- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാർലമെന്റ് മന്ദിരത്തിലേക്ക് ആയിരങ്ങൾ കുതിച്ചെത്തിയത് ട്രംപിൽ വിശ്വസിച്ച്; എന്നെ ഏറെ സ്നേഹിക്കുന്നവർ എന്ന് വിശേഷിപ്പിച്ച് പരസ്യമായി പിന്തുണച്ചു; എം പി മാർ ഗ്യാസ് മാസ്ക് ധരിച്ചു രക്ഷതേടി; അമേരിക്കൻ ജനാധിപത്യം അട്ടിമറിക്കാൻ ട്രംപ് ഇറക്കിയത് സ്വേച്ഛാധിപതികളെ നാണം കെടുത്തുന്ന അട്ടിമറി നീക്കം
ഏകാധിപതികളും ആൾക്കൂട്ടവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. എവിടെയൊരു ആൾക്കൂട്ടം കലാപത്തിനിറങ്ങുന്നുവോ അവിടെ ഒരു ഏകാധിപതി ജനിക്കുന്നു. എവിടെ ഒരു ഏകാധിപതി പരാജയപ്പെടുന്നുവോ അവിടെ ഒരു ആൾക്കൂട്ടം അക്രമാസക്തമാകുന്നു. പ്രശസ്ത അമേരിക്കൻ എഴുത്തുകാരനും കമ്പ്യുട്ടർ ശാസ്ത്രജ്ഞനുമായ ജാരോൺ സെപെൽ ലാനിയറിന്റെ വാക്കുകളാണിത്. ഇത് അക്ഷരാർത്ഥത്തിൽ ശരിവയ്ക്കുന്ന സംഭവപരമ്പരകളാണ് ഇന്നലെ അമേരിക്കയിൽ അരങ്ങേറിയത്. ജനാധിപത്യത്തിലെ സാമാന്യ മര്യാദകൾ പാലിക്കാൻ തയ്യാറില്ലാത്ത ഒരു ഏകാധിപതിയുടെഅധികാരമോഹം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജനാധിപത്യ രാഷ്ട്രത്തിന് നൽകിയത് തീരാ കളങ്കവും.
ഇന്നലെ ട്രംപ് അനുകൂലികൾ പാർലമെന്റിലേക്ക് അതിക്രമിച്ചു കയറി കിരാതവാഴ്‌ച്ച നടത്തിയപ്പോൾ ഞെട്ടിയത് അമേരിക്ക മാത്രമല്ല, ലോകം മുഴുവനും ആയിരുന്നു. നിയുക്ത പ്രസിഡണ്ട് ജോ ബൈഡന്റെ തെരഞ്ഞെടുപ്പിന് ഔദ്യോഗിക അംഗീകാരം നൽകുവാൻ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയായിരുന്നു ഈ അക്രമങ്ങൾ നടന്നത്. വൻസുരക്ഷാവലയംഭേദിച്ച് കാപ്പിറ്റോൾ മന്ദിരത്തിൽ കടന്ന ട്രംപ് അനുയായികൾ പ്രതിഷേധം തുടങ്ങിയതോടെ യു എസ് കോൺഗ്രസ്സ് അംഗങ്ങളെ ഒഴിപ്പിച്ചു. ചരിത്രത്തിലാദ്യമായിട്ടാണ് അമേരിക്കൻ പാർലമെന്റിൽ ഇത്തരത്തിൽ ഒരു സംഭവം നടക്കുന്നത്.
തെരഞ്ഞെടുപ്പിലെ തോൽവി അംഗീകരിക്കാൻ മടിച്ചിരുന്ന ട്രംപ് അധികാരത്തിൽ തൂങ്ങിക്കിടക്കുവാൻ പല വഴികളും നോക്കിയിരുന്നു. സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് നിയമവഴികൾ അടഞ്ഞപ്പോൾ ജോർജിയ സംസ്ഥാനത്തിന്റെ സെക്രട്ടറിയായ റിപ്പബ്ലിക്കൻ പാർട്ടി നേതാവിനെ വിളിച്ച് ബൈഡന് കിട്ടിയ വോട്ടുകൾ റദ്ദാക്കുവാൻ ആവശ്യപ്പെട്ടു. ഇതിന്റെ ഫോൺ വിളി കഴിഞ്ഞ ദിവസം ചൊർന്നത് വൻ വിവാദം സൃഷ്ടിച്ചിരുന്നു. അതിനു പിന്നാലെയാണ് റിപ്പബ്ലിക്കൻ പാർട്ടി നേതാവും വൈസ് പ്രസിഡണ്ടുമായ മൈക്ക് പെൻസിനോട് ബൈഡന്റെ വിജയം അംഗീകരിക്കരുതെന്ന് ട്രംപ് ആവശ്യപ്പെട്ടത്.
ഓരോ സംസ്ഥാനത്തുനിന്നുമുള്ള ഇലക്ടറൽ വോട്ടുകളുടെ എണ്ണവും, അതിനെ അടിസ്ഥാനമാക്കിയുള്ള ഫലവും ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതും അംഗീകരിക്കുന്നതും ഈ സമ്മേളനത്തിലാണ്. ഈ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കുന്നത് അമേരിക്കൻ വൈസ് പ്രസിഡണ്ടുമായിരിക്കും. ഇതിൽ ബൈഡന് നിർണ്ണായക വിജയം ലഭിച്ച ചില സംസ്ഥാനത്തെ വോട്ടുകളുടെ സാധുതയെ ചോദ്യം ചെയ്യുവാനാണ് ചില റിപ്പബ്ലിക്കൻ അംഗങ്ങൾ ഉദ്ദേശിക്കുന്നത്. ഇതിൽ ഇവർക്ക് അനുകൂലമായ നിലപാട് എടുക്കണമെന്ന ട്രംപിന്റെ നിർദ്ദേശമാണ് മൈക്ക് പെൻസ് നിരസിച്ചത്.
ഇതോടെയാണ് ഡൊണാൾഡ് ട്രംപ് അമേരിക്കയെ ലോകത്തിനു മുന്നിൽ നാണം കെടുത്തിയ ഈ നടപടിയിലേക്ക് തിരിഞ്ഞത്. തന്നെ ഏറെ സ്നേഹിക്കുന്നവർ തനിക്ക് വേണ്ടി പ്രതിഷേധിക്കുകയാണെന്ന് പറഞ്ഞ ട്രംപ് അവരോട് സമാധാനം പാലിക്കാൻ ആവശ്യപ്പെട്ടു. പ്രതിഷേധങ്ങളെ അടിച്ചമർത്താനോ മൂടിവയ്ക്കാനോ കഴിയില്ലെന്നും അദ്ദേഹം പിന്നീട് പറഞ്ഞു.
വെടിവയ്പിൽ ഒരാൾ മരിച്ചു; സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു
ട്രംപ് അനുകൂലികൾ അക്രമാസക്തരായി പാർലമെന്റിലേക്ക് ഇരച്ചു കയറുന്നതിനിടെ കനത്ത അക്രമസംഭവങ്ങളും ഉണ്ടായതായി റിപ്പോർട്ടുകൾ വരുന്നു. ജോ ബൈഡന്റെ വിജയ പ്രഖ്യാപനം ഒഴിവാക്കുവാനായി എത്തിയ സംഘം പൊലീസുമായി ഏറ്റുമുട്ടി. ഇതിനിടെ വെടിയേറ്റ ഒരു വനിത ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോൾ മരണമടഞ്ഞു. ആരാണേ വെടിവച്ചതെന്ന് വ്യക്തമായിട്ടില്ല എന്നാണ് പൊലീസ് പറയുന്നത്. അക്രമത്തിനിടയിൽ നിരവധി പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.
കാപിറ്റോൾ മന്ദിരത്തിനു സമീപം ഒരു സ്ഫോടക വസ്തു കണ്ടെടുത്തതായി പൊലീസ് സ്ഥിരീകരിച്ചു. എന്നാൽ പലയിടങ്ങളിലായി ഒന്നിലേറെ സ്ഫോടകവസ്തുക്കൾ ഉണ്ടായിരുന്നതായാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ വരുന്നത്. അക്രമകാരികളെ ഒതുക്കാൻ നാഷണൽ ഗാർഡിനേയും വിന്യസിച്ചിരുന്നു. ഇതോടെ വൈകിട്ട് 6 മണിക്ക് പൊലീസ് കർഫ്യൂ പ്രഖ്യാപിച്ചു. എന്നിട്ടും നൂറുകണക്കിന് പ്രതിഷേധക്കാർ കാപ്പിറ്റോൾ മൈതാനത്ത് കുത്തിയിരിക്കുകയാണ്. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുമോ എന്ന കാര്യം പക്ഷെ മേയർ മുറീൽ ബൗസർ വ്യക്തമാക്കിയില്ല.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. ജോർജിയ, കൻസാസ്, ന്യു മെക്സിക്കോ, ടെക്സാസ് തുടങ്ങിയ സംസ്ഥാനങ്ങളിലെ കാപിറ്റോൾമന്ദിരങ്ങളിലേക്കും പ്രതിഷേധക്കാർ ഇരച്ചുകയറി. രാജ്യതലസ്ഥാനത്ത് പാർലമെന്റിലേക്ക് ഇരച്ചുകയറിയ സംഘത്തിനോട് ഇറങ്ങിപോകാൻ നിയുക്ത പ്രസിഡണ്ട് ജോ ബൈഡൻ ആവശ്യപ്പെട്ടുവെങ്കിലും അവർ അതിന് ചെവികൊടുത്തില്ല.
ജനാധിപത്യത്തെ അവഹേളിക്കുന്ന പ്രവർത്തികൾ
ബാരിക്കേഡുകൾ തകർത്ത് കലാപകാരികൾ അകത്തെത്തിയതോടെ മൈക്ക് പെൻസ്, നാൻസി പെലോസി തുടങ്ങിയ കോൺഗ്രസ്സ് നേതാക്കളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ചേമ്പറിനകത്തുണ്ടായിരുന്ന പാർലമെന്റംഗങ്ങളോട് ഗ്യാസ് മാസ്‌കുകൾ ധരിക്കാൻ ആവശ്യപെട്ട പൊലീസ് പാർലമെന്റ് ഹാളിനകത്ത് കണ്ണീർ വാതകം പ്രയോഗിച്ചു. ഇതിനിടയിൽ പ്രതിഷേധക്കാരിൽ ഒരാൾ സെനറ്റിലെ അദ്ധ്യക്ഷന്റെ കസേരയിൽ കയറി ഇരുന്ന് ട്രംപാണ് തെരഞ്ഞെടുപ്പിൽ വിജയിച്ചത് എന്ന് പ്രഖ്യാപിച്ചു. ചില പ്രതിഷേധക്കാർ സ്പീക്കർ പെലോസിയുടെ ഓഫീസിലും കയറി ഇരുന്നു.
പാർലമെന്റിനു മുന്നിൽ പ്രതിഷേധക്കാർ തടിച്ചുകൂടുമ്പോൾ അവരോട് പിന്മാറാൻ ആവശ്യപ്പെടാൻ ട്രംപ് തയ്യാറായില്ലെന്നതാണ് മറ്റൊരു വസ്തുത. ഏറെ നേരത്തിനു ശേഷം തന്റെ അണികളോട്അക്രമമരുതെന്നും സമാധാനം പുലർത്തണമെന്നും മാത്രമായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. എന്നാൽ, പാർലമെന്റ് നടപടികളെ പോലും വികൃതമായി അനുകരിച്ചുകൊണ്ട് ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ കളങ്കം ചാർത്തുകയായിരുന്നു കലാപകാരികൾ. സംഭവ പരമ്പരകളെ ശക്തമായി അപലപിച്ച നിയുക്ത പ്രസിഡണ്ട്, ഒരു രാജ്യത്തെ തന്നെ രണ്ടായി വിഭജിക്കാനുള്ള ശ്രമമാണിതെന്നും പറഞ്ഞു. എന്നാൽ, രാജ്യം ഒറ്റക്കെട്ടായി നിൽക്കുമെന്നും അദ്ദേഹം ആവർത്തിച്ചു.
പ്രതിഷേധം രാജ്യവ്യാപകമായപ്പോൾ
രാജ്യ തലസ്ഥാനത്തെ പ്രതിഷേധങ്ങൾക്ക് പുറമേ വിവിധ സംസ്ഥാന തലസ്ഥാനങ്ങളിലും സംസ്ഥാന നിയമനിർമ്മാണ സഭകൾക്ക് മുന്നിൽ പ്രതിഷേധങ്ങൾ അരങ്ങേറി. അറ്റ്ലാന്റ, ഡെൻവർ, ഫീജിക്സ്, സോൾട്ട് ലേക്ക് സിറ്റിഎന്നിവിടങ്ങളിലും വാഷിങ്ടണിലേതിന് സമാനമായ രീതിയിലുള്ള അക്രമസംഭവങ്ങൾ അരങ്ങേറി. കൻസാസിലെ സ്റ്റേറ്റ് ഹൗസിലേക്ക് ഇരച്ചുകയറിയ പ്രതിഷേധക്കാർ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ തടിച്ചു കൂടി നിന്നെങ്കിലും അക്രമ സംഭവങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല.
കൊളോറാഡോ സംസ്ഥാനത്തിലെ സ്റ്റേറ്റ് ഹൗസിനു വെളിയിൽ 700 ഓളം പ്രതിഷേധക്കാർ ഒത്തുകൂടി. തുടർന്ന് ഡെന്വറിൽ മുൻസിപ്പൽ കോർപ്പറേഷൻ ഓഫീസ് അടച്ചുപൂട്ടാൻ ഡെൻവർ മേയർ ഉത്തരവിട്ടു. സ്റ്റേറ്റ്ഹൗസുകൾക്ക് മുന്നിലെ കനത്ത പ്രതിഷേധം കാരണം ജോർജിയയുടെ തലസ്ഥാനമായ അറ്റ്ലാന്റയിലെ ഒരു കോടതി സമുച്ചയവും സമീപത്തുള്ള സർക്കാർ ഓഫീസുകളും അടച്ചിടേണ്ടതായി വന്നു. ജോർജിയയിലെ സെക്രട്ടറിയെ വിളിച്ച് ബൈഡന്റെ വോട്ടുകൾ അസാധുവാക്കാൻ ട്രംപ് ആവശ്യപ്പെട്ടത് നേരത്തേ വിവാദമായിരുന്നു.
അരിസോണയുടെ തലസ്ഥാനമായ ഫീനിക്സിലും നൂറുകണക്കിന് ട്രംപ് അനുകൂലികൾ പ്രതിഷേധവുമായി തടിച്ചുകൂടി. സാൾട്ട് ലേക്ക് സിറ്റിയിലെ സ്റ്റേറ്റ് കാപിറ്റോൾ പ്രിസർവേഷൻ ബോർഡ് ചെയർപേഴ്സൺ തന്റെ ജീവനക്കാരോട് വീടുകളിൽ ഇരുന്ന് ജോലി ചെയ്യുവാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ഓഫീസ് അടച്ചുപൂട്ടിയതിനെ തുടർന്നാണിത്.
സംയുക്ത സമ്മേളനം അവസാനിപ്പിച്ച് ഇരു സഭകളും പ്രത്യേകം പ്രത്യേകം സമ്മേളനം ചേരും
പാർലമെന്റിന്റെ ഇരു സഭകളും സംയുക്ത സമ്മേളനം നടത്തിയാണ് തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതും അതിന് അംഗീകാരം നൽകുന്നതും. എന്നാൽ, ഏതെങ്കിലും ഒരു പ്രശ്നത്തിൽ ഒരംഗം വിയോജിപ്പ് രേഖപ്പെടുത്തിയാൽ, ഇരു സഭകളും പ്രത്യേകം പ്രത്യേകം സമ്മേളനം ചേർന്ന് യോജിച്ചൊരു തീരുമാനമെടുക്കണം. ഇതാണ് ചട്ടവട്ടം. നിലവിൽ ജനപ്രതിനിധി സഭയിൽ ഡെമോക്രാറ്റുകൾക്ക് തന്നെയാണ് ഭൂരിപക്ഷം. എന്നാൽ, സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടിക്കാണ് ഭൂരിപക്ഷം.
ഇതിൽ ഏതെങ്കിലും ഒരു സഭയിൽ പ്രമേയം അംഗീകരിക്കപ്പെട്ടില്ലെങ്കിൽ പ്രസിഡണ്ട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടികൾ പിന്നെയും നീളും. ഏതറ്റം വരെയും പോയി ബൈഡൻ അധികാരത്തിൽ ഏറാതിരിക്കാനുള്ള പദ്ധതികളാണ് ട്രംപ് തയ്യാറാക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് റിപ്പബ്ലിക്കൻ പാർട്ടിയിലെ അരിസോണയിൽ നിന്നുള്ള പ്രതിനിധി പോൾ ഗോസർ തന്റെ സംസ്ഥാനത്തുനിന്നുള്ള ഇലക്ടറൽ കോളേജ് വോട്ടുകൾ ബൈഡന് പോകുന്നതിനെ എതിർത്തത്.
ഒരംഗത്തിന്റെ എതിർപ്പ് വന്നതോടെ ഇരുസഭകളുടെയും സംയുക്ത സമ്മേളനം തുടരാനാകാത്ത സാഹചര്യമായി. ഇതോടെ സംയുക്ത സമ്മേളനം പിരിച്ചുവിട്ടുകൊണ്ട് പെൻസ് ഉത്തരവിട്ടു. തുടർന്ന് ഇരു സഭകളും പ്രത്യേകം പ്രത്യേകം സമ്മേളനത്തിനായി ഒരുങ്ങി. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം തെരഞ്ഞെടുപ്പിൽ കൃത്രിമത്വം നടന്നു എന്നതിന് എതിർപ്പ് അറിയിച്ച പ്രതിനിധി തെളിവുകൾ ഹാജരാക്കിയില്ല എന്നതാണ്. എന്നാൽ, നവംബറിലെ തെരഞ്ഞെടുപ്പിന് മുൻപായി തെരഞ്ഞെടുപ്പു നിയമം മാറ്റി എന്നാണ് ചൂണ്ടിക്കാട്ടിയത്.
വസ്തുതകൾ വളച്ചൊടിച്ച് കാര്യം നേടാൻ ട്രംപിന്റെ കുരുട്ടുബുദ്ധി
വോട്ടർമാരുടെ റെജിസ്ട്രേഷൻ ഒക്ടോബർ 5 ന് അവസാനിക്കണം എന്നാണ് നിയമം അനുശാസിക്കുന്നത്. എന്നാൽ, ഒബാമയുടെ കാലത്ത് നിയമിതനായ ഒരു ജഡ്ജി ഡെമോക്രാറ്റുകളുടെ സ്വാധീനത്തിന് വഴങ്ങി ഇതിനായി 18 ദിവസം കൂടി നീട്ടിക്കൊടുത്തു എന്നായിരുന്നു ആ പ്രതിനിധി ആരോപിച്ചത്. എന്നാൽ, അരിസോണയിലെ മാത്രമല്ല, മിക്ക സംസ്ഥാനങ്ങളിലേയും വോട്ടർ റെജിസ്ട്രേഷനുള്ള സമയം കോവിഡ് പ്രതിസന്ധികാരണം നീട്ടി നൽകിയിരുന്നു. ഇത് രണ്ട് പാർട്ടികളിലേയും വോട്ടർമാർക്ക് ബാധകവുമാണ്. കോവിഡ് പ്രതിസന്ധിമൂലം മറ്റു ചില സംസ്ഥാനങ്ങൾ മെയിൽ-ഇൻ വോട്ടിംഗിന്റെ സമയപരിധിയും നീട്ടിയിരുന്നു. ഇതും രണ്ടു പാർട്ടികളുടെയും വോട്ടർമാർക്ക് ബാധകമാണ്.
അതുകൊണ്ടുതന്നെ ഇതിനെ തെരഞ്ഞെടുപ്പ് കൃത്രിമത്വമെന്ന് വിളിക്കാൻ ആകില്ല. കോവിഡിന്റെ പശ്ചാത്തലത്തിൽ സകലമേഖലകളിലും നടന്നിരുന്ന കാര്യങ്ങൾക്ക് ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ട്. അതിന്റെ ഭാഗം മാത്രമായിരുന്നു ഈ സമയ പരിധി നീട്ടലും. എന്നാൽ, ഈ വസ്തുത മറച്ചുവച്ച് കാര്യം നേടാൻ ശ്രമിക്കുകയാണ് ട്രംപ്. സെനറ്റ് മെജോരിറ്റി ലീഡറായ മിറ്റ്ച്ച് മെക് കോണെൽ പോലും തന്റെ സ്വന്തം പാർട്ടി നേതാവായ ട്രംപിന് എതിരാണ്. ഇലക്ടറൽ കോളേജ് വോട്ടുകൾക്കെതിരെ കാര്യമില്ലാതെ എതിർപ്പുയർത്തുന്നത് ജനാധിപത്യത്തിന്റെ മരണമണി മുഴക്കലാണെന്നാണ് അദ്ദേഹം പറഞ്ഞത്. തെരഞ്ഞെടുപ്പ് വളരെ സുതാര്യമായിരുന്നു എന്നും അദ്ദേഹം സമ്മതിക്കുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ