- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂറോപ്യൻ യൂണിയന്റെ അഹന്ത മുറിച്ച് നേടിയ വ്യാപാര കരാർ ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥയ്ക്ക് താങ്ങാകും; യൂറോപ്പിനു പുറമേ അമ്പതോളം രാജ്യങ്ങളുമായി ഇനി ബ്രിട്ടന് സഖ്യം; ബ്രെക്സിറ്റ് ഡീൽ ഉറപ്പിച്ചതോടെ പൗണ്ടും ഓഹരി വിപണിയും മുകളിലോട്ട്
കൊറോണയുടെ താണ്ഡവത്തിൽ താറുമാറായ ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥ ബ്രെക്സിറ്റ് വ്യാപാര കരാറിന്റെ ബലത്തിൽ 2021 ഓടെ പൂർവ്വസ്ഥിതിയിൽ എത്തുമെന്ന് ഇന്നലെ സാമ്പത്തിക വിദഗ്ദർ വിലയിരുത്തി. തിളക്കമാർന്ന ഒരു ഭാവിയിലേക്കുള്ള ആദ്യ ചുവടുവയ്പായാണ് വ്യാപാര-വ്യവസായിക പ്രമുഖരും ഈ കരാറിനെ കാണുന്നത്. പൗണ്ടിന്റെ വില കുതിച്ചുയരുകയും ഓഹരി വിപണി ഉഷാറാകുകയും ചെയ്യുന്നതോടെ 2021 ൽ 6.1 ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. ഈ കരാർ ഇല്ലായിരുന്നെങ്കിൽ ബ്രിട്ടന്റെ അടുത്ത വർഷത്തെ സാമ്പത്തിക വളർച്ച 3.3 ശതമാനത്തിൽ ഒതുങ്ങുമായിരുന്നു എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതോടൊപ്പം 2035 ഓടെ ബ്രിട്ടനെ മൊത്തം ഉദ്പാദനം ഫ്രാൻസിന്റേതിനേക്കാൾ 23 ശതമായം കൂടുതലാകുമെന്നും പ്രവചിച്ചിട്ടുണ്ട്.
ബ്രെകിസ്റ്റിന് മുന്നോടിയായി ഇതുവരെ അമ്പതോളം രാജ്യങ്ങളുമായി ബ്രിട്ടൻ സ്വതന്ത്ര വ്യപാരക്കരാറുകളിൽ ഏർപ്പെട്ടുകഴിഞ്ഞിരിക്കുന്നു. മാത്രമല്ല, അമേരിക്ക, ഇന്ത്യ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളുമായുള്ള കരാറുകൾ അതിന്റെ അവസാന ഘട്ടത്തിൽ എത്തി നിൽക്കുകയുമാണ്. ഇതെല്ലാം. തീർച്ചയായും ബ്രിട്ടന് ഒരു ശോഭനമായ ഭാവിതന്നെയാണ് സൂചിപ്പിക്കുന്നത്. ബ്രിട്ടനും യൂറോപ്യൻ യൂണിയനും തമ്മിലുള്ള കരാർ ദീർഘകാല പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തിലുള്ളതായിരിക്കും എന്നാണ് ബോറിസ് ജോൺസൺ പറഞ്ഞത്.
തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പറഞ്ഞ, ബ്രെക്സിറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ എല്ലാം തന്നെ നേടിയെടുക്കാനായി എന്ന് ബോറിസ് ജോൺസൺ അവകാശപ്പെട്ടു. സമ്പത്ത്, അതിർത്തി, നിയമം, മത്സ്യബന്ധനം തുടങ്ങിയവയിലെല്ലാം അധികാരം ബ്രിട്ടന് തന്നെ ലഭിച്ചു.ഇതിനെല്ലാം പുറമേ ഇപ്പോൾ ജനങ്ങൾ ഉറ്റുനോക്കുന്നത് കോവിഡിനെ തോൽപിച്ച് സമ്പദ്രംഗത്തെ ഉയർത്തെഴുന്നേൽപ്പിക്കുന്നതാണ്. ഇക്കാര്യത്തിൽ ഉണ്ടായിരുന്ന ഒരു അനിശ്ചിതാവസ്ഥ മാറിക്കിട്ടിയതിൽ സന്തോഷിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
പൂർണ്ണമായ വിശദാംശങ്ങൾ ലഭിച്ചിട്ടില്ലെങ്കിലും, മാധ്യമങ്ങൾക്ക് ചോർന്ന് കിട്ടിയ വിവരങ്ങൾ പ്രകാരം യൂറോപ്യൻ യൂണിയനുമായുള്ള ആദ്യ കരാറിൽ ബ്രിട്ടന് കാര്യമായ നേട്ടങ്ങൾ ലഭിച്ചു എന്നുതന്നെയാണ്. 660 ബില്ല്യൺ പൗണ്ടിന്റെ ഈ കരാറിൽ യൂറോപ്യൻ കോർട്ട് ഓഫ് ജസ്റ്റിസിന് യാതോരുവിധ പങ്കും ഉണ്ടാകില്ല. അതുപോലെ യൂറോപ്യൻ യൂണിയനും ബ്രിട്ടനും ഇടയിലുള്ള സഞ്ചാരസ്വാതന്ത്ര്യവും ഇല്ലാതെയാകും. അവസാന നിമിഷം വരെ തികഞ്ഞ അനിശ്ചിതാവസ്ഥയിലായിരുന്ന കരാർ ഒരു സന്ദർഭത്തിൽഇല്ലാതെയാകും എന്നുള്ള ഘട്ടം വരെയെത്തി. കാർ വ്യവസായം, മത്സ്യബന്ധനം തുടങ്ങിയവയുമായി ബന്ധപ്പെട്ട തർക്കങ്ങളായിരുന്നു കാരണം. പിന്നീട് ബോറിസ് ജോൺസനും യൂറോപ്യൻ യൂണിയൻ പ്രസിഡന്റും നേരിട്ടുനടത്തിയ ഫോൺ സംഭാഷണങ്ങളാണ് പ്രതിസന്ധി പരിഹരിക്കാൻ സഹായകമായത്.
തങ്ങളുടെ ഓട്ടോമൊബൈൽ വ്യവസായം സംരക്ഷിക്കാൻ ബ്രിട്ടന് കഴിഞ്ഞു. അതേസമയം നിശ്ചിത തലം വരെ പൊലീസ്, സുരക്ഷ എന്നീ കാര്യങ്ങളിൽ ബ്ര്ക്സിറ്റിനു ശേഷവും സഹകരണമുണ്ടാകും എന്ന് ഉറപ്പായിട്ടുണ്ട്. എന്നാൽ, മത്സ്യ ബന്ധന രംഗവുമായി ബന്ധപ്പെട്ട് നേരത്തേ ഉന്നയിച്ചിരുന്ന അവകാശങ്ങളിൽ ചില ഇളവുകൾക്ക് ബ്രിട്ടൻ തയ്യാറായത് ആ രംഗത്തെ പ്രമുഖരുടെ വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്.
ഡിസംബർ 30 ന് യോഗം ചേർന്ന് പാർലമെന്റിൽ ഈ കരാർ അവതരിപ്പിക്കും. ലേബർ എം പി മാരോട് ഇതിന് അനുകൂലമായി വോട്ടുരേഖപ്പെടുത്താൻ നിർദ്ദേശം നൽകുമെന്ന് പാർട്ടി നേതാവ് സർ കീർ സ്റ്റാർമർ പറഞ്ഞതോടെ ഈ കരാർ പാർലമെന്റിൽ പാസ്സാകും എന്നത് ഉറപ്പായിരിക്കുകയാണ്. അതുപോലെ ബ്രെക്സിറ്റിനെ അനുകൂലിക്കുന്ന ടോറി അംഗങ്ങളിൽ ഭൂരിഭാഗം പേരും ഇതിനെ അനുകൂലിച്ച് വോട്ടുചെയ്യും എന്നാണ് കണക്കാക്കപ്പെടുന്നത്. എം പി അല്ലെങ്കിൽ പോലും ബ്രെക്സിറ്റ് പാർട്ടി നേതാവ് നിഗെൽ ഫരാഷെയും ഈ കരാറിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.
കരാർ ഔദ്യോഗികമായി അടുത്ത ആഴ്‌ച്ച മാത്രമേ അംഗീകരിക്കു എന്നിരിക്കിലും ജനുവരി 1 മുതൽ തന്നെ ഇത് പ്രാബല്യത്തിലാക്കുമെന്ന് വിവിധ യൂറോപ്യൻ യൂണിയൻ നയതന്ത്ര പ്രതിനിധികൾ ഉറപ്പുനൽകിയിട്ടുണ്ട്. ബ്രിട്ടന് എക്കാലവും തങ്ങളുടെ യൂറോപ്യൻ അയൽക്കാരുമായി വൈകാരിക ബന്ധം ഉണ്ടായിരുന്നു എന്നും അത് അരക്കിട്ടുറപ്പിക്കുന്നതാണ് ഈ കരാറെന്നും ബോറിസ് ജോൺസൺ തന്റെ ക്രിസ്ത്മസ്സ് സന്ദേശത്തിൽ പറഞ്ഞു. അതേസമയം, സംതുലിതവും, നീതിപരവുമാണ് ഈ കരാർ എന്നായിരുന്നു യൂറോപ്യൻ യൂണിയൻ പ്രസിഡണ്ട് വോൺ ദേർ ലെയെൻ പറഞ്ഞത്.
മറുനാടന് മലയാളി ബ്യൂറോ