- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബ്രിട്ടന് കോവിഡ് വാക്സിൻ നിഷേധിക്കാനുള്ള യൂറോപ്യൻ യൂണിയൻ നീക്കത്തിന് തിരിച്ചടി; നോർത്തേൺ അയർലൻഡ് അതിർത്തിയിൽ തടയാനുള്ള നീക്കം നാടകീയമായി പിൻവലിച്ചു; യൂറോപ്പിലെ വാക്സിൻ യുദ്ധത്തിന്റെ കഥ
ബ്രിട്ടനിലെ രാഷ്ട്രീയ നേതാക്കൾ ഒറ്റക്കെട്ടായി പ്രതിഷേധമുയർത്തിയതിനെ തുടർന്ന് ബ്രിട്ടനിലേക്കുള്ള കോവിഡ് വാക്സിൻ വിതരണം നോർത്തേൺ അയർലൻഡ് അതിർത്തിയിൽ തടയുവാനുള്ള യൂറോപ്യൻ യൂണിയന്റെ നീക്കം നാടകീയമായി പിൻവലിച്ചു.
നോർത്തേൺ അയർലൻഡ് ഉൾപ്പടെ, ബ്രിട്ടനിലേക്ക് വാക്സിൻ കയറ്റുമതി ചെയ്യുന്നതുമായി ബന്ധപ്പെട്ട് യൂറോപ്യൻ യൂണിയൻ അവിശ്വസനീയമാം വിധത്തിലുള്ള ശത്രുതാ മനോഭാവത്തോടെ പ്രവർത്തിക്കുന്നു എന്ന ആരോപണം ഉയർന്നിരുന്നു. ബ്രെക്സിറ്റ് കരാറിലെ വ്യവസ്ഥകൾ ലംഘിച്ചുകൊണ്ടുതന്നെ യൂറോപ്പിൽ നിന്നും നോർത്തേൺ അയർലൻഡിലേക്ക് വാക്സിൻ കൊണ്ടുപോകുന്നത് തടയുവാനായിരുന്നു യൂറോപ്യൻ യൂണിയൻ തീരുമാനിച്ചിരുന്നത്.
അയർലൻഡ് ദ്വീപിന്റെ അതിർത്തികളിൽ സംഘർഷം വരെ സൃഷ്ടിക്കുമായിരുന്ന യൂറോപ്യൻ യൂണിയൻ നേതാക്കളുടെ ഈ തീരുമാനത്തിനെതിരെ അയർലൻഡിന്റെ പ്രധാനമന്ത്രി മൈക്കൽ മാർട്ടിൻ പ്രതിഷേധവുമായി അദ്യം രംഗത്തെത്തിയിരുന്നു. അതോടൊപ്പം, വാക്സിൻ വിതരണക്കാര്യത്തിൽ പരസ്പര സഹകരണമാണ് ആവശ്യമെന്ന് യൂറോപ്യൻ യൂണിയന്റെ പ്രധാന ബ്രെക്സിറ്റ് നെഗോഷിയേറ്ററായിരുന്ന മൈക്കൽ ബാർണിയറും പ്രസ്താവിച്ചു. യൂറോപ്യൻ യൂണിയന്റെ തീരുമാനത്തിൽ കടുത്ത ആശങ്കയുണ്ടെന്ന് പറഞ്ഞ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇക്കാര്യത്തിൽ യൂറോപ്യൻ യൂണിയൻ അവരുടെ ഉദ്ദേശങ്ങൾ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, തീരുമാനം പ്രഖ്യാപിച്ച് മണിക്കൂറുകൾ മാത്രം കഴിഞ്ഞപ്പോൾ യൂറോപ്യൻ യൂണിയൻ തീരുമാനത്തിൽ നിന്നും പുറകോട്ട് പോവുകയായിരുന്നു. വാക്സിൻ ഗതാഗതത്തിൽ നിയന്ത്രണങ്ങളുമായി മുന്നോട്ട് പോകില്ലെന്ന് അവർ വ്യക്തമാക്കി. യൂറോപ്യൻ യൂണിയന് പുറത്തേക്കുള്ള വാക്സിൻ കയറ്റുമതിയിൽ കൂടുതൽ സുതാര്യത ഉണ്ടാക്കുവാനായി യൂറോപ്യൻ കമ്മീഷൻ ചില നടപടികൾ കൈക്കൊള്ളുമെന്ന് പറഞ്ഞകമ്മീഷൻ അതിനായി ഇത്തരം കയറ്റുമതികൾ ഏതെങ്കിലും അംഗ രാജ്യത്തിന്റെ അനുമതിയോടെ ആകണമെന്നും പറഞ്ഞു. എന്നാൽ അതിന്റെ പേരിൽ അയർലാൻഡ്/ നോർത്തേൺ അയർലൻഡ് പ്രോട്ടോക്കോൾ ലംഘിക്കപ്പെടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തേ അസ്ട്രസെനെക, കരാർ പ്രകാരമുള്ള അളവ് വാക്സിൻ നൽകുവാൻ ബുദ്ധിമുട്ടുണ്ടെന്ന് യൂറോപ്യൻ യൂണിയനെ അറിയിച്ചതുമുതൽക്കാണ് യൂറോപ്യൻ യൂണിയനും ബ്രിട്ടനും തമ്മിലുള്ള തർക്കങ്ങൾ ഉടലെടുക്കുന്നത്. ബ്രിട്ടനിലേക്കുള്ള കയറ്റുമതി തടയുവാനായി പരസ്യമായി രംഗത്തെത്തുകയും ചെയ്തു. എന്നാൽ നോർത്തേൺ അയർലൻഡ് പ്രോട്ടോക്കോൾ ലംഘിക്കുവാനുള്ള നീക്കം ബ്രിട്ടീഷ് രാഷ്ട്രീയനേതാക്കളുടെ കടുത്ത എതിർപ്പിന് കാരണമായി. നോർത്തേൺ അയർലൻഡ് ഫസ്റ്റ് മിനിസ്റ്റർ തന്നെ ഇതിനെതിരായി രംഗത്തെത്തി.
അയർലൻഡ്-നോർത്തേൺ അയർലൻഡ് അതിർത്തിയിൽ സംഘർഷത്തിനു തന്നെ കാരണമാകുമായിരുന്നു, ഒരുപക്ഷെ യൂറോപ്യൻ യൂണിയൻ വാക്സിൻ കയറ്റുമതി തടയൽ നടപടികളുമായി മുന്നോട്ടു പോയിരുന്നെങ്കിൽ. അതുകൊണ്ടുതന്നെ ബ്രിട്ടീഷ് താത്പര്യങ്ങൾ സംരക്ഷിക്കുവാൻ മുന്നിട്ടിറങ്ങണമെന്ന് ഫസ്റ്റ് മിനിസ്റ്റർ ബോറിസ് ജോൺസനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതേസമയം, ഈ വിഷയത്തിൽ ഐറിഷ് പ്രധാനമന്ത്രിയും ആശങ്കയുയർത്തി.
വിവിധ നേതാക്കളും കാന്റർബറി ആർച്ച് ബിഷപ്പ് ഉൾപ്പടെയുള്ള പ്രമുഖ വ്യക്തികളും യൂറോപ്യൻ യൂണിയന്റെ തീരുമാനത്തിനെതിരെ രംഗത്തെത്തിയതോടെയാണ് അവർ തീരുമാനം പിൻവലിക്കാൻ തയ്യാറായത്. ഫൈസർ വാക്സിന്റെ 3.5 ദശലക്ഷം ഡോസുകളാണ് ബെൽജിയത്തിലെ ഉദ്പാദന യൂണിറ്റിൽ നിന്നും ഇനി ബ്രിട്ടനിലേക്ക് വരാനുള്ളത്. തത്ക്കാലത്തേക്ക് തീരുമാനം പിൻവലിച്ചെങ്കിലും വാക്സിൻ നിർമ്മാണ യൂണിറ്റുകളുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഉദ്ദേശമുണ്ടെന്നുള്ള വാർത്ത യൂറോപ്യൻ യൂണിയൻ നിഷേധിച്ചിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ