ചെന്നൈ: തമിഴ് സീരിയൽ നടി വി.ജെ.ചിത്രയുടെ ആത്മഹത്യാ കേസിന്റെ അന്വേഷണം സെൻട്രൽ ക്രൈംബ്രാഞ്ചിനു കൈമാറി. ചിത്രയുടെ മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ടു കുടുംബം തമിഴ്‌നാട് മുഖ്യമന്ത്രിയെ കണ്ടതിനു പിന്നാലെയാണു നടപടി. ചിത്രയുടെ മരണത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് ചിത്രയുടെ കുടുംബം ആരോപിക്കുന്നത്. ഇതിന് പിന്നാലെ അറസ്റ്റിലായ ചിത്രയുടെ ഭർത്താവ് ഹേംനാഥിന്റെ ജാമ്യാപേക്ഷയിൽ കോടതി സർക്കാരിനോടു റിപ്പോർട്ടു തേടി.

വിവാഹ നിശ്ചയത്തിനുശേഷം ഒന്നിച്ചു താമസിക്കാൻ തുടങ്ങിയതോടെ അഭിനയം നിർത്താൻ നിർബന്ധിച്ചതും ഹേംനാഥ് മദ്യപിച്ചു സെറ്റിലെത്തി വഴക്കുണ്ടാക്കുന്നതും ചിത്രയെ കടുത്ത സമ്മർദത്തിലാഴ്‌ത്തിയെന്നാണു പൊലീസ് പറയുന്നത്. അതേസമയം ഹേംനാഥിന്റെ അറസ്റ്റിനു തൊട്ടുപിറകെ കൂടുതൽ പേർക്കു മരണത്തിൽ പങ്കുണ്ടെന്നാരോപിച്ചു കുടുംബം മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ കണ്ടു. ഇതോടെയാണു കേസ് സെൻട്രൽ ക്രൈം ബ്രാഞ്ചിനു കൈമാറിയത്. ഇതുസംബന്ധിച്ച ഉത്തരവ് സിറ്റി പൊലീസ് കമ്മിഷണർ മഹേഷ് കുമാർ അഗർവാൾ പുറത്തിറക്കി.

തമിഴ് സീരിയൽ നടിയായിരുന്ന ചിത്രയെ ഡിസംബർ ഒൻപതിനാണു ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ പ്രേരണാകുറ്റം ചുമത്തി ഡിസംബർ 15നാണ് ഭർത്താവ് ഹേംനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഹേംനാഥിന്റെ ജാമ്യാപേക്ഷയിൽ നിലപാടറിയിക്കാൻ ഹൈക്കോടതി സർക്കാരിന് നോട്ടിസ് അയച്ചു. കെട്ടിച്ചമച്ച ആരോപണങ്ങളുടെ പുറത്താണ് അറസ്റ്റെന്നാണ് അപേക്ഷയിൽ ഹേംനാഥ് ആരോപിക്കുന്നത്.

എംബിബിഎസ് സീറ്റ് വാഗ്ദാനം ചെയ്ത് മൂന്നു കുട്ടികളിൽനിന്നു ഒരു കോടിയിലധികം രൂപ കബളിപ്പിച്ചെന്ന കേസിൽ ഹേംനാഥിന്റെ അറസ്റ്റ് കഴിഞ്ഞ ദിവസം പൊലീസ് രേഖപ്പെടുത്തിയിരുന്നു.