ദോഹ: ഗൾഫ് രാജ്യങ്ങളിൽ ഉടലെടുത്ത വലിയ പ്രതിസന്ധിക്ക് വിരാമമിട്ടു കൊണ്ട് സൗദി അറേബ്യ ഖത്തറിനെതിരെ ഏർപ്പെടുത്തിയ ഉപരോധങ്ങൾ പിൻവലിച്ചു. ഇതിന്റെ ഭാഗമായി ഇന്നലെ വൈകുന്നേരത്തോട് കൂടി ഖത്തർ-സൗദി അതിർത്തി തുറക്കുകയും വിമാന സർവീസ് പുനരാരംഭിക്കുകയും ചെയ്തു. ഗൾഫ് പ്രതിസന്ധി അവസാനിപ്പിച്ചു കൊണ്ട് ഇന്നലെ വ്യോമാതിർത്തിയും കരാതിർത്തിയും സമുദരാതിർത്തിയും സൗദി അറേബ്യ തുറക്കുക ആയിരുന്നു. ഗൾഫിലുണ്ടായ ഈ സുപ്രധാന നീക്കം കുവൈറ്റ് ആണ് ലോകത്തോട് അറിയിച്ചത്. കുവൈറ്റ് ആണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചയ്ക്ക് മധ്യസ്ഥം വഹിച്ചത്.

2017ന്റെ മധ്യത്തിലാണ് ഖത്തറിനെ നാല് അറബ് രാജ്യങ്ങൾ തീവ്രവാദ ബന്ധം ആരോപിച്ച് ബഹിഷ്‌ക്കരിച്ചതും ഉപരോധം ഏർപ്പെടുത്തിയതും. അതോടെ ഖറത്തറുമായുള്ള എല്ലാതരത്തിലുള്ള ബന്ധങ്ങളും സൗദി അറേബ്യ അവസാനിപ്പിക്കുകയും ഖത്തറുമായുള്ള രാജ്യാതിർത്തികൾ എല്ലാം തന്നെ അടച്ചിടുകയും ആയിരുന്നു. എന്നാൽ ഇന്നലത്തെ ചർച്ചയിൽ മൂന്ന് വർഷം നീണ്ട പ്രശ്‌നങ്ങൾക്ക് പരിഹാരമാകുകയും ഇരു രാജ്യങ്ങളും തമ്മിൽ പഴയതു പോലം ബന്ധം പുനഃസ്ഥാപിക്കുകയും ആയിരുന്നു. ചൊവ്വാഴ്ച ഗൾഫിലെ അറബ് നേതാക്കളുടെ സമ്മേളനം നടക്കാനിരിക്കെ തിങ്കളാഴ്ച തന്നെ കുവൈറ്റ് നടത്തിയ മധ്യസ്ഥതയിൽ സൗദിയും ഖത്തറുമായുള്ള പ്രശ്‌നം പറഞ്ഞ് അവസാനിപ്പിക്കുക ആയിരുന്നു.

ആധുനിക ഗൾഫ് രൂപമെടുത്ത ശേഷം ഗൾഫ് സഹകരണ കൗൺസിലിലെ(ജിസിസി) സഹോദര രാജ്യങ്ങൾക്കിടയിൽ ഉടലെടുത്ത ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു ഖത്തർ-സൗദി അറേബ്യ പ്രതിസന്ധി. എന്തായാലും ആ വലിയ പ്രശ്‌നത്തിനാണ് ഇന്നലത്തോടെ അന്ത്യമായത്. ഇനി എല്ലാം പഴയ പടി ആകുമെന്ന വിശ്വാസത്തിലാണ് ഗൾഫ് മേഖല. ഖത്തറിനെതിരായ ഉപരോധം പിൻവലിക്കാൻ സൗദി തീരുമാനിച്ചതായി കുവൈത്ത് വിദേശകാര്യ മന്ത്രി ഡോ.അഹമ്മദ് നാസർ അൽ മുഹമ്മദ് അൽ സബാഹ് ആണ് പ്രഖ്യാപിച്ചത്.

തൊട്ടുപിന്നാലെ ഇന്നലെ വൈകിട്ടോടു കൂടി തന്നെ അതിർത്തികൾ തുറന്നു. അന്തിമ കരാറിൽ ഒപ്പിടാൻ ഖത്തർ അമീറിനോടും സൗദി കിരീടാവകാശിയോടും കുവൈത്ത് അമീർ ആഹ്വാനം ചെയ്തു. ഇന്നു സൗദിയിലെ റിയാദിൽ നടക്കുന്ന ഗൾഫ് സഹകരണ കൗൺസിൽ ഉച്ചകോടിയിൽ കരാർ ഒപ്പിടും. 2017 ജൂൺ 5നാണ് തീവ്രവാദബന്ധം ആരോപിച്ച് ഖത്തറിനെതിരെ സൗദി, യുഎഇ, ബഹ്‌റൈൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ ഉപരോധം പ്രഖ്യാപിച്ചത്.

മൂന്നര വർഷത്തെ ഭിന്നതകൾ പരിഹരിച്ച് ഖത്തറിലേക്കുള്ള കര, വ്യോമ, സമുദ്ര പാതകൾ തുറക്കാനും സൗദി തീരുമാനിച്ചു. ഖത്തർ ഉപരോധത്തെത്തുടർന്ന് മേഖലയിലുണ്ടായ പ്രതിസന്ധിക്കു കൂടിയാണ് ഇതോടെ അവസാനമാകുന്നത്. ജനുവരി അഞ്ചിന് സൗദിഅറേബ്യയിൽ നടക്കുന്ന നാൽപത്തിയൊന്നാമത് ജിസിസി യോഗത്തിലേക്ക് ഖത്തർ അമീറിന് സൗദി ഭരണാധികാരി സൽമാൻ രാജാവ് നേരത്തെ ക്ഷണം നൽകിയതോടെ ഉപരോധം പിൻവലിക്കുന്നതിലും സൗദി മുന്നോട്ടുവന്നേക്കുമെന്നു റിപ്പോർട്ടുണ്ടായിരുന്നു.

കുവൈത്ത്, യുഎസ് മധ്യസ്ഥതയിലാണ് ഉപരോധം അവസാനിപ്പിക്കാനുള്ള നീക്കമുണ്ടായത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുതിർന്ന ഉപദേശകൻ ജാറദ് കഷ്‌നറുടെ നേതൃത്തിലാണ് ഇതിനുള്ള മാരത്തൺ ചർച്ച നടന്നത്. ട്രംപ് സ്ഥാനമൊഴിയുന്നതിനു മുൻപ് വിഷയം പരിഹരിക്കാനുള്ള യുഎസ് ശ്രമം കൂടിയാണ് ഇതോടെ വിജയത്തിലെത്തിയത്. ഇതോടെ അമേരിക്കൻ പ്രസിഡന്റ് പദത്തിൽ നിന്നും താഴേക്കിറങ്ങുന്ന ഡൊണാൾഡ് ട്രംപിന്റെ ചരിത്ര പുസ്‌കത്തിൽമ മറ്റൊരു പൊൻതൂവൽ കൂടി ചേർത്തിരിക്കുകയാണ്.