നം കൈയേറ്റത്തിനെതിരെ ശബ്ദമുയരുമ്പോൾ അതിനെ അടിച്ചമർത്താൻ എപ്പോഴും ഉപയോഗിക്കുന്ന വാക്കാണ് വികസനം. വനം തെളിച്ച് കൃഷി നടത്തുന്നതും ഒരു പതിവായി മാറിക്കൊണ്ടിരിക്കുന്നു. എന്നാൽ, ഇതിന്റെയൊന്നും പരിണിതഫലങ്ങൾ മനുഷ്യർ പൂർണ്ണമായും മനസ്സിലാക്കുന്നില്ല എന്നതാണ് ഖേദകരമായ വസ്തുത. 1997-ൽ ഏകദേശം 1 ലക്ഷത്തിലധികം ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണം വരുന്ന മഴക്കാടുകൾ അഗ്‌നിക്കിരയാക്കി. കാർഷിക മേഖല വിപുലപ്പെടുത്തുക എന്നതായിരുന്നു ഉദ്ദേശം. ഒറ്റനോട്ടത്തിൽ തികച്ചും ഉചിതമായ ഒരു നടപടി. ഭക്ഷ്യക്ഷാമം നേരിടുന്ന ലോകത്ത് കൂടുതൽ സ്ഥലങ്ങളിലേക്ക് കൃഷി വ്യാപിച്ച് ആഹാരം ഒരുക്കുവാനുള്ള നടപടിക്ക് ആരും എതിരുനിൽക്കുകയുമില്ല.

എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. അഗ്‌നിയെ അതിജീവിച്ച വന്മരങ്ങൾക്ക് പക്ഷെ, തീയുടെ ചൂട് സൃഷ്ടിച്ച വരൾച്ചയേയും ആകാശം മുട്ടെ ഉയർന്നു പൊങ്ങിയ പുക സൃഷ്ടിച്ച ശ്വാസം മുട്ടനിലേയും മറികടക്കാനായില്ല. അവയിൽ പലതിന്റെയും ഉദ്പാദനശേഷി ഇല്ലാതെയായി. ഫലങ്ങൾ ലഭിക്കാതെവന്നതോടെ മഴക്കാടുകളിലെ അന്തേവാസികളായ വവ്വാലുകൾക്ക് മറ്റുവഴികളില്ലാതെയായി. ഭക്ഷണം തേടി വിദൂര ദേശങ്ങളിലേക്ക് പറന്നകന്ന അവ തങ്ങളറിയാതെ തങ്ങൾക്കൊപ്പം അതിമാരകമായ ഒരു പകർച്ചവ്യാധിയും വഹിച്ചുകൊണ്ടാണ് പറന്നത്.

മലേഷ്യയിലെ ചേക്കേറിയ ഈ വവ്വാലുകൾ ജീവിതമാരംഭിച്ചതോടെ ഇതിനു താഴെ മേയാൻ വിട്ടിരുന്ന പന്നികൾക്ക് അസാധാരണമായ രോഗം ബാധിക്കുവാൻ തുടങ്ങി. വവ്വാലുകൾ കടിച്ച് നിലത്തിടുന്ന ഫലങ്ങൾ തിന്നുന്നതോടെയായിരുന്നു ഈ രോഗം വന്നിരുന്നത്. ഇതുപോലെ ഈ ഫലങ്ങൾ തിന്ന കർഷകർക്കും സമാനമായ അനുഭവമുണ്ടായി. 1999 ഓടെ 265 പേർക്ക് തലച്ചോറിൽ ഗുരുതരമായ രോഗബാധയുണ്ടായി, 105 പേർ മരണമടയുകയും ചെയ്തു. മനുഷ്യരിൽ നിപ്പ വൈറസിന്റെ ആഗമനം രേഖപ്പെടുത്തിയ ആദ്യ സംഭവമാണിത്.

വനം നശിപ്പിച്ച് കൃഷിയിടങ്ങൾ ഉണ്ടാക്കിയും ആവാസകേന്ദ്രങ്ങൾ തീർത്തും മനുഷ്യർ തങ്ങളുടേ പ്രദേശത്തിന്റെ വിസ്തൃതി വർദ്ധിപ്പിക്കുമ്പോൾ, കൂടുനഷ്ടപ്പെട്ട വന്യജീവികൾ നാട്ടിലേക്കിറങ്ങുകയാണ്. മനുഷ്യരും വന്യജീവികളുമായുള്ള സമ്പർക്കം കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകൊണ്ട് കണക്കില്ലാതെ വർദ്ധിച്ചു. ഇതിന്റെ ഫലമായി പല പുതിയ വൈറസുകളും മനുഷ്യ ശരീരത്തിലെത്തിച്ചേർന്നു. മനുഷ്യരിൽ മാരകരോഗങ്ങൾക്ക് കാരണമാകാൻ സാധ്യതയുള്ള നിരവധി ഭീകര വൈറസുകളാണ് വന്യജീവികളിൽ ഉറങ്ങിക്കിടക്കുന്നത്.

ആയുസ്സ് ഏറെയുള്ള വവ്വാൽ പോലുള്ള ജീവികളിൽ അതിപുരാതനമായ വൈറസുകൾ പോലുമുണ്ടെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ഈ വൈറസുകൾക്കെതിരെ സ്വാഭാവിക പ്രതിരോധ ശേഷിയുള്ളതിനാൽ വന്യജീവികൾക്ക് ഇതുമൂലം പ്രശ്നമുണ്ടാകുന്നില്ല. എന്നാൽ, ഇവ തീർത്തും അപരിചിതമായ മനുഷ്യരുടെയോ വളർത്തുമൃഗങ്ങളുടെയോ ഉള്ളിൽ പ്രവേശിച്ചാൽ ഫലം മാരക രോഗങ്ങളായിരിക്കും. വന്യ ജീവികളുമായുള്ള മനുഷ്യ സമ്പർക്കം വർദ്ധിച്ചതോടെയാണ് നിരവധി പുതിയ വൈറസുകൾ മനുഷ്യ ശരീരത്തിൽ എത്തുവാൻ തുടങ്ങിയത്. പുതിയ പുതിയ രോഗങ്ങൾ ആവിർഭവിക്കാൻ തുടങ്ങിയതും അങ്ങനെയാണ്.

ഇന്നും ലോകത്തിൽ നിരവധി പേരുടെ മരണത്തിന് കാരണമാകുന്ന മലേറിയ വൈറസ് ആമസോൺ കാടുകളിൽ നിന്നുമാണ് ആദ്യമായി മനുഷ്യ ശരീരത്തിൽ എത്തിച്ചേർന്നത്. മനുഷ്യകുലത്തെ മുച്ചൂടും മുടിക്കാൻ എത്തിയ എച്ച് ഐ വി, എബോള, നിപ്പ എന്നിവയ്ക്കൊപ്പം ഇപ്പോൾ താണ്ഡവമാടുന്ന കൊറോണയും എത്തിയത് കാടുകളിൽ നിന്നാണ്. ഈ യാഥാർത്ഥ്യങ്ങളുട പശ്ചാത്തലത്തിൽ വേണം പ്രൊഫസർ ജീൻ ജാക്യൂസ് മുയേമ്പ ടാംഫുമിന്റെ മുന്നറിയിപ്പിന് നാം കാതോർക്കേണ്ടത്.

എബോള വൈറസ് കണ്ടുപിടിച്ച പ്രൊഫസർ ജീൻ ജാക്യൂസ് പറയുന്നത് അതി മാരകമായ പുതിയ വൈറസുകൾ മനുഷ്യരാശിയെ ആക്രമിക്കുവാൻ കാത്തിരിക്കുന്നു എന്നാണ്. ഡിസീസ് എക്സ് എന്ന് പേര് നൽകിയിട്ടുള്ള ഈ ഭാവികാല ഭീഷണിയെ നേരിടാൻ ഒരുപക്ഷെ ഇന്നുവരെ മനുഷ്യൻ നേടിയ ശാസ്ത്രജ്ഞാനം മതിയാകാതെ വരും. ഇപ്പോഴും അജ്ഞാതമായ നിരവധി വൈറസുകളാണ് നമ്മളെ ആക്രമിക്കാൻ തക്കം പാർത്തിരിക്കുന്നത്. ഇതിൽ പ്രധാനമായവ ഇനി പുറത്തുവരുന്നത് ആഫ്രിക്കയിലെ ഉഷ്ണമേഖലാ മഴക്കാടുകളിൽ നിന്നായിരിക്കും എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ഇംഗെണ്ടെ എന്ന നഗരത്തിൽ ഒരു രോഗിക്ക് ബാധിച്ച അജ്ഞാത രോഗമാണ് ഈ മുന്നറിയിപ്പിന് കാരണം. രക്തസ്രാവത്തോടുകൂടിയുള്ള പനിയായിരുന്നു അസുഖം. എബോള പരിശോധന നടത്തിയെങ്കിലും നെഗറ്റീവ് ആയിരുന്നു ഫലം. ഇപ്പോൾ ഡോക്ടർമാർ ഭയക്കുന്നത് ഡിസീസ് എക്സ് എന്ന ഭാവികാല മഹാമാരിയുടെ ആദ്യ രോഗിയാണതെന്നാണ്. കോവിഡ്-19 പോലെ തന്നെ അതിവേഗം വ്യാപിക്കുവാനുള്ള കഴിവ് ഈ രോഗകാരിയായ വൈറസിനും ഉണ്ട്. അതേസമയം എബോളയേ പോലെ 50 മുതൽ 90 ശതമാനം വരെ മരണകാരണമാകാനും കഴിവുണ്ടെന്നുള്ളതാണ് ഏറ്റവും ഭയപ്പെടുത്തുന്ന കാര്യം.

വർത്തമാനകാലത്തിൽ ഡിസീസ് എക്സ് എന്നത് ഒരു സങ്കല്പം മാത്രമാണെങ്കിലും അത് യാഥാർത്ഥ്യമാകുകയാണെങ്കിൽ അത് മനുഷ്യ കുലത്തിന്റെ നാശത്തിലെ കലാശിക്കു എന്ന് ലോകാരോഗ്യ സഘടനയും ഭയക്കുന്നു. ഒരു യുവ ഗവേഷകനായിരിക്കുമ്പോൾ, 1976-ൽ അജ്ഞാതരോഗം ബാധിച്ച ഒരു രോഗിയിൽ നിന്നും പ്രൊഫസർ മുയെമ്പേ ശേഖരിച്ച രക്തസാമ്പിളിൽ നടത്തിയ പഠനത്തിലാണ് എബോള വൈറസിനെ കണ്ടെത്താനായത്. അന്ന് ഈ രോഗം ബാധിച്ചവരിൽ ഏകദേശം 80 ശതമാനം പേരും മരണമടയുകയായിരുന്നു.

ഇനിയും ധാരാളം സൂനോട്ടിക് (മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന) രോഗകാരികൾ നമ്മെ തേടി എത്താനുണ്ടെന്നാണ് പ്രൊഫസർ നൽകുന്ന മുന്നറിയിപ്പ്. വനനശീകരണം വഴി വന്യജീവികളുടെ സ്വാഭാവികമായ ആവസകേന്ദ്രങ്ങൾ നഷ്ടപ്പെടുകയും അവ മനുഷ്യാവാസ കേന്ദ്രങ്ങളിലേക്ക് കുടിയേറുകയും ചെയ്തതുതന്നെയാണ് പുതിയ ഇനം വൈറസുകൾ മനുഷ്യരിലെത്താൻ കാരണം എന്നുതന്നെയാണ് അദ്ദേഹവും വെളിപ്പെടുത്തുന്നത്.

വനനശീകരണത്താൽ താരതമ്യേന വലിയ ജീവികൾക്ക് വംശനാശം സംഭവിക്കുമ്പോൾ, വനത്തിൽ ജീവിക്കുന്ന വവ്വാലുകൾ, എലികൾ, ചെറിയ ഇനം പ്രാണികൾ തുടങ്ങിയവ മനുഷ്യകേന്ദ്രങ്ങളിലെത്തി ജീവിക്കാൻ ആരംഭിക്കുന്നു. സാർസ്, മേർസ് തുടങ്ങിയ എല്ലാ വൈറസുകളും ഇത്തരം ജീവികളിലൂടെ മനുഷ്യരിലെത്തിയതാണ്. ഇത്തരത്തിൽ വൈറസുകൾ മനുഷ്യരിലെത്തുന്ന പ്രവണത വർദ്ധിച്ചു വരികയുമാണ്. യൂണിവേഴ്സിറ്റി ഓഫ് എഡിൻബർഗിലെ പകർച്ചവ്യാധി വിഭാഗം നടത്തിയ പഠനത്തിൽ പറയുന്നത് പ്രതിവർഷം മൂന്നോ നാലോ പുതിയ വൈറസുകൾ ഇത്തരത്തിൽ മനുഷ്യരിലെത്തുന്നു എന്നാണ്.

വെറ്റ് മാർക്കറ്റുകൾ എന്ന് വിളിക്കപ്പെടുന്ന, ഭക്ഷണാവശ്യത്തിനായി ജീവനുള്ള മൃഗങ്ങളെ വിൽക്കുന്ന ചന്തകളായിരിക്കും പ്രധാനമായും മനുഷ്യരിലേക്ക് പ്രവേശിക്കാൻ വൈറസുകൾക്ക് വേദിയൊരുക്കുന്നത്. പക്ഷിപ്പനിയും സാർസും ആരംഭിച്ചത് ഇത്തരം വെറ്റ് മാർക്കറ്റുകളിൽ നിന്നായിരുന്നു എന്ന് നേരത്തേ തെളിഞ്ഞിട്ടുള്ളതാണ്. ഇപ്പോൾ കോവിഡിനും കാരണമായത് വുഹാനിലെ ഒരു വെറ്റ് മാർക്കറ്റ് എന്നാണ് പൊതുവായി ഉള്ള വിശ്വാസം. പുതിയ മേഖലകൾ വെട്ടിപ്പിടിച്ച് മനുഷ്യൻ മുന്നേറുമ്പോൾ അതിൽ തകരുന്ന വന്യജീവികളുടെ പ്രതികാരമായിട്ട് മാത്രമേ ഇത്തരം വൈറസ് ആക്രമണങ്ങളെ കാണാനാകു. മനുഷ്യന്റെ അത്യാർത്തി കുറച്ചാൽ തന്നെ ഇത്തരം പല രോഗങ്ങളും തടയുവാൻ കഴിയും.