- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയായി 100 ബില്ല്യൺ ഡോളർ വ്യാപാര കരാറിന് ശ്രമിച്ച ബോറിസിനെ കുരുക്കി കോവിഡിന്റെ ജനിതക മാറ്റം; ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം റദ്ദ് ചെയ്തേക്കും; ഒഴിവു നികത്താൻ പുതിയ അതിഥിയെ തേടി മോദിയും
ന്യൂഡൽഹി: അടുത്ത മാസം ഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ മുഖ്യാതിഥിയായി എത്തിയേക്കില്ലെന്ന് റിപ്പോർട്ട്. ബ്രിട്ടനിൽ പുതുതായി ഉടലെടുത്ത കോവിഡ് പ്രതിസന്ധിയാണ് ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശനം അനിശ്ചിതത്വത്തിലാക്കിയത്. ബ്രിട്ടനിൽ അതിവേഗം പടരുന്ന കോവിഡ് വൈറസിന്റെ ജനിതക മാറ്റം വന്ന പുതിയ വകഭേദം സംബന്ധിച്ച ആശങ്കകൾ കാരണം ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശനം നടന്നേക്കില്ലെന്ന് കൗൺസിൽ ഓഫ് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ അധ്യക്ഷൻ ഡോ. ചന്ദ് നാഗ്പോൾ എൻഡിടിവിയോട് പറഞ്ഞു.
'അടുത്ത അഞ്ച് ആഴ്ചയെക്കുറിച്ച് നമുക്ക് ഇന്ന് തീരുമാനമെടുക്കാൻ കഴിയില്ലെന്ന് വ്യക്തമാണ്. വൈറസിന്റെ മാറ്റങ്ങൾ ദൈനംദിന അടിസ്ഥാനത്തിൽ സംഭവിക്കുന്നു. ഈ തോതിലുള്ള അണുബാധയും വ്യാപനവും തുടരുകയാണെങ്കിൽ ഇന്ത്യയിലേക്കുള്ള യാത്ര സാധ്യമല്ലായിരിക്കാം.' അദ്ദേഹം പറഞ്ഞു. ജോൺസന്റെ സന്ദർശനത്തെക്കുറിച്ച് ബ്രിട്ടീഷ് സർക്കാർ നേരത്തേ തീരുമാനമെടുത്തിട്ടുണ്ടെങ്കിലും വൈറസ് ബാധ തുടരുകയാണെങ്കിൽ യാത്ര അസാധ്യമാവുമെന്ന് അദ്ദേഹം വ്യക്തമാക്കി.
അതിവേഗ കോവിഡ് വ്യാപനത്തെ തുടർന്ന് ബ്രിട്ടനിലേക്കുള്ള വിമാന സർവീസുകൾ പല രാജ്യങ്ങളും താത്ക്കാലികമായി റദ്ദാക്കിയിരിക്കുകയാണ്. അതേസമയം, ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശനം തടയണമെന്ന് കേന്ദ്രസർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരേ സമരം ചെയ്യുന്ന കർഷകർ ബ്രിട്ടീഷ് സർക്കാരിനോട് ആവശ്യപ്പെട്ടു. ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശനം മാറ്റിവെക്കാൻ സമ്മർദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടീഷ് എംപിമാർക്ക് കർഷക സംഘടനകൾ കത്തയയ്ക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
കർഷകരുടെ ആവശ്യങ്ങൾ കേന്ദ്ര സർക്കാർ അംഗീകരിക്കുംവരെ സന്ദർശനം മാറ്റിവെക്കാൻ എംപിമാർ ബ്രിട്ടീഷ് പ്രധാനമന്ത്രിക്കുമേൽ സമ്മർദ്ദം ചെലുത്തണമെന്നാണ് കർഷക സംഘടനകളുടെ ആവശ്യം. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനെ കേന്ദ്ര സർക്കാർ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളിൽ മുഖ്യാതിഥിയായി ക്ഷണിച്ചിരുന്നു. കേന്ദ്ര സർക്കാരിന്റെ ക്ഷണം ബ്രിട്ടീഷ് സർക്കാർ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സന്ദർശനം മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ കത്തയയ്ക്കുന്നത്.
റിപ്പബ്ലിക് ദിന പരേഡിൽ മുഖ്യാതിഥിയായി ഇന്ത്യയിൽ എത്തുക വഴി 100 ബില്ല്യൺ ഡോളറിന്റെ വ്യാപാര കരാറും ബ്രിട്ടൺ ലക്ഷ്യമിട്ടിരുന്നു. ബ്രെക്സിറ്റിലൂടെ നഷ്ടമായ യൂറോപ്യൻ വിപണിക്കു പകരം സാദ്ധ്യതകൾ തേടി പരക്കം പായുന്ന ബ്രിട്ടന് മുന്നിലേക്കാണ് ഇന്ത്യയിൽ നിന്നും ക്ഷണം എത്തിയത്. അതിനാൽ തന്നെ വൻവിപണി രാജ്യമായ ഇന്ത്യയുടെ സൗഹൃദം ഒഴിവാക്കാതെ നയപരമായി ഇന്ത്യയിൽ എത്താൻ ബോറിസ് ജോൺസൻ പദ്ധതി ഇട്ടത്. .എന്നാൽ കോവിഡിൽ കുരുങ്ങി ഈ പ്രതീക്ഷകൾ എല്ലാം അസ്തമിക്കുമെന്ന സൂചന തന്നെയാണ്. വ്യാപാരം, പ്രതിരോധം, വിദ്യാഭ്യാസം, പരിസ്ഥിതി, ആരോഗ്യം തുടങ്ങിയ മേഖലകളിൽ സഹകരണം വ്യാപിപ്പിക്കുന്നതിന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയുമായി ചർച്ച നടത്തിയിരുന്നു.
ഡിസംബർ 14-17 മുതൽ ഇന്ത്യ സന്ദർശിച്ച ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി റാബിന്റെ ഇന്ത്യ സന്ദർശനം പല മേഖലകളിലും ഉള്ള സഹകരണത്തിന് വാക്കായിരുന്നു. കൊവിഡിനും ബ്രെക്സിറ്റിനും ശേഷമുള്ള വ്യാപാരം, പ്രതിരോധം, കാലാവസ്ഥ, കുടിയേറ്റം, മൊബിലിറ്റി, വിദ്യാഭ്യാസം, ആരോഗ്യ മേഖലകൾ എന്നിവയിലുടനീളമുള്ള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് റാബിന്റെ സന്ദർശനം വഴിയൊരുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടയിൽ ആദ്യമായി ഇന്ത്യൻ റിപ്പബ്ലിക് വേദിയിൽ എത്താൻ ഒരുങ്ങുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രിയാണ് ബോറിസ് ജോൺസൺ. ഇതിനിടയിലാണ് കോവിഡിന്റെ ജനിതക മാറ്റം പൊല്ലാപ്പായത്. ഇതിനു മുൻപ് 1993 ൽ ജോണ് മേജറാണ് ഇന്ത്യൻ റിപ്പബ്ലിക് ആഘോഷത്തിൽ പങ്കെടുത്ത അവസാന ബ്രിട്ടീഷ് പ്രധാനമന്ത്രി. ഇക്കഴിഞ്ഞ നവംബർ 27 നു ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബോറീസും തമ്മിൽ നടത്തിയ ടെലിഫോൺ സംഭാഷണത്തിനിടയിലാണ് ക്ഷണം ഉണ്ടായതെന്ന് ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു .
അടുത്തവർഷം ബ്രിട്ടനിൽ നടക്കുന്ന ജി സെവൻ രാഷ്ട്രങ്ങളുടെ ഉച്ചകോടിയിൽ മോദി പങ്കെടുക്കും എന്നുറപ്പിക്കാൻ കൂടിയാണ് ഇരു നേതാക്കളും കഴിഞ്ഞ ആഴ്ച ടെലിഫോൺ സംഭാഷണം നടത്തിയത് . അടുത്തവർഷം ഇരു രാജ്യങ്ങളെയും സംബന്ധിച്ച് ഏറെ നിർണായകം ആയിരിക്കണം എന്ന സൂചന നൽകി ബോറിസ് സംസാരിക്കാൻ തയ്യാറായതും അദ്ദേഹത്തിന്റെ ഇന്ത്യയിലേക്കുള്ള വരവിന്റെ പ്രാധാന്യം എടുത്തു കാണിച്ചിരുന്നു.
ഇരു നേതാക്കളും പോസ്റ്റ് കോവിഡ് , പോസ്റ്റ് ബ്രെക്സിറ്റ് എന്ന അജണ്ടയിലാണ് ടെലിഫോൺ സംഭാഷണം നടത്തിയത് എന്ന് സൂചനയുണ്ട് . ഇതോടൊപ്പം വ്യാപാര വാണിജ്യ കാര്യങ്ങൾ , വിദ്യാർത്ഥി വിസ , ശാസ്ത്ര ഗവേഷണ സഹകരണം , പ്രതിരോധവും സുരക്ഷയും അടക്കം ഒട്ടേറെ കാര്യങ്ങളും ചർച്ചയായി . ഇക്കാര്യം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ട്വിറ്റര് വഴി വെളിപ്പെടുത്തിയിട്ടുമുണ്ട് . മോദിയുടെ ട്വീറ്റിന് കയ്യോടെ ബോറിസ് മറുപടി നൽകിയതോടെയാണ് വാർത്ത മാധ്യമങ്ങൾ ഏറ്റെടുത്തതു.
ഇന്ത്യയെ ജി 7 ൽ എത്തിക്കണമെന്നത് സ്ഥാനമൊഴിയുന്ന അമേരിക്കൻ പ്രെസിഡന്റ്റ് ട്രംപിന്റെ പ്രത്യേക താല്പര്യവും ആയിരുന്നു . ഇതിനോട് മറ്റു അംഗ രാജ്യങ്ങൾ അതേ ആവേശത്തിൽ പ്രതികരിച്ചിരുന്നില്ല എന്നതും ശ്രെധേയമാണ്. കോവിഡ് പടർന്ന ശേഷം ഇന്ത്യൻ പ്രധാനമന്ത്രി മോദി പ്രധാനമായും അഞ്ചു രാജ്യങ്ങളുടെ തലവന്മാരുമായാണ് വിർച്വൽ കൂടിക്കാഴ്ച നടത്തിയത്. ഓസ്‌ട്രേലിയൻ, ശ്രീലങ്കൻ , ഡെന്മാർക്ക് പ്രധാനമന്ത്രിമാർ, യൂറോപ്യൻ രാജ്യ നേതൃവതം എന്നിവരുമായാണ് ബോറിസിനെ കൂടാതെ ഈ ചർച്ചകൾ നടന്നത് . ,
കഴിഞ്ഞ മാസം ആദ്യം ആക്ടിങ് ബ്രിട്ടീഷ് ഹൈ കമ്മീഷണർ ജെയ്ൻ തോംസൺ ബോറിസ് ജോൺസൺ വൈകാതെ ഇന്ത്യയിൽ എത്തുമെന്ന് സൂചന നൽകിയിരുന്നു. കോവിഡ് വ്യാപന ശേഷം ലോക രാജ്യങ്ങൾ തമ്മിൽ ഉന്നത തല സന്ദർശനത്തിന് അപ്രഖ്യാപിത വിലക്കേർപ്പെടുത്തിയിരിക്കുകയാണ് . ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ അമേരിക്കൻ പ്രസിഡന്റ് ആണ് അവസാനമായി ഇന്ത്യയിൽ എത്തിയ വിശിഷ്ട അതിഥി.