ഏറ്റുമാനൂർ: കപ്പത്തോട്ടത്തിലേക്ക് ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം. എംസി റോഡിന് അരികിൽ ആറടി താഴ്ചയിലുള്ള കപ്പത്തോട്ടത്തിലേക്കു ഇന്നലെ പുലർച്ചെ നാലോടെയാണ് ലോറി മറിഞ്ഞത്. എന്നാൽ അപകട വിവരം പുറം ലോകം അറിഞ്ഞില്ല. ഏതാണ്ട് നാല് മണിക്കൂറുകൾക്ക് ശേഷമാണ് ഡ്രൈവറുടെ ദാരുണാന്ത്യത്തിനിടയാക്കിയ അപകടം പുറംലോകം അറിഞ്ഞത്.

പട്ടിത്താനം ചുമടുതാങ്ങി വളവിലുണ്ടായ അപകടത്തിൽ പൊള്ളാച്ചി മരച്ചിനൈകെൻപാളയം അരമനൈവീട്ടിൽ പത്തീശ്വരൻ (46) ആണു മരിച്ചത്. അപകടം നടന്നത് പുറം ലോകം അറിയാതെ പോയതും തക്ക സമയത്ത ആശുപത്രിയിലെത്തിക്കാൻ സാധിക്കാത്തതുമാണ് പത്തീശ്വരന്റെ മരണത്തിന് കാരണമായത്. പൊള്ളാച്ചിയിൽ നിന്നു തേങ്ങയുമായി മണർകാട്ടേക്കു പോകുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്.

ഇന്നലെ രാവിലെ 9നു രത്‌നഗിരി കലവറക്കാലായിൽ ജോസഫ് കുര്യനാണ് കപ്പത്തോട്ടത്തിൽ ലോറി മറിഞ്ഞുകിടക്കുന്നതും ഡ്രൈവർ സീറ്റിൽ ഒരാൾ കുടുങ്ങിക്കിടക്കുന്നതും കണ്ടത്. ജോസഫ് തന്റെ സഹോദരൻ തമ്പിയെ വിളിച്ചുവരുത്തി ഡ്രൈവറെ ലോറിയിൽ നിന്നിറക്കാൻ ശ്രമിച്ചെങ്കിലും മരിച്ചെന്നു മനസ്സിലായി.

അതുവഴി വന്ന ഇരുചക്ര വാഹനയാത്രക്കാരാണു ചുമടുതാങ്ങിയിൽ വാഹനപരിശോധന നടത്തിയിരുന്ന ഹൈവേ പൊലീസിനെ അറിയിച്ചത്. എസ്‌ഐ കെ.ലൂക്കോസ്, എഎസ്‌ഐ കെ.മനോജ് എന്നിവരും നാട്ടുകാരും ചേർന്നു ലോറിയിൽ നിന്നു പത്തീശ്വരന്റെ മൃതദേഹം പുറത്തെടുത്തു കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചു.