- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകനെ വിദേശത്തേക്ക് അയക്കാൻ പണം പലിശയ്ക്ക് എടുത്തു; പലിശ മുടങ്ങിയതോടെ പണം തിരികെ നൽകാൻ സമ്മർദ്ദം ശക്തമായി; കുളത്തിൽ ചാടി ആത്മഹത്യ ചെയ്ത് വീട്ടമ്മ: ഒപ്പം ചാടിയ ഭർതൃ സഹോദരനായുള്ള തിരച്ചിൽ തുടരുന്നു
പാറശാല: പലിശക്കെണിയിൽ വീണ വീട്ടമ്മയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒപ്പം കുളത്തിൽ ചാടിയെന്നു കരുതുന്ന ജന്മനാ അന്ധനും ബധിരനും മാനസിക വെല്ലുവിളി നേരിടുന്ന ആളുമായ ഭർതൃസഹോദരനായി തിരച്ചിൽ തുടരുന്നു. ചെങ്കൽ പോരന്നൂർ തോട്ടിൻകര ചിന്നംകോട്ടുവിള വീട്ടിൽ പരേതനായ നാഗരാജന്റെ ഭാര്യ സരസ്വതി (55)യാണ് മരിച്ചത്. നാഗരാജന്റെ സഹോദരൻ നാഗേന്ദ്രനായി (55) രാത്രി വൈകിയും വീടിനു സമീപമുള്ള പെരുമ്പല്ലി കുളത്തിൽ തിരച്ചിൽ തുടരുകയാണ്. കടത്തിന്റെ പലിശക്കെണി മൂലം ജീവനൊടുക്കിയെന്നാണ് സംശയം.
നാഗരാജൻ ആറു വർഷം മുമ്പു മരിച്ചു. അന്നു മുതൽ സഹോദരനായ നാഗേന്ദ്രനെ പരിചരിച്ചിരുന്നത് സരസ്വതിയാണ്. പൂർണമായും പരസഹായം വേണ്ട നാഗേന്ദ്രനെ ജീവിതകാലമത്രയും പരിചരിച്ചിരുന്ന സരസ്വതി മരണത്തിലും ഒപ്പം കൂട്ടുകയായിരുന്നുവെന്നു കരുതുന്നു. ' തന്റെ മരണ ശേഷം മറ്റുള്ളവർക്ക് ബാധ്യതയാകും എന്ന ഭയം മൂലം നാഗേന്ദ്രനെ മരണത്തിൽ ഒപ്പം കൂട്ടുന്നു ' എന്ന സരസ്വതിയുടെ ആത്മഹത്യക്കുറിപ്പ് വീട്ടിൽ നിന്നു കണ്ടെത്തി.
മകനെ വിദേശത്തേയ്ക്ക് അയക്കാൻ എടുത്ത പലിശ പണം പെരുകിയതാണ് ആത്മഹത്യയിലെത്തിച്ചത്. ഒരു വർഷം മുൻപ് മകനെ വിദേശത്ത് അയക്കുന്നതിന് വേണ്ടി സരസ്വതി പലിശയ്ക്ക് പണം കടം വാങ്ങിയിരുന്നു. പലിശ മുടങ്ങിയതിനെ തുടർന്ന് പണം തിരിച്ച് നൽകാൻ സമ്മർദം ശക്തമായതാണ് ആത്മഹത്യയ്ക്ക് കാരണം എന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ പണം നൽകേണ്ട അവസാന തീയതി ആയിരുന്നതായും സൂചനകൾ ഉണ്ട്. സരസ്വതിയുടെ മൃതദേഹം പാറശാല താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. മക്കൾ മഹേഷ്, മായ.