കൊറോണയോടെ എല്ലാം ഒടുങ്ങി എന്നു കരുതണ്ട. ഇതൊരു മുന്നറിയിപ്പ് മാത്രം. പഴശ്ശിയുടെ യുദ്ധങ്ങൾ കമ്പനി ഇനിയും കാണാനിരിക്കുന്നതേയുള്ളു എന്നാണ് ലോകാരോഗ്യ സംഘടന നമ്മളെ ഓർമ്മപ്പെടുത്തുന്നത്. കൊറോണ ഭൂലോകത്തിന്റെ ഓരോ മൂലയിലും, എല്ലാ മേഖലകളിലും കനത്ത നാശനഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും ഇത് ഏറ്റവും ദുരിതം പിടിച്ച മഹാമാരിയായി കണക്കാക്കരുതെന്ന മുന്നറിയിപ്പാണ് ലോകാരോഗ്യ സംഘടനയുടെ എമർജൻസി പ്രോഗ്രാം മേധാവി ഡോ. മൈക്ക് റിയാൻ നൽകുന്നത്. ഇത് പ്രകൃതിയെ കുറിച്ചറിയാതെ മയങ്ങിക്കിടന്ന മനുഷ്യരെ ഉറക്കമുണർത്താനുള്ള ഒരു ഉണർത്ത് പാട്ടുമാത്രമാണത്രെ.

ഇതുവരെ ലോകമാകമാനമായി 17,99,337 പേരാണ് കോവിഡിനു കീഴടങ്ങി മരണം വരിച്ചത്. ഇത് ഔദ്യോഗിക കണക്ക് മാത്രമാണ്. യഥാർത്ഥ മരണസംഖ്യ ഇതിലും എത്രയോ അധികം വരും എന്നാണ് വിവിധ പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്. അതായത് ഔദ്യോഗിക കണക്ക് പ്രകാരം തന്നെ കോവിഡിന്റെ മരണനിരക്ക് 0.5% ആണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ രോഗബാധിതരാകുന്നവരിൽ ഓരോ 200 പേരിലും ഒരാൾ വീതം മരണപ്പെടുന്നു. 1918 നും 1919 നും ഇടയിൽ പടർന്നു പിടിച്ച സ്പാനിഷ് ഫ്ളൂവാണ് ഇതിനു മുൻപ് ഇത്രയധികം നാശം വരുത്തിയ മഹാവ്യാധി.

സ്പാനിഷ് ഫ്ളൂ ഏകദേശം 50 ദശലക്ഷത്തിലധികം പേരെയാണ് കൊന്നൊടുക്കിയത്. ഏറ്റവും ഖേദകരമായ കാര്യം ഈ മഹാവ്യാധിയിൽ 20 നും 40 നും പ്രായമുള്ളവർക്കിടയിലെ മരണനിരക്ക് വളരെ കൂടുതലായിരുന്നു എന്നതാണ്. അന്നും ഇന്നത്തേതുപോലെ ലോകമാകെ അടച്ചു പൂട്ടിച്ച് ഭക്ഷ്യക്ഷാമത്തിനു വരെ വഴിതെളിച്ച സ്പാനിഷ് ഫ്ളൂവിന്റെ മരണ നിരക്ക് 2.5% ആയിരുന്നു. കോവിഡ് കാലത്തും സമാനമായ സാഹചര്യം ഉണ്ടാവുകയാണ്.

തൊഴിൽ നഷ്ടവും സാമ്പത്തിക പ്രയാസങ്ങളും ഭക്ഷണത്തിന്റെ ദൗർബല്യവുമെല്ലാം ജോർജ്ജ് ഫ്ളോയിഡിന്റെ കൊലപാതകം തീർത്തതിലും വലിയ കലാപങ്ങൾ സൃഷ്ടിച്ചേക്കാം. ഇത് ലോകത്തിലെ പല രാജ്യങ്ങളിലേയും ഭരണകൂടങ്ങളുടെ സ്ഥിരതയെ തന്നെ ചോദ്യം ചെയ്തേക്കാം. അതായത്, കൊറോണ തീർത്ത പ്രതിസന്ധി കോവിഡ് എന്ന പകർച്ച വ്യാധിയെ നിയന്ത്രിക്കാനായാലും കുറച്ചുകാലം കൂടി തുടർന്നേക്കാം എന്നർത്ഥം.

1347 നും 1351 നും ഇടയിൽ ആഫ്രിക്കയിലും യൂറോപ്പിലും ഏഷ്യയിലുമായി 75 ദശലക്ഷം പേരെ കൊന്നൊടുക്കിയ ബ്ലാക്ക് ഡെത്ത് എന്ന പ്ലേഗാണ് ലോകത്തെ ഇതുവരെ ബാധിച്ചതിൽ ഏറ്റവും വലിയ മഹാമാരി. ഒരുപക്ഷെ അതിലും വലിയതാണ് ഇനി നമ്മളെ കാത്തിരിക്കുന്നത് എന്നാണ് ഡോ. റിയാൻ ഓർമ്മിപ്പിക്കുന്നത്. നമ്മൾ ഇനിയും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. ശാസ്ത്രം, പരിശീലനം, ഭരണനിർവ്വഹണം, ആശയസംവേദനം എന്നിവയിലെല്ലാം മെച്ചപ്പെടേണ്ടതുണ്ട്. നമ്മൾ ജീവിക്കുന്ന ഗ്രഹം അതീവ ദുർബലയായ ഒന്നാണ്. അദ്ദേഹം പറയുന്നു.

ആഗോളവത്ക്കരണം ഭൂമിയെ മുഴുവനും ചുരുക്കി ഒരു ആഗോള ഗ്രാമമാക്കിയപ്പോൾ ഇത്തരത്തിലുള്ള ഭീഷണികൾക്ക് സാധ്യത വർദ്ധിക്കുകയാണ്. ഇപ്പോഴുള്ള ഈ മഹാവ്യാധിയിൽ നിന്നും നമ്മൾ പഠിക്കേണ്ട ഏറ്റവും വലിയ പാഠം നമ്മൾ, മനുഷ്യർ ഒന്നിച്ചു നിൽക്കണം എന്നതാണ്. വാക്സിൻ നൽകിയാലും ഈ വൈറസ് ഒരുപക്ഷെ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി നിലനിന്നേക്കാം എന്നും അദ്ദേഹം പറയുന്നു.

ആഗോളാടിസ്ഥാനത്തിൽ വാക്സിൻ വിതരണം ചെയ്തു കഴിയുമ്പോഴേക്കും, ഇതിന് വീണ്ടും ജനിതകമാറ്റം വന്ന് മറ്റൊരു വൈറസായി രൂപാന്തരം പ്രാപിച്ചേക്കാം. എത്ര ഫലവത്തായ വാക്സിനാണെങ്കിലും ഒരു പകർച്ചവ്യാധിയെ പൂർണ്ണമായും തടയാനോ, നിശ്ശേഷം തുടച്ചു നീക്കാനോ കഴിയില്ല. അതുകൊണ്ട്, ഏറ്റവും അപകട സാധ്യത കൂടിയ വിഭാഗത്തിലുള്ളവരെ സംരക്ഷിക്കുക എന്നതു മാത്രമാണ് വാക്സിൻ കൊണ്ട് ഉദ്ദേശിക്കുന്നത്.

ഒരു മഹാവ്യാധിയായി മാറുക എന്നത് ഒരു വൈറസിന്റെ വിധിയാണ് എന്ന് ലോകാരോഗ്യ സംഘടനയുടെ സ്ട്രാറ്റജിക് ആൻഡ് ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ചെയർമാൻ പ്രൊഫസർ ഡേവിഡ് ഹേയ്മാനും പറയുന്നു. ഒരു പരിധിയിൽ അപ്പുറം ആളുകൾക്ക് രോഗം പിടിപെട്ടാൽ ഹേർഡ് ഇമ്മ്യുണിറ്റി വഴി രോഗത്തെ പ്രതിരോധിക്കാം എന്നാണ് ആളുകൾ മനസ്സിലാക്കിയിരിക്കുന്നത്. സത്യത്തിൽ ഹേർഡ് ഇമ്മ്യുണിറ്റി എന്ന സങ്കല്പത്തെ തെറ്റിദ്ധരിച്ചിരിക്കുകയാണ് അദ്ദേഹം തുടരുന്നു.

നിലവിൽ കണ്ടുപിടിച്ചിരിക്കുന്ന വാക്സിനുകൾ ആളുകളെ രോഗം ബാധിക്കുന്നതിൽ നിന്നും പൂർണ്ണമായും തടയാൻ ഉതകുന്ന ഒന്നല്ല എന്നും അദ്ദേഹം പറയുന്നു. അതുകൊണ്ടുതന്നെ വാക്സിൻ എടുത്ത ശേഷവും കരുതലുകൾ തുടരേണ്ടതുണ്ട്. ജനിതകമാറ്റം വന്ന കൂടുതൽ ഇനം വൈറസുകൾ വരുംകൊല്ലങ്ങളിലും കനത്ത വെല്ലുവിളി ഉയർത്തിയേക്കാം. ഏതായാലും കൊറോണ മുൻപെങ്ങുമില്ലാത്തതുപോലെ ലോകത്തെ ഒന്നിപ്പിച്ചു. ഈ ഐക്യം ഇനിയും തുടരേണ്ടതുണ്ട് കാരണം, ഇനി ഭൂമിയിലെ ജീവിതം ഒരുപക്ഷെ ഈ വൈറസുകൾക്കൊപ്പമാകാം.