- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിങ്ങളുടെ വാട്ട്സപ് വിവരങ്ങൾ ഫേസ്‌ബുക്കുമായി ഷെയർ ചെയ്യാൻ സമ്മതമില്ലെ ? എങ്കിൽ വാട്സ് അപ് ഡീ ആക്ടിവേറ്റ് ചെയ്ത് വിട്ടുപൊക്കോളൂ; ഫെബ്രുവരി എട്ടു മുതൽ നിലവിൽ വരുന്ന വാട്സ്അപ്പിലെ പ്രൈവസി പോളിസി പലരുടെയും അക്കൗണ്ട് ഇല്ലാതാക്കും
രണ്ട് ബില്ല്യണിലധികം ഉപയോക്താക്കൾ ഉള്ള ഒരു ആപ്പാണ് വാട്സ്ആപ്. ലോകത്തിലെ തന്നെ ഏറ്റവും ജനപ്രീതിയുള്ള ആപ്പുകളിലൊന്ന്. എന്നാൽ, ചിലർ ഇപ്പോൾ ഈ ആപ്പ് ഉപേക്ഷിക്കാൻ തുടങ്ങിയിരിക്കുന്നു. വാട്സ്ആപിലെ ഡാറ്റ ഫേസ്‌ബുക്കുമായി ഷെയർ ചെയ്യുവാൻ സമ്മതിക്കണമെന്ന പുതിയ നിബന്ധനയാണ് ഇതിനു കാരണമായിരിക്കുന്നത്.
ഫെബ്രുവരി 8 മുതൽ തങ്ങളുടെ സ്വകാര്യതാ നയത്തിൽ (പ്രൈവസി പോളിസി) മാറ്റങ്ങൾ വരുത്തുന്നുവെന്ന് വാട്സ്അപ് പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച്, യൂറോപ്പിനും ബ്രിട്ടനും വെളിയിലുള്ള ഏത് രാജ്യത്തിലെ ഉപയോക്താക്കൾക്കും തങ്ങളുടെ വാട്സ്അപ് ഡാറ്റ അവരുടെ മാതൃസ്ഥാപനമായ ഫേസ്‌ബുക്കുമായി പങ്ക്വയ്ക്കേണ്ടി വരും. ഇതനുസരിച്ച് വാട്സ്അപിന് ലഭിക്കുന്ന ഏതൊരു ഡാറ്റയും മറ്റ് ഫേസ്‌ബുക്ക് കമ്പനികളുമായി പങ്കുവയ്ക്കാനുള്ള അധികാരം അവർക്ക് ഉണ്ടായിരിക്കും.
കമ്പനികളുടെ സുഗമമായ നടത്തിപ്പിനായി വാട്സ്അപ് നൽകുന്ന ഡാറ്റ ഫേസ്‌ബുക്കും, ഫേസ്‌ബുക്ക് ഡാറ്റ വാട്സ്അപും ഉപയോഗിക്കും. ഓപ്പറേഷൻ, കസ്റ്റമർ സപ്പോർട്ട്, സേവനങ്ങളുടെ മാർക്കറ്റിങ് എന്നിവയിലെല്ലാം ഈ ഡാറ്റ ഉപയോഗിക്കാനാകും എന്നാണ് ഫേസ്‌ബുക്ക് വക്താവ് പറയുന്നത്. അതേസമയം, ബ്രിട്ടനിലേയും യൂറോപ്യൻ രാജ്യങ്ങളിലേയും വാട്സ്അപ് ഉപയോക്താക്കൾ ഫേസുബുക്കുമായി ഡാറ്റ പങ്കുവയ്ക്കേണ്ടതില്ല എന്ന് വാട്സ്അപ് വ്യക്തമാക്കിയിട്ടുണ്ട്.
ബ്രിട്ടൻ ഉൾപ്പടെയുള്ള യൂറോപ്യൻ മേഖലയിൽ ഡാറ്റ് ഷെയറിങ് സംബന്ധിച്ച നയത്തിന് വ്യത്യാസമൊന്നും ഉണ്ടാകില്ലെന്ന് വാട്സ്അപ് വ്യക്തമാക്കി. എന്നാൽ, മറ്റു രാജ്യങ്ങളിലെ ഉപയോക്താക്കൾക്കെല്ലാം വാട്സ്അപിൽ തുടരണമെങ്കിൽ ഡാറ്റ ഫേസ്‌ബുക്കുമായി ഷെയർ ചെയ്യേണ്ടതായി വരും. എന്നാൽ, ഇവിടെ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വാട്സ്അപിൽ നിങ്ങൾ അയക്കുന്ന സന്ദേശങ്ങൾ എൻക്രിപ്റ്റഡ് ആയതിനാൽ നിങ്ങൾ അയയ്ക്കുന്ന സന്ദേശങ്ങളിലെ ഡാറ്റ ഫേസ്‌ബുക്കിന് വായിക്കാൻ കഴിയില്ല. എന്നാൽ നിങ്ങൾ ആർക്കാണ് സന്ദേശമയയ്ക്കുന്നതെന്നും എത്ര തവണ സന്ദേശം അയച്ചെന്നും കാണാനാകും.
നിങ്ങൾ വാട്സ്അപ് ഉപയോഗിക്കുന്നു എങ്കിൽ ഈ ആഴ്‌ച്ച ഇക്കാര്യങ്ങൾ വിശദീകരിച്ച് നിങ്ങൾക്ക് ഒരു സന്ദേശം ലഭിക്കും. പുതിയ പ്രൈവസി പോളിസി വിശദീകരിച്ചതിനു ശേഷം അത് സമ്മതിക്കുവാൻ ആവശ്യപ്പെട്ടുകൊണ്ടായിരിക്കുംസന്ദേശം എത്തുക. അതിലെ ''എഗീ'' എന്ന ഓപ്ഷനിൽ ടാപ്പു ചെയ്യുക വഴി നിങ്ങൾ ഈ പുതിയ നയം അനുസരിക്കുകയാണ്. അത് ചെയ്തില്ലെങ്കിൽ നിങ്ങളുടെ വാട്സ്അപ് അക്കൗണ്ട് ഫെബ്രുവരി 8 ന് ശേഷം ഡീ ആക്റ്റിവേറ്റാകും.
2014 ലായിരുന്നു വാട്സ്ആപിനെ ഫേസ്‌ബുക്ക് സ്വന്തമാക്കിയത്. 2016 മുതൽ വാട്സപ് മാതൃകമ്പനിയായ ഫേസ്‌ബുക്കുമായി ഡാറ്റ ഷെയർ ചെയ്തുവരുന്നു. എന്നാൽ, ഇപ്പോൾ വരേയ്ക്കും അതിനനുമതി നൽകുവാനോ നൽകാതിരിക്കുവാനോ ഉള്ള അധികാരം ഉപയോക്താക്കൾക്ക് ഉണ്ടായിരുന്നു. ഇപ്പോൾ ഇത് നിർബന്ധമാക്കിയത് പല വാട്സ്അപ് ഉപയോക്താക്കളേയും ചൊടിപ്പിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ