തൃശൂർ: റോഡ് മുറിച്ചു കടക്കുന്നതിനിടെ കാർ ഇടിച്ചിട്ട യുവാവ് പരിക്കുകൾ ഒന്നും ഏൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. തൃശൂർ കിഴക്കേകോട്ട ജംക്ഷനിലാണ് സംഭവം. ബൈക്ക് യാത്രികനായ യുവാവിനെ ഇടിച്ചിട്ട ശേഷം യുവാവിനെ കാർ വലിച്ചു കൊണ്ടു പോകുന്നത് കണ്ട് എല്ലാവരും അലറി വിളിച്ചെങ്കിലും ബൈക്കിന് മുന്നിൽ കുരുങ്ങി കാറിന് വശത്തായി ഇരുപ്പുറപ്പിച്ച യുവാവ് പരുക്കുകളൊന്നും കൂടാതെ അത്ഭുതകരമായ രക്ഷപ്പെടൽ നടത്തുക ആയിരുന്നു. അഞ്ചേരി സ്വദേശി വേലൂക്കാരൻ വീട്ടിൽ സെബിൻ (20) ആണ് അപകടത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. മുപ്പത് മീറ്ററോളമാണ് സെബിനെ കാർ വലിച്ചുകൊണ്ടു പോയത്.

വ്യാഴാഴ്ച വൈകിട്ട് കിഴക്കേകോട്ടയിലായിരുന്നു കണ്ടു നിന്നവരെ എല്ലാം സ്തബ്ദരാക്കിയ അപകടമുണ്ടായത്. കിഴക്കേകോട്ടയിൽ പാലക്കാട് ഭാഗത്തുനിന്നും വരികയായിരുന്നു ബൈക്ക് യാത്രികനായ സെബിൻ. ജൂബിലി മിഷൻ ആശുപത്രി ഭാഗത്തുനിന്നും വരികയായിരുന്ന പാലക്കാട് സ്വദേശി ഓടിച്ചിരുന്ന മാരുതി കാർ ആണ് ഇടിച്ച് നീക്കിപ്പോയത്. വൈകുന്നേരമായതിനാൽ ജംക്ഷനിൽ നല്ല തിരക്കായിരുന്നു. ബൈക്കുകളും മറ്റും റോഡ് മുറിച്ചു കടക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ്മറ്റൊരു ബൈക്കിന് തൊട്ടുപിന്നിലായി കടന്നു പോയിരുന്ന ബൈക്ക് യാത്രികനെ കാർ വേഗത്തിൽ ഇടിച്ച് വീഴ്‌ത്തിയത്. ബൈക്ക് മറിഞ്ഞഅ സെബിൻ കാറിന് മുന്നിലായി ബൈക്കിൽ ഇരിപ്പുറപ്പിക്കുകയായിരുന്നു. പെട്ടെന്നായിരുന്നു എല്ലാം സംഭവിച്ചത്.

റോഡിൽ ആണെങ്കിൽ നല്ല തിരക്കും. കണ്ടു നിന്നവരെല്ലാം നിലവിളിയായി. എന്തുചെയ്യണമെന്നറിയാതെ സെബിൻ ബൈക്കിൽ ഇരിന്നു, ശബ്ദംകേട്ട് കാർ നിറുത്തിയത് ഏറെ മുൻപോട്ട് പോയതിനുശേഷമാണ്. ബ്രേക്കിന് പകരം ആക്‌സിലേറ്ററിൽ കാൽ അമർന്നതായിരുന്നു കാർ നിയന്ത്രണംവിടാൻ കാരണമായത്. സെബിന് ഒരു പോറൽ പോലും ഏറ്റില്ല. ബൈക്കിന് ചെറിയ കേടുപാടുകൾ മാത്രമേ സംഭവിച്ചുള്ളു. ബൈക്കിന്റെ കേടുപാടുകൾ തീർക്കാമെന്ന് കാറുകാരൻ അറിയിച്ചതോടെ ഇരുവരും ധാരണയിലെത്തി. മറ്റ് സാരമായ പരുക്കുകളൊന്നും അപകടത്തിലില്ലാത്തതും പരാതികളില്ലാത്തതിനാലും പൊലീസും കേസൊന്നുമെടുത്തില്ല. ഇതിനിടെ അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിച്ചതോടെ പൊലീസ് കേസെടുത്തില്ലെങ്കിലും വൈറലാവുകയും ചെയ്തു.

ഇലക്ട്രിക്കൽ ജോലികഴിഞ്ഞ് വരുമ്പോഴാണ് പിന്നിലുള്ള കാർ പെട്ടെന്ന് എന്റെ അരികിൽ ഉണ്ടായിരുന്ന ബൈക്കിൽ തട്ടിയത്. നിയന്ത്രണംവിട്ട കാർ എന്റെ ബൈക്കിലും ഇടിച്ചത് അറിഞ്ഞു. പിന്നെ എന്താണ് സംഭവിച്ചതെന്ന് ശരിക്കും മനസ്സിലായത് വിഡിയോ കണ്ടപ്പോഴാണെന്ന് സെബിൻ പറയുന്നു. കാറ് ഇടിച്ചുനിരത്തി കൊണ്ടുപോകുന്ന ബൈക്കിന്റെ മുകളിൽ ഇരുന്ന് മുപ്പത് മീറ്ററോളം ദൂരം ഞാൻ മുന്നോട്ടുപോയി.

കാർ നിർത്തിയപ്പോൾ ചാടിയിറങ്ങി രക്ഷപ്പെട്ടു. ദൈവാനുഗ്രഹം അല്ലെങ്കിൽ ഞാനിപ്പോൾ ജീവനോടെ ഉണ്ടാവില്ല. ജംക്ഷനിൽ നിർത്തിയിട്ടിരുന്ന കാറിൽ ഉള്ളവരാണ് ദൃശ്യം സിസിടിവിയിൽ റെക്കോർഡ് ആയ വിവരം പറഞ്ഞത്. ഈ ദൃശ്യം ഞാൻ അമ്മയെ കാണിച്ചു. അമ്മ തലയിൽ കൈവച്ച് ഇരുന്നു പോയി. ബൈക്കിന്റെ ചെയ്‌സ് അടക്കം വളഞ്ഞു പോയി. എനിക്ക് പക്ഷേ ഒരു പോറൽ പോലും ഇല്ല. സെബിൻ പറഞ്ഞു നിർത്തി.