രു രാജ്യത്തിന്റെ മാനം മുഴുവൻ കളഞ്ഞുകുളിച്ച പ്രഹസനങ്ങളായിരുന്നു ട്രംപും അനുയായികളും കൂടി ചെയ്തുവച്ചത്. ലോകത്തിന് മുന്നിൽ അമേരിക്ക തലകുനിച്ച് നിൽക്കാൻ വിധിക്കപ്പെട്ട നിമിഷങ്ങൾക്ക് കാരണക്കാരനായ ട്രംപിനെ പ്രസിഡണ്ട് പദത്തിൽ നിന്നും ഉടൻ തന്നെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സെനറ്റർ ചാൾസ് ഷൂമെർ, സ്പീക്കർ നാൻസി പെലോസി എന്നീ ഡെമോക്രാറ്റിക് പാർട്ടി നേതാക്കൾ വൈസ് പ്രസിഡണ്ട് മൈക്ക് പെൻസിനെ കണ്ടു. ജോ ബൈഡനെ വിജയിയായി പ്രഖ്യാപിച്ച, കോൺഗ്രസ്സിന്റെ സംയുക്ത സമ്മേളനത്തിൽ അദ്ധ്യക്ഷം വഹിച്ചതിനു ശേഷമാണ് അദ്ദേഹത്തെ അവർ കണ്ടത്.

പ്രസിഡണ്ട് ട്രംപിന്റെ സമ്മർദ്ദംഏറെയുണ്ടായിട്ടും കോൺഗ്രസ്സിന്റെ സംയുക്ത സമ്മേളനവുമായി ജോ ബൈഡൻ മുന്നോട്ടു പോവുകയായിരുന്നു. ഇലക്ടറൽ കോളേജ് വോട്ടുകൾ എണ്ണുകയും ജോ ബൈഡനെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു. ഭരണഘടനയിൽ 25 ആം ഭേദഗതി അനുസരിച്ച് പ്രസിഡണ്ടിനെ നീക്കം ചെയ്യണമെന്നാണ് ഡെമോക്രാറ്റിക് പാർട്ടി നേതാക്കൾ വൈസ് പ്രസിഡണ്ടിനോട് ആവശ്യപ്പെട്ടത്. ഇന്നലെ ഇതേ കുറിച്ചുള്ള വാർത്തകൾ പുറത്തുവരികയും ടെലിവിഷൻ ചാനലുകളിൽ 25 ആം ഭേദഗതി ചർച്ചക്കെത്തുകയും ചെയ്തതോടെ ട്രംപിന്റെ മാനസികനില ആകെ തകർന്നു എന്ന് ചില വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

ആദ്യം മൈക്ക് പെൻസിനെ ഫോണിൽ വിളിച്ച് ഇക്കാര്യം ആവശ്യപ്പെടാനാണ് തങ്ങൾ തീരുമാനിച്ചതെന്നും എന്നാൽ അദ്ദേഹം ഫോണിൽ ലഭ്യമാകാതിരുന്നതുകൊണ്ടാണ് ഇപ്പോൾ ഇത് പരസ്യമായി ആവശ്യപ്പെടുന്നതെന്നും ഷൂമർ പറഞ്ഞു. രാജ്യത്തിനെതിരെ കലാപത്തിന് കോപ്പുകൂട്ടുകയും അതുവഴി രാജ്യദ്രോഹ നടപടികൾകൈക്കൊള്ളുകയും ചെയ്ത ട്രംപിനെ ഉടൻ തന്നെ പിരിച്ചുവിടണമെന്ന് പെലോസിയും ആവശ്യപ്പെട്ടു. ഇന്നലെ അമേരിക്കൻ പ്രസിഡണ്ട് രാജ്യത്തിനെതിരെ ഒരു സായുധവിപ്ലവമാണ് നടത്തിയതെന്നും അവർ പറഞ്ഞു.

പ്രസിഡണ്ടിനെ സ്ഥാനത്തുനിന്നും മാറ്റുന്നതിനുള്ള ആലോചനകൾ കനക്കുന്നതിനിടയിൽ, സ്വയം മാപ്പു നൽകി പ്രസിഡണ്ട് പദത്തിൽ അവസാന നാൾ വരെ കടിച്ചു തൂങ്ങാനാകുമോ എന്ന് പരിശോധിക്കുകയാണ് ഇപ്പോൾ ട്രംപ്. വാട്ടർഗേറ്റ് സംഭവത്തിൽ രാജിവച്ച റിച്ചാർഡ് നിക്സണ് മാപ്പ് നൽകി മേൽ നടപടികളിൽ നിന്നും അന്നത്തെ പ്രസിഡണ്ട് ജെരാൾഡ് ഫോർഡ് രക്ഷിച്ചിരുന്നു. എന്നാൽ സ്വയം മാപ്പു നൽകൽ എത്രമാത്രം നിയമവിധേയമാണെന്നുള്ള കാര്യത്തിൽ നിയ്മജ്ഞർക്കിടയിൽ തർക്കമുണ്ട്. പ്രസിഡണ്ടിനുള്ള ഈ വിശിഷ്യാധികാരം ഉപയോഗിച്ച് ട്രംപ് തന്നെ നേരത്തേ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജനറൽ മൈ ഫ്ലിനിന് മാപ്പു നൽകിയിട്ടുണ്ട്.

കാപിറ്റോൾ മന്ദിരത്തിൽ ഇന്നലെ നടന്ന അക്രമ സംഭവങ്ങളെ കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്ന് യു എസ് അറ്റോർണി പറഞ്ഞു. അക്രമം നടത്തിയവർ മാത്രമല്ല, അതിന് പ്രചോദനം നൽകിയവരേയും കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, പ്രസിഡണ്ടിനുള്ള വിശേഷ അധികാരം ഉപയോഗിച്ച് തന്റെ കുടുംബാംഗങ്ങൾക്കും റാലിയിൽ പ്രസംഗിച്ച ട്രംപിന്റെ അഭിഭാഷകൻ റൂഡി ഗിലാനിക്കും മാപ്പ് നൽകാൻ അദ്ദേഹം ആലോചിക്കുന്നു എന്നാണ് സൂചനകൾ പുറത്തു വരുന്നത്. അതിനൊപ്പമാണ് സ്വയം മാപ്പു നൽകാനും ആലോചിക്കുന്നത്.

സ്വയം മാപ്പു നൽകാൻ കഴിയില്ലെന്നാണ് ഒരു വിഭാഗം നിയമജ്ഞർ പറയുന്നത്. അതുപോലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചത് രാജ്യദ്രോഹത്തിന്റെ കീഴിൽ വരും. രാജ്യദ്രോഹക്കുറ്റത്തിന് മാപ്പു നൽകാൻ പ്രസിഡണ്ടിന് അധികാരമില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ലോകത്തു നിന്നു തന്നെ ജനാധിപത്യം തുടച്ചുനീക്കാൻ ആഗ്രഹിക്കുന്ന പുട്ടിന്റെ കൈയിലെ ഒരു ഉപകരണം മാത്രമാണ് ട്രംപ് എന്ന് പെലോസി ആരോപിച്ചു. പ്രസിഡണ്ടിനെ ഉടനടി നീക്കം ചെയ്യാൻ ഭരണഘടനയുടെ 25 ആം ഭേദഗതി ഉപയോഗിച്ച് വൈസ്പ്രസിഡണ്ടിനാകും. എന്നാൽ അദ്ദേഹം അതിന് തയ്യാറാകുമെന്ന് തോന്നുന്നില്ല.

പിന്നെയുള്ള ഒരു വഴി ഇംപീച്ച്മെന്റാണ്. എന്നാൽ ഇക്കാര്യത്തിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ നിലപാടുകൂടി വ്യക്തമാകേണ്ടതുണ്ട്. ഇതുവരെ ഇല്ലിനോയിസിൽ നിന്നുള്ള റിപ്പബ്ലിക്കൻ പ്രതിനിധി ആഡം കിൻസിംഗർ മാത്രമാണ് ട്രംപിനെതിരെ 25 ആം ഭരണഘടനാ ഭേദഗതി ഉപയോഗിക്കണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിട്ടുള്ളത്. ജനാധിപത്യത്തെ രക്ഷിക്കുവാനാണ് താനിത് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ, ട്രംപിന് മറ്റൊരു തിരിച്ചടിയായി ഫേസ്‌ബുക്ക് സി ഇ ഒ മാർക്ക് സുക്കർബെർഗിന്റെ പ്രസ്താവനയെത്തി. ജോ ബൈഡൻ ചുമതലയേൽക്കുന്ന ദിവസം മുഴുവനും ടംപിനെ ഫേസ്‌ബുക്കിൽ നിന്നും ഇൻസ്റ്റാഗ്രാമിൽ നിന്നും വിലക്കും എന്നാണ് സുക്കർബെർഗ് പറഞ്ഞത്. പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ വലുതായതിനാലാണ് ഇത്തരമൊരു തീരുമാനം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.