ചൈനയുടെ വസന്ത-ശരത് കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരു യുദ്ധതന്ത്രജ്ഞനും എശുത്തുകാരനും തത്വചിന്തകനുമായ സൺ ത്സു (സൺ സീ എന്നും ചിലർ പറയാറുണ്ട്) ഓതിക്കൊടുത്ത യുദ്ധമെന്ന കലയുടെ തന്ത്രങ്ങളായിരുന്നു ചൈനയെ എന്നും മുന്നോട്ട് നയിച്ചിരുന്നത്.

ഏഷ്യയിൽ കോളനി സൃഷ്ടിക്കാനെത്തിയ യൂറോപ്യൻ ശക്തികൾക്ക് ഇന്ത്യയുൾപ്പടെയുള്ള പല രാജ്യങ്ങളേയും കീഴടക്കാൻ കഴിഞ്ഞെങ്കിലും, ചൈനയെ തൊടാൻ കഴിയാതിരുന്നതിനും ഒരു കാരണം ഈ യുദ്ധതന്ത്രജ്ഞതയായിരുന്നു. ക്രിസ്തുവിനു മുൻപ് നാലാം നൂറ്റണ്ടിൽ ജീവിച്ചിരുന്നതെന്ന് വിശ്വസിക്കപ്പെടുന്ന ഈ തത്വചിന്തകന്റെ യുദ്ധ ചിന്തകാളായിരുന്നു മാവോയുടേ സമരത്തിന്റെയും കാതൽ. ഇന്നിപ്പോൾ ഷീ പിൻജിങ് പിന്തുടരുന്നതും ഇതേ തത്വശാസ്ത്രങ്ങൾ തന്നെ.

സൺ ത്സുവിന്റെ ജീവിത ചരിത്രവും യുദ്ധചിന്തകളും

ബി സി 512-ൽ ചൈന ഭരിച്ചിരുന്ന ഹെലു ചക്രവർത്തിയുടെ സൈന്യാധിപനായിരുന്ന സൺ ത്സുവിന്റെ നേതൃത്വത്തിൽ അന്ന് ചൈന നിരവധി യുദ്ധങ്ങളാണ് ജയിച്ചിട്ടുള്ളത്. കൃസ്തുവിനു മുൻപ് അഞ്ചാം നൂറ്റാണ്ടിൽ എഴുതപ്പെട്ടതെന്നു വിശ്വസിക്കുന്ന സ്പ്രിങ് ആൻഡ് ഓട്ടം ആന്നൽസ് എന്ന കൃതിയിലും ബി. സി 94 ൽ എഴുതപ്പെട്ട ചരിത്ര രേഖകൾ എന്ന കൃതിയിലുമാണ് സൺ ത്സുവിനെ കുറിച്ചുള്ള പരാമർശമുള്ളത്.

നൂറു യുദ്ധങ്ങൾ ജയിക്കുന്നവനല്ല, മറിച്ച് നൂറ് യുദ്ധങ്ങൾ ഒഴിവാക്കുന്നവനാണ് യഥാർത്ഥ യോദ്ധാവ് എന്നാണ് സൺ ത്സുവിന്റെ പ്രമാണം. യുദ്ധം കഴിവതും ഒഴിവാക്കണമെന്നും, മറ്റൊരു നിവർത്തിയില്ലാതെ വന്നാൽ മാത്രമേ ആക്രമിക്കാവൂ എന്നു അദ്ദേഹം പറയുന്നു. ഇനിയുമുണ്ട് സൺ ത്സുവിന്റെ യുദ്ധതന്ത്രങ്ങൾ. ശത്രുവിനോട് ഒരിക്കലും നേരിട്ട് യുദ്ധം ചെയ്യരുത്. അവരെ പരോക്ഷമായി ക്ഷീണിപ്പിക്കണം. ശത്രു രാജ്യത്തെ തകർത്തുകൊണ്ടായിരിക്കരുത് മറിച്ച് കേടുപാടുകളില്ലാതെ വേണം അത് പിടിച്ചെടുക്കുവാൻ എന്നാണ് അദ്ദേഹത്തിന്റെ മതം.

ചൈനയുടെ ആദ്യ ചക്രവർത്തിയായ കിൻ ഷീ ഹുവാങ്ങ് മുതൽ മാവോ സേതൂങ്ങ് വരെ പിന്തുടർന്നിരുന്നത് സൺ ത്സുവിന്റെ യുദ്ധതന്ത്രങ്ങൾ എന്ന ഗ്രന്ഥമായിരുന്നു. പുരാതന ചൈനയിൽ സൈനികരെ തിരഞ്ഞെടുക്കാനുള്ള പരീക്ഷയിൽ ഒരു പ്രധാനപ്പെട്ട ഭാഗമായിരുന്നു ഈ പുസ്തകത്തിൽ നിന്നുള്ള ചോദ്യങ്ങൾ. ഗൊറില്ലാ യുദ്ധത്തെ കുറിച്ചുള്ള മാവോ കൃതികളിലും ഇതിന്റെ സ്വാധീനമുണ്ട്. പിന്നീട് പല ലോക ഭാഷകളിലേക്കും തർജ്ജമ ചെയ്യപ്പെട്ട ഈ പുസ്തകം ഗൾഫ് യുദ്ധകാലത്ത് അമേരിക്കൻ സൈന്യാധിപനായ കോളിൻ പവൽ പഠിച്ചിരുന്നുവത്രെ.

സൺ ത്സുവിന്റെ തന്ത്രങ്ങൾ പയറ്റി ലോകം കീഴടക്കാൻ മുന്നേറുകയാണ് ചൈന. അതിൽ പ്രധാനപ്പെട്ട ഒന്നാണ് വായ്പ നല്കൽ.

രാജ്യങ്ങൾക്ക് നൽകുന്ന വായ്പകൾ

സൺ ത്സുവിന്റെ യുദ്ധതന്ത്രങ്ങളിൽ നേരിട്ടുള്ള യുദ്ധം എന്നത് അവസാന പോംവഴി മാത്രമാണ്. അതിനു മുൻപുള്ള തന്ത്രങ്ങൾക്കാണ് പ്രാധാന്യം. നയതന്ത്ര ബന്ധങ്ങൾ വഴിയും, സാമ്പത്തിക സഹായങ്ങൾ നൽകിയും മറ്റും ഒരു രാജ്യത്തെ കാൽക്കീഴിൽ കൊണ്ടുവരുന്ന നിഴൽ യുദ്ധമുറകളാണ് ആധുനിക ചൈന പയറ്റിക്കൊണ്ടിരിക്കുന്നത്. ഉന്നതസ്ഥാനങ്ങളിൽ ഇരിക്കുന്നവർക്ക് നൽകുന്ന കൈക്കൂലി മുതൽ നിക്ഷേപങ്ങളും ജോയിന്റ് വെഞ്ചറുകളുമൊക്കെ ഇതിനായി ചൈന ഉപയോഗിക്കുന്നുണ്ട്.

ആധുനിക ആണവായുധങ്ങൾ മുതൽ ബഹിരാകാശ യുദ്ധത്തിനുള്ള കോപ്പുകൾ വരെ കൈയിലുണ്ടെങ്കിലും ചൈന അതൊന്നും ഉപയോഗിക്കുവാൻ ഇഷ്ടപ്പെടുന്നില്ല എന്നതാണ് പരമാർത്ഥം. ഒരുപക്ഷെ 1979 ലെ വിയറ്റ്നാം അധിനിവേശത്തിനു ശേഷം ചൈന നേരിട്ടുള്ള ഒരു യുദ്ധത്തിനിറങ്ങിയിട്ടില്ല. ഈയടുത്ത് ഇന്ത്യൻ അതിർത്തിയിൽ പോലും ഒളിയുദ്ധം നടത്തുകയും ഇന്ത്യൻ സൈന്യം തിരിച്ചടിച്ചപ്പോൾ ഒഴിഞ്ഞുമാറുകയുമാണ് ചെയ്തത്. എന്നാൽ, ഭാവിയിൽ ഒരു യുദ്ധമുണ്ടായാൽ അതിൽ ലോകം കീഴടക്കാനുള്ള ഒരുക്കങ്ങൾ ചൈന നടത്തുന്നുമുണ്ട്.

കേവലം അതിർത്തി യുദ്ധങ്ങളിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാതിരിക്കാൻ മാത്രം ചൈന വളർന്നു കഴിഞ്ഞു. ചൈനയുടെ ലക്ഷ്യം ലോകം കീഴടക്കുക എന്നതുമാത്രമാണിപ്പോൾ. അതിനു വേണ്ടത് ലോകത്തിന്റെ ഓരോ മുക്കിലും മൂലയിലും ശക്തമായ സ്വാധീനവും സാന്നിദ്ധ്യവും ആണ്. സൺ ത്സുവിന്റെ തത്വങ്ങൾ പിന്തുടർന്ന് ഇന്ന് ചൈന ചെയ്യുന്നതും അതുതന്നെയാണ്.

ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ വായ്പ ദാതാവായി മാറിയിരിക്കുന്നു ചൈന. ആഗോള ജി ഡി പിയുടെ തന്നെ 5 ശതമാനത്തിലേറെയാണ് ഇന്ന് വിവിധ രാജ്യങ്ങൾ ചൈനയ്ക്ക് നൽകുവാനുള്ള തുക. 150 ൽ അധികം രാജ്യങ്ങൾക്കായി, ചൈനീസ് സർക്കാരും വിവിധ ചൈനീസ് കമ്പനികളു നേരിട്ടുള്ള വായ്പയായും വാണിജ്യ ക്രെഡിറ്റുകളായുംഇതുവരെ നൽകിയിരിക്കുന്നത് 1.5 ട്രില്ല്യൺ അമേരിക്കൻ ഡോളറിൽ അധികമാണ്. ലോക ബാങ്കോ, അന്താരാഷ്ട്ര നാണയ നിധിയോ പോലും ഇത്രയധികംവായ്പ നൽകിയിട്ടില്ല എന്ന് പറയുമ്പോഴാണ് ചൈന ഇക്കാര്യത്തിൽ കാണിക്കുന്ന അധിക താത്പര്യത്തിന്റെ യാഥാർത്ഥ്യം മനസ്സിലാകുക.

ഈ വായ്പയിൽ അധികവും ചൈന നൽകുന്നത് സെക്യുവേർഡ് ലോണുകളായിട്ടാണ്. അതായത്, വായ്പ വാങ്ങിയ രാജ്യങ്ങൾക്ക് കയറ്റുമതി തുടങ്ങിയ ഇടപാടുകളിലൂടെ ലഭിക്കുന്ന വരുമാനത്തിൽ നിന്നാണ് ഈ വായ്പ തിരിച്ചടക്കേണ്ടത്. ജിബൂട്ടി, ടോംഗ, മാലിദ്വീപ്, കോംഗോ, കിർഗിസ്ഥാൻ, കമ്പോഡിയ, നൈഗർ, ലാവോസ്, സാമ്പിയ, സമോവ, വനവറ്റു, മംഗോളിയ തുടങ്ങിയ രാജ്യങ്ങൾ അവയുടെ വരുമാനത്തിന്റെ 20 ശതമാനം വരെ ചൈനയുടെ കടം തിരിച്ചടക്കാനാണ് ഉപയോഗിക്കുന്നത്. ഏഷ്യാ പസഫിക് മേഖലയിൽ തന്ത്രപ്രധാനമായ സ്ഥാനങ്ങളിൽ ഉള്ള രാജ്യങ്ങൾക്ക് മേൽ രാഷ്ട്രീയ അധീശത്വം സ്ഥാപിക്കുന്നതിനായിരുന്നു വായ്പ എന്ന കെണിയുമായി ചൈന ഇറങ്ങിയത്.

പദ്ധതിയിലെ നിക്ഷേപങ്ങൾ

ഇത്തരം വായ്പാ പദ്ധതികളിലൂടെ ചില രാജ്യങ്ങളെ കെണിയിലാക്കിയെങ്കിലും ഇതിലൂടെ വലിയൊരു വിഭാഗത്തെ പിടികൂടാൻ കഴിയില്ലെന്ന് ചൈനയ്ക്ക് മനസ്സിലായപ്പോഴാണ് അവർ ചുവടുമാറ്റം നടത്തിയത്. മറ്റു രാജ്യങ്ങളിൽ വലിയ വലിയ പദ്ധതികൾക്ക് രൂപം കൊടുത്ത് അവയിൽ വൻതുക നിക്ഷേപിക്കുക എന്നതായി പിന്നീടുള്ള തന്ത്രം. അതിന്റെ ഏറ്റവും വലിയ ഉപഭോക്താക്കളിൽ ഒരാളാണ് പാക്കിസ്ഥാൻ. പാക്കിസ്ഥാന്റെ ഗതാഗത വൈദ്യൂതി നെറ്റ്‌വർക്കുകളുടെ വികസനത്തിനായി ഏകദേശം 46 ബില്ല്യൺ ഡോളറിന്റെ നിക്ഷേപമാണ് ചൈന നടത്തിയിട്ടുള്ളത്. അതുപോലെ കറാച്ചിയിലെ ആണവ പദ്ധതി പ്രധാനമായും ചൈനയുടെ സാമ്പത്തിക സഹായത്തോടെ നടത്തുന്നതുമാണ്.

അതുപോലെ എത്യോപ്യയിലെ ഗതാഗത സംവിധാനത്തിലും ചൈന കാര്യമായ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. അതുപോലെ 2000 മുതൽ 2017 വരെ ശ്രീലങ്ക ചൈനയിൽ നിന്നും വാങ്ങിയത് 12 ബില്ല്യൺ ഡോളറിന്റെ കടമായിരുന്നു. മാത്രമല്ല 2011 ൽ പൂർത്തിയാക്കിയ ഹമ്പൻടോട്ട തുറമുഖത്തിനായി പ്രധാന നിക്ഷേപം നടത്തിയതും ചൈനയായിരുന്നു. പ്രധാനമായും ചൈനീസ് പൗരന്മാരെ തന്നെ ജോലിക്ക് വച്ച് ഒരു ചൈനീസ് കമ്പനി തന്നെയായിരുന്നു ഇതിന്റെ പണി പൂർത്തിയാക്കിയതും. അവസാനം, ബാദ്ധ്യതകൾ തീർക്കുവാൻ ഈ തുറമുഖവും അനുബന്ധ സൗകര്യങ്ങളും ചൈനയ്ക്ക് 99 വർഷത്തെ പാട്ടത്തിനു നൽകേണ്ടതായി വന്നു.

ചൈനയുടെ യഥാർത്ഥ ലക്ഷ്യം എന്താണെന്നറിയുവാൻ ഈ ഒരു കാര്യം മാത്രം മതിയാകും. യുദ്ധമൊന്നും കൂടാതെ തന്നെ ശ്രീലങ്കയുടെ തന്ത്രപ്രധാനമായ ഒരു തുറമുഖം ചൈനയുടെ കൈവശമെത്തി. ഇന്ത്യയുമായി ഏറെ സമീപത്ത് കിടക്കുന്ന ഒരു തുറമുഖമാണ് ഇതെന്നതാണ് ഇതിന്റെ പ്രത്യേകത. സൺ ത്സു പറഞ്ഞതുപോലെ യുദ്ധം ചെയ്ത് രാജ്യത്തെ നശിപ്പിക്കാതെ തന്ത്രപ്രധാനമായ ഒരു ഭാഗം പിടിച്ചെടുത്തു. പാക്കിസ്ഥാനും ഇത്തരത്തിൽ തന്ത്രപ്രധാനമായ ഭാഗങ്ങൾ ചൈനയ്ക്ക് കൈമാറേണ്ടതായി വന്നിട്ടുണ്ട്.

എന്നാൽ, ലോകം കീഴടക്കുവാൻ ചൈന ആയുധമാക്കിയ ഏറ്റവും വലിയ പദ്ധതി ബെൽറ്റ് ആൻഡ് റോഡ് ഇനീഷിയേറ്റീവ് അഥവാ ബി ആർ ഐ എന്ന പദ്ധതിയാണ്. ഏഷ്യയിലേയും യൂറോപ്പിലേയും ആഫ്രിക്കയിലേയും ഏകദേശം70 രാജ്യങ്ങളെ ഉൾപ്പെടുത്തി ആഗോളാടിസ്ഥാനത്തിലുള്ള ഗതാഗത സൗകര്യ വികസനമാണ് ചൈന ഇതിലൂടെ ഉദ്ദേശിക്കുന്നത് എന്നാണ് 2013 ൽ ഈ പദ്ധതി ആരംഭിക്കുമ്പോൾ ചൈന അവകാശപ്പെട്ടത്.

പ്രാദേശികാടിസ്ഥാനത്തിലുള്ള സഹകരണം വർദ്ധിപ്പിക്കുകയും അതുവഴി നല്ലൊരു ഭാവി രൂപപ്പെടുത്തുകയും ചെയ്യുക എന്നാണ് ഇതിന്റെ ഉദ്ദേശ്യ ലക്ഷ്യമായി ചൈന പറയുന്നതെങ്കിലും, ഇത് ആഗോളവിപണിയിൽ ആധിപത്യം സ്ഥാപിക്കുന്നതിനുള്ള ചൈനീസ് തന്ത്രമായാണ് പലരും കാണുന്നത്. പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയുടെ നൂറാം വാർഷികമായ 2049 ൽ ഇതിന്റെ പണി പൂർത്തിയാക്കുവാനാണ് ചൈനീസ് സർക്കാർ ഉദ്ദേശിക്കുന്നത്. നിലവിൽ 138 രാജ്യങ്ങളൂമായും 30 അന്താരാഷ്ട്ര ഓർഗനൈസേഷനുകളുമായും ചൈന ഇതുമായി ബന്ധപ്പെട്ട കരാറുകൾ ഒപ്പിട്ടിട്ടുണ്ട്.

വളരെയധികം രാജ്യങ്ങൾ പദ്ധതിക്ക് കീഴിൽ വരുന്നുണ്ടെങ്കിലും ഇതിൽ ഉൾപ്പെടുന്ന പ്രധാന രാജ്യങ്ങൾ പോളണ്ട്, ഗ്രീസ്, പോർച്ചുഗൽ, ഇറ്റലി, ആസ്ട്രിയ, ലക്സംബർഗ്, സ്വിറ്റ്സർലാൻഡ്, അർമീനിയ, അസർബൈജാൻ, റഷ്യ എന്നിവയാണ്. ബാൾട്ടിക് രാജ്യങ്ങളെ കെണിയിൽ വീഴ്‌ത്താൻ പരമാവധി ശ്രമിച്ചെങ്കിലും അത് വിജയിച്ചില്ല. എന്നിരുന്നാലും ചൈന ശ്രമം ഉപേക്ഷിച്ചിട്ടില്ല. 2019 ൽ റെയിൽ ബാൾട്ടിക്കയിൽ ചൈന നിക്ഷേപത്തിന് താത്പര്യം പ്രകടിപ്പിച്ചതായി വാർത്തകൾ വന്നിരുന്നു.

ഇതിൽ ഗൗരവകരമായി കാണേണ്ട മറ്റൊരു കാര്യം, ഈ പദ്ധതികൾ എല്ലാം ഏറ്റെടുത്ത് നടത്തുന്നത് ചൈനീസ് സർക്കാരോ അല്ലെങ്കിൽ ചൈനീസ് കമ്പനികളോ ആയിരിക്കും എന്നതാണ്. ഇതിൽ എന്താണ് ഇത്ര വലിയ പ്രശ്നം എന്ന് ആലോചിക്കുന്നുണ്ടാകും. ഇവിടെയാണ് പഴയ സോവിയറ്റ് യൂണിയന്റെ തന്ത്രം മനസ്സിലാക്കേണ്ടത്. ഓരോ റിപ്പബ്ലിക്കുകളിലും മറ്റു റിപ്പബ്ലിക്കുകളിൽ നിന്നുള്ള തൊഴിലാളികളെ കൊണ്ടു നിറയ്ക്കുമായിരുന്നു അന്ന്. ഇതിന്റെ പ്രധാന ഉദ്ദേശം ചാരവൃത്തിയായിരുന്നു.

ഒരു പ്രദേശത്ത് ധാരാളമായി ചൈനീസ് പൗരന്മാരെ കൊണ്ടു നിറച്ചാൽ ചൈനീസ് രഹസ്യാന്വേഷണ വിഭാഗത്തിന് അവിടെ പ്രവർത്തിക്കുവാൻ എളുപ്പമായിരിക്കും. ഇവിടെയും സൺ ത്സുവിന്റെ തന്ത്രമാണ് ചൈന ഉപയോഗിക്കുന്നത്. യുദ്ധത്തിൽ ഏറ്റവും സുപ്രധാന ഘടകം ചാരവൃത്തിയാണെന്ന ഉപദേശമാണ് ആധുനിക ചൈന ഇവിടെ അനുസരിക്കുന്നത്. ചാരന്മാർ ഒരിക്കലും അദൃശ്യരാകരുത് മറിച്ച് ചാരവൃത്തി മാത്രമേ അദൃശ്യമാകാവു എന്നാണ് സൺ ത്സു പറഞ്ഞിരിക്കുന്നത്. അതനുസരിച്ച് ഈ കമ്പനികളിൽ വിവിധ തലങ്ങളിൽ ജോലി ചെയ്യുന്ന പലരും രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥരായിരിക്കും.

സമ്മാനങ്ങളും തേൻകെണികളും

ഈ കെണിയിലും വീഴാത്ത രാജ്യങ്ങളെ വീഴ്‌ത്താനുള്ള മറ്റൊരു പദ്ധതിയാണ് ആ രാജ്യങ്ങളിലെ പ്രധാന വ്യക്തികളെ വരുതിയിലാക്കുക എന്നത്. ഇത്തരം രാജ്യങ്ങളിൽ കാര്യമായ സ്വാധീനം ചെലുത്താൻ കഴിയുന്ന വ്യക്തികളെ വിവിധ യോഗങ്ങൾക്കും സമ്മേളനങ്ങൾക്കും സെമിനാറുകൾക്കുമൊക്കെയായി ചൈനയിലേക്ക് ക്ഷണിച്ചു വരുത്തും. ഇവരുടെ യാത്രാചെലവും താമസസൗകര്യവുമെല്ലാം ചൈനയായിരിക്കും വഹിക്കുക. അതിനുപുറമേ ഒരിക്കലും മറക്കാൻ കഴിയാത്ത സമ്മാനങ്ങളിലൂടെ അവരെ വരുതിയിലാക്കുകയും ചെയ്യും.

പാശ്ചാത്യരെ കെണിയിൽ വീഴ്‌ത്തിയ തുറന്ന വിപണി

പരോക്ഷയുദ്ധത്തിൽ വിജയിക്കുവാൻ സുന്ദരമായ ഒരു മുഖം ആവശ്യമാണെന്ന സൺ ത്സുവിന്റെ തന്ത്രം ചൈന സ്വീകരിച്ചത് ആഗോളവത്ക്കരണത്തിന്റെ ആരംഭ ദശയിലായിരുന്നു. അതുവരെ പുറത്തുനിന്നും ആർക്കും പ്രവേശനമില്ലാതിരുന്ന ഇരുമ്പുകോട്ടയുടെ കവാടങ്ങൾ തുറന്നിട്ട് മുതലാളിത്തത്തിന് അത്താഴവിരുന്നൊരുക്കുക വഴി ചൈന ചെയ്തതും അതായിരുന്നു. സോവിയറ്റ് യൂണിയന്റെ പതനശേഷം അമേരിക്ക ഒരേയൊരു വൻശക്തിയായി മാറിയകാലത്തായിരുന്നു ആഗോളവത്കരണംനയം കൂടുതൽ വ്യാപകമായത്. ചൈന അത് വിദഗ്ദമായി ഉപയോഗിച്ചു.

ആഗോളവത്ക്കരണത്തോടെ ലോകം മുഴുവൻ തങ്ങളുടെ പാത പിന്തുടരുന്നു എന്ന് പാശ്ചാത്യ രാജ്യങ്ങൾ മൂഢസ്വർഗ്ഗത്തിൽ ആണ്ടപ്പോൾ, ചൈന പുറമേ അങ്ങനെ നടിച്ച്, സ്വന്തം നയപരിപാടി നടപ്പിലാക്കുകയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ വിപണിയിൽ തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പാക്കാൻ വൻ കോർപ്പറേറ്റുകൾ ശ്രമിച്ചപ്പോൾ, കുറഞ്ഞ ഉദ്പാദന ചെലവ് വാഗ്ദാനം നൽകി ചൈന അവരെ കുരുക്കിലാക്കി.

ഒരുപക്ഷെ കാൾ മാർക്സിന്റെ കാലത്തുണ്ടായിരുന്ന മുതലാളിത്തം നിലനിൽക്കുന്നത് ചൈനയിൽ മാത്രമായിരിക്കും. മറ്റു രാജ്യങ്ങളൊക്കെ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും മികച്ച വേതനം ഉറപ്പാക്കുന്നതിനുമൊക്കെയുള്ള നിയമങ്ങൾ രൂപപ്പെടുത്തിയപ്പോഴും കമ്മ്യുണിസത്തിന്റെ മറവിൽ കടുത്ത അച്ചടക്കം അടിച്ചേൽപിക്കുന്ന ചൈനയിലെ തൊഴിലാളികൾക്ക് അതൊക്കെ വെറും സ്വപനമാണ്. ഉയിഗൂർ മുസ്ലീമുകളെ കൊണ്ട് അടിമപ്പണി ചെയ്യിക്കുന്ന വാർത്ത വരെ പുറത്തു വന്നുകഴിഞ്ഞു.

ഇത്തരത്തിലുള്ള തൊഴിൽ സംസ്‌കാരം നിലനിൽക്കുന്ന ചൈനയിൽ സ്വാഭാവികമായും ഉദ്പാദന ചെലവ് വളരെ കുറവായ്‌രിരിക്കും. ഇതുകണ്ട് ഇവിടെയ്ക്കെത്തിയ പല വൻകിട കോർപ്പറേറ്റുകൾക്കും ബൗദ്ധിക മോഷണം വരെ നേരിടേണ്ടിവന്നു. അവരുടെ സാങ്കേതിക വിദ്യ സൂത്രത്തിൽ കൈക്കലാക്കി ചൈന മുന്നേറുകയയിരുന്നു. വലിയൊരു വിപണി സ്വപനം കണ്ട് ചൈനയിലെത്തിയ ആഗോള കമ്പനികൾക്ക് പിന്നീട് ലോകത്തിന്റെ പല ഭാഗങ്ങളിലും ചൈനീസ് കമ്പനികളുമായി മത്സരിക്കേണ്ട ഗതിയായി.

ഈ തന്ത്രത്തിലൂടെ സാങ്കേതിക വിദ്യ മാത്രമല്ല, ആഗോള വിപണിയിൽ ഒരു സ്ഥാനം ഉറപ്പിക്കുവാനും ചൈനയ്ക്കായി. ഇതോടെ ചൈനയുടെ ഇരുണ്ട മുഖം ഒന്നു വെളുത്തു. മാത്രമല്ല, സമ്പന്നമായ ചൈനയുടെ സഹായം തേടാൻ പല ദരിദ്ര രാഷ്ട്രങ്ങളും ഒരുങ്ങുകയും ചെയ്തു. ഇത് സൺ ത്സുവിന്റെ ഉപദേശപ്രകാരമുള്ള പരോക്ഷയുദ്ധത്തിൻ! ചൈനയെ തയ്യാറാക്കുകയും ചെയ്തു.

അങ്ങനെ ഇന്ന് ചൈന ലോകം കീഴടക്കാനുള്ള ഒരു ഒളിയുദ്ധത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. ആയുധമെടുക്കാതെയുള്ള യുദ്ധം തന്നെയാണ് ചൈന ആഗ്രഹിക്കുന്നതും. ഒരുപക്ഷെ അതിന്റെ ഭാഗം തന്നെയായിരിക്കും ഇന്ത്യൻ അതിർത്തിയിൽ ഇന്ത്യൻ സൈനികർ തിരിച്ചടിച്ചപ്പോൾ കൂടുതൽ പ്രകോപനത്തിന് തുനിയാതെ ചൈനീസ് സൈന്യം പിന്മാറാനുള്ള കാരണവും. സൺ ത്സു പറഞ്ഞതുപോലെ യുദ്ധം ചെയ്ത് ഒരു രാജ്യത്തെ തകർത്തുകൊണ്ട് പിടിച്ചടക്കുവാനല്ല, മറിച്ച് കേടുപാടുകളില്ലാതെ ഒരു രാജ്യത്തെ കാൽക്കീഴിലാക്കുവാനാണ് ചൈന ശ്രമിക്കുന്നത്. അപ്പോഴും, തങ്ങൾക്ക് നേരേ ഒരു ആക്രമമണം ഉണ്ടായാൽ നേരിടാനുള്ള സൈനിക ബലം ഒരുക്കിവച്ചിട്ടുമുണ്ട്.