ലാ ഭാഗങ്ങളിൽ നിന്നും ഇത് കാണാൻ സാധിക്കും എന്നതാണ്. ഈ വർഷം അവസാനത്തെ ഉൽക്കാ വർഷവും (ഉർസിഡ് ഉൽക്കാ പതനം) ഇന്നേദിവസം നടക്കും എന്നൊരു പ്രത്യേകത കൂടിയുണ്ട്.

അഞ്ച് നക്ഷത്രങ്ങളിൽ നിന്നായി അടർന്നു മാറുന്ന ഉൽക്കകൾ സെക്കന്റിൽ 36 മൈൽ വേഗത്തിൽ സഞ്ചരിച്ച് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുന്നതോടെ, ആകാശത്ത് വർണ്ണക്കാഴ്‌ച്ചകൾ വിതറി എരിഞ്ഞടങ്ങും. ഈ കാഴ്‌ച്ചയും നഗ്‌ന നേത്രങ്ങൾക്ക് ദൃശ്യമാകും. സൂര്യാസ്തമനത്തിനു ശേഷം ആകാശത്തിന്റെ പടിഞ്ഞാറൻ ചക്രവാളങ്ങൾ ഇരുട്ടിതുടങ്ങുമ്പോൾ ചന്ദ്രന് ശേഷം ആദ്യം പ്രത്യക്ഷപ്പെടുക വ്യാഴമായിരിക്കും.

20 വർഷത്തിൽ ഒരിക്കൽ ഈ രണ്ടു ഗ്രഹങ്ങളും അടുത്തടുത്ത് വരാറുണ്ടെങ്കിലും ഇത്രയും അടുത്തു വരുന്നത് 800 വർഷങ്ങളിൽ ഒരിക്കൽ മാത്രമാണ്.