- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബ്രിട്ടൻ അടക്കം അനേകം രാജ്യങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ഫ്രാൻസും ജർമ്മനിയും; കോവിഡ് മരണങ്ങൾ 57,000 കടന്ന് സ്പെയിൻ; നിയന്ത്രണങ്ങളിൽ അയവു വരുത്തി ഒഴുക്കിനെതിരെ നീന്തി ഇറ്റലി; രണ്ടാം കൊറോണക്കാലത്തെ യൂറോപ്പിന്റെ കഥ
വാക്സിൻ ക്ഷാമം കൊടുമ്പിരികൊണ്ടിരിക്കുന്ന യൂറോപ്പിൽ കൊറോണ കനത്ത നാശം വിതയ്ക്കുകയാണ്. പല രാജ്യങ്ങളിലും വാക്സിന്റെ ആദ്യ ഡോസ് കൊടുക്കുന്നത് റദ്ദ് ചെയ്യേണ്ടുന്ന അവസ്ഥ വരെ വന്നു ചേർന്നിരിക്കുകയാണ്. അതിനിടയിലാണ് ബ്രിട്ടനിലേക്ക് ഫൈസർ വാക്സിൻ കയറ്റുമതി നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് കൊണ്ടുപിടിച്ചെടുത്ത തീരുമാനം പിൻവലിക്കേണ്ടി വന്നതും.
അസ്ട്രാസെനെക്കയിൽ ഓർഡർ ചെയ്തിരുന്ന 100 മില്ല്യൺ വാക്സിൻ ഡോസുകളുടെ കാൽ ഭാഗം മാത്രമേ നൽകാനാകൂ എന്ന ഉദ്പാദകരുടെ അറിയിപ്പാണ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളെ പ്രതിസന്ധിയിലാക്കിയത്. ഉദ്പാദന പ്രക്രിയയിൽ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായി ഫൈസറിൽ നിന്നുള്ള വാക്സിൻ വിതരണവും മന്ദഗതിയിലായിട്ടുണ്ട്. മാഡ്രിഡിലും പാരിസിലുമൊക്ക വാക്സിൻ പരിപാടി തത്ക്കാലത്തേക്ക് നിർത്തിവയ്ക്കേണ്ട ഗതികേട് തന്നെയാണ് നിലവിൽ സംജാതമായിരിക്കുന്നത്. പോർച്ചുഗലിലും ജർമ്മനിയിലും സ്ഥിതി വ്യത്യസ്തമല്ല. ഇവിടങ്ങളിൽ വാക്സിൻ പദ്ധതി പ്രതീക്ഷിച്ചതിലും വൈകുമെന്ന് സർക്കാർ വൃത്തങ്ങൾ തന്നെ സമ്മതിക്കുന്നു.
അസ്ട്രാസെനെക്കയിൽ വാക്സിൻ ഓർഡർ നൽകുന്നതിൽ വരുത്തിയ കാലതാമസമാണ് പ്രധാനമായും യൂറോപ്യൻ യൂണിയന് വിനയായത്. ബ്രിട്ടൻ ഓർഡർ നൽകിയതിനുശേഷം മൂന്നു മാസം കഴിഞ്ഞാണ് യൂറോപ്യൻ യൂണിയൻ ഓർഡർ നൽകുന്നത്. അതിനിടയിൽ ഉദ്പാദന പ്രക്രിയയിൽ വന്ന ചില പ്രായോഗിക തടസങ്ങൾ കൂടി മാർച്ചിനു മുൻപായി കരാറിൽ ഉറപ്പിച്ചത്ര അളവിലുള്ള വാക്സിൻ യൂറോപ്യൻ യൂണിയന് നൽകുന്നതിൽ വിഘാതം സൃഷ്ടിച്ചു.
അങ്ങനെ ഒരുഭാഗത്ത് രോഗവ്യാപനം ശക്തി പ്രാപിക്കുമ്പോൾ മറുഭാഗത്ത് വാക്സിൻ പദ്ധതി പ്രതീക്ഷിച്ച വേഗതയിൽ കൊണ്ടുപോകാനാകാതെ വിഷമിക്കുകയാണ് യൂറോപ്യൻ യൂണിയനിലെ അംഗരാഷ്ട്രങ്ങൾ. എന്നിട്ടും, രോഗവ്യാപനം തടയുവാനായി വിവിധ മാർഗ്ഗങ്ങളിലൂടെ കിണഞ്ഞ് പരിശ്രമിക്കുന്നുമുണ്ട്. വിദേശയാത്രകൾക്കുള്ള നിരോധനമുൾപ്പടെ പല രാജ്യങ്ങളും കടുത്ത നടപടികളിലേക്ക് നീങ്ങിക്കഴിഞ്ഞു.
ബ്രിട്ടനുൾപ്പടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് വിലക്കേർപ്പെടുത്തി ഫ്രാൻസ്
ബ്രിട്ടൻ ഉൾപ്പടെ, യൂറോപ്യൻ യൂണിയനിലെ അംഗങ്ങളല്ലാത്ത എല്ലാ രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഫ്രാൻസിൽ വിലക്കേർപ്പെടുത്തുകയാണ്. എന്നാൽ, അത്യാവശ്യ കാര്യങ്ങൾക്ക് രാജ്യം സന്ദർശിക്കാൻ അനുമതിയുണ്ട്. ഒരു മൂന്നാം ലോക്ക്ഡൗണിനുള്ള സാധ്യതകൾ നിഷേധിച്ചുകൊണ്ട് ഫ്രഞ്ച് പ്രധാനമന്ത്രി ജീൻ കാസ്ടെക്സ് അറിയിച്ചതാണിത്. യാത്രാവിലക്ക് ഞായറാഴ്‌ച്ച മുതൽ നിലവിൽ വരുമെന്നും അദ്ദേഹം പ്രസ്താവിച്ചു. വിദേശങ്ങളിൽ നിന്നും അതിതീവ്ര വ്യാപനശേഷിയുള്ള വൈറസുകൾ രാജ്യത്ത് വരുന്നത് തടയുവാനാണ് ഈ വിലക്ക് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ ഒരു മൂന്നാം ലോക്ക്ഡൗൺ പ്ര്ഖ്യാപിക്കുവാനുള്ള സാഹചര്യം ഇല്ലെന്ന് പറയുമ്പോഴും വരുന്ന കുറച്ച് ദിവസങ്ങൾ നിർണ്ണായകമാണെന്നും ലോക്ക്ഡൗണിനെ കുറിച്ച് ആലോചിക്കേണ്ടെ വന്നേക്കാം എന്നും അദ്ദേഹം പറഞ്ഞു. അതേസമയം ബ്രിട്ടനും ഫ്രാൻസിനും ഇടയിലുള്ള ചരക്ക് ഗതാഗതത്തെ ഈ യാത്രാവിലക്ക് ബാധിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. അതിനൊപ്പം തന്നെ വൈകിട്ട് 6 മണി കഴിഞ്ഞുള്ള നേരത്തെ കർഫ്യൂ കൂടുതൽ കർക്കശമായി നടപ്പിലാക്കുവാനുള്ള നടപടികളും ഫ്രഞ്ച് സർക്കാർ കൈക്കൊണ്ടിട്ടുണ്ട്.
യൂറോപ്യൻ യൂണിയനിൽ അംഗങ്ങളല്ലാത്ത രാജ്യങ്ങളുമായുള്ള യാത്രാബന്ധം വിച്ഛേദിച്ച ഫ്രാൻസ് പക്ഷെ അത്യാവശ്യകാര്യങ്ങൾക്കുള്ള യാത്രകൾക്ക് അനുമതി നൽകിയിട്ടുണ്ട്. അതിർത്തിക്കപ്പുറം താമസിക്കുന്ന, എന്നാൽ ഫ്രാൻസിൽ ജോലിചെയ്യുന്നവർക്കും ഇക്കാര്യത്തിൽ ഇളവുകളുണ്ട്. എന്നാൽ അവർ അതിർത്തിയിൽ നെഗറ്റീവ് പി സി ആർ ടെസ്റ്റ് റിപ്പോർട്ട് കാണിക്കേണ്ടതായി വരും. വായുമർഗ്ഗവും ജലമാർഗ്ഗവും എത്തുന്നവർക്ക് ഇത് നേരത്തേ ബാധകമായിരുന്നെങ്കിൽ ഇനി മുതൽ കരമാർഗ്ഗം എത്തുന്നവർക്കും ഇത് ബാധകമാകും.
അതിതീവ്ര വൈറസുകളെ നേരിടാനൊരുങ്ങി ജർമ്മനി
ജനിതകമാറ്റം സംഭവിച്ച പുതിയ അതിതീവ്ര വൈറസുകൾ വ്യാപിച്ച രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ജർമ്മനിയിൽ പ്രവേശിക്കുന്നതിൽ വിലക്കേർപ്പെടുത്തി. ഇതനുസരിച്ച് ബ്രിട്ടൻ, അയർലൻഡ്, ബ്രസീൽ, പോർച്ചുഗൽ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഫെബ്രുവരി 17 വരെ ജർമ്മനിയിൽ പ്രവേശിക്കാൻ കഴിയില്ല. ഈ അഞ്ചു രാജ്യങ്ങളിലാണ് ജനിതകമാറ്റം സംഭവിച്ച പുതിയ ഇനം വൈറസുകൾ ഏറെ വ്യാപിച്ചിരിക്കുന്നത്.
യാത്രാവിലക്കുകൾ ഉൾപ്പടെയുള്ള കാര്യങ്ങൾ യൂറോപ്യൻ യൂണീയൻ പരിഗണിച്ചില്ലെങ്കിൽ ജർമ്മനി സ്വന്തം നിലയിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് നേരത്തേ ജർമ്മനിയുടെ ഇന്റീരിയർ മിനിസ്റ്റർ പ്രഖ്യാപിച്ചിരുന്നു. അതാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. വായുമാർഗ്ഗവും സമുദ്രമാർഗ്ഗവും കരമാർഗ്ഗവുമായുള്ള യാത്രകൾക്കൊക്കെയും ഈ വിലക്ക് ബാധകമാണ്. എന്നാൽ, ജർമ്മൻ പൗരന്മാർ, ജർമ്മനിയിൽ സ്ഥിരതാമസം ആക്കിയവർ തുടങ്ങിയവർക്ക് ഈ വിലക്ക് ബാധകമാവില്ല. അതുപോലെ ചരക്കുഗതാഗതത്തിനും തടസ്സമുണ്ടാകില്ല.
മരണം 57,000 കടന്നു സ്പെയിൻ
കൊറോണയുടെ ഒന്നാം വരവിൽ ലോകത്തിലെ തന്നെ ഏറ്റവും കർശനമായ ലോക്ക്ഡൗൺ ആയിരുന്നു സ്പെയിനിലേത്. എന്നാൽ കഴിഞ്ഞ ജൂൺ മാസത്തോടെ ലോക്ക്ഡൗണിൽ ഇളവുകൾ വരുത്തി. വേനൽക്കാല വിനോദസഞ്ചാരകേന്ദ്രമയ സ്പെയിനിൽ വേനൽക്കാലമയപ്പോഴേക്കും ലോക്ക്ഡൗൺ ഏതാണ്ട് പൂർണ്ണമായിത്തന്നെ ഇല്ലാതെയായിരുന്നു. എന്നാൽ ഇതിന് വലിയ വിലയാണ് സ്പാനിഷ് ജനത നൽകേണ്ടിവന്നത്. രോഗവ്യാപനം നിയന്ത്രണാതീതമായതോടെ ഒക്ടോബറിൽ പുതിയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
കൊറോണയുടെ രണ്ടാം വ്യാപനം നിയന്ത്രണാധീനമാക്കുന്നതിനായി രാത്രി 11 മണിമുതൽ രാവിലെ 6 മണിവരെ കർഫ്യൂവും പ്രഖ്യാപിച്ചു. രാജ്യത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും ഈ കർഫ്യൂ നിലനിൽക്കുന്നുണ്ട്. മാത്രമല്ല, രോഗവ്യാപനം തീവ്രമായ ചിലയിടങ്ങളിൽ ബാറുകളും റെസ്റ്റോറന്റുകളും അടച്ചുപൂട്ടി. ഏകദേശം 40 ദിവസങ്ങളോളം അടഞ്ഞു കിടന്ന ബാറുകളും റെസ്റ്റോറന്റുകളും നവംബറിൽ കർശനമായ നിബന്ധനകളോടെ തുറക്കാൻ അനുമതി നൽകി.
പ്രാദേശികമായി തന്നെ ചിലയിടങ്ങളിൽ യാത്രാവിലക്കും നിലനിൽക്കുന്നുണ്ട്. എന്നാൽ, സർക്കാർ കൈക്കൊണ്ട നടപടികളെല്ലാം ഫലപ്രദമായില്ലെന്ന സൂചനകളാണ് സ്പെയിനിൽ നിന്നും വരുന്നത്. ഇന്നലെ സ്പെയിനിലെ മൊത്തം കോവിഡ് മരണങ്ങൾ 57,000 കടന്നു. ഇതുവരെ 57,806 പേരാണ് സ്പെയിനിൽ കോവിഡിനു കീഴടങ്ങി മരണം വരിച്ചത്. കൊറോണ ഏറ്റവും അധികം ദുരന്തം വിതച്ച യൂറോപ്യൻ രാജ്യങ്ങളിൽ ഒന്നാണ് സ്പെയിൻ. അതേസമയം, വാക്സിൻ ക്ഷാമം ഗുരുതരമായി ബാധിച്ച ഒരു രാജ്യം കൂടിയാണിത്. മാഡ്രിഡിൽ പോലും വാക്സിൻ പദ്ധതി നീട്ടിവയ്ക്കേണ്ടതായി വന്നിരിക്കുന്നു.
ഒഴുക്കിനെതിരെ നീന്താൻ ഇറ്റലി
യൂറോപ്പിലാകെ ആഞ്ഞടിക്കുന്ന കൊറോണയുടെ രണ്ടാം തരംഗം ഇറ്റലിയേയും വെറുതെ വിടുന്നില്ല. മറ്റു രാജ്യങ്ങളൊക്കെയും ഇതിനെ ചെറുക്കാൻ നിയന്ത്രണങ്ങൾ കർശനമാക്കുമ്പോൾ ഇറ്റലി നേരെതിരിച്ച് നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്താൻ ഒരുങ്ങുകയാണ്. ആരോഗ്യ രംഗത്തെ വിദഗ്ദരുടെ മുന്നറിയിപ്പുകളെ അവഗണിച്ചാണ് സർക്കാർ ഇളവുകളുമായി മുന്നോട്ടുപോകുന്നത്. ഇതനുസരിച്ച്, രാജ്യത്തെ അഞ്ചു പ്രത്യേക മേഖലകൾ ഒഴിച്ച് ബാക്കിയുള്ളവയെല്ലാം യെല്ലോ സോണിലേക്ക് താഴ്‌ത്തും.
റെഡ് സോൺ, ഓറഞ്ച് സോൺ, യെല്ലോ സോൺ എന്നിങ്ങനെ മൂന്നായിട്ടാണ് ഇറ്റലിയിൽ നിയന്ത്രണങ്ങളുടെ കാഠിന്യമനുസരിച്ച് വിവിധ മേഖലകളെ തരം തിരിച്ചിരിക്കുന്നത്. വെനീസിനും ചുറ്റും ഉള്ള വെനേറ്റോ മേഖല ഇതുവരെ ഓറഞ്ച് സോണിൽ ആയിരുന്നു. ഇനി മുതൽ അത് യെല്ലോ സോണിലേക്ക് മാറ്റും. യെല്ലോസോണിൽ പകൽ സമയത്ത് ബാറുകൾക്കും റെസ്റ്റോറന്റുകൾക്കും തുറന്നു പ്രവർത്തിക്കാനുള്ള അനുമതി ഉണ്ടാകും. മാത്രമല്ല, മേഖലയ്ക്കുള്ളിൽ യാത്രാ നിയന്ത്രണത്തിനും ഇളവുകൾ ഉണ്ടാകും.
തെക്കൻ ഇറ്റലിയിലെ കലാബ്രിയ, വടക്കൻ ഇറ്റലിയിലെ എമിലിയ-റൊമാഗ്‌ന എന്നീ മേഖലകളും യെല്ലോ സോണായി തരം താഴ്‌ത്തിയിട്ടുണ്ട്. ഞായറാഴ്‌ച്ച മുതൽ ആയിരിക്കും ഇതിനുള്ള ഉത്തരവ് പ്രാബല്യത്തിൽ വരിക. അന്നേദിവസം മുതൽ പ്യുഗ്ലിയ, സാർഡിനില, സിസിലി, അമ്പ്രിയ, കൂടാതെ സ്വയം ഭരണാവകാശമുള്ള ബൊൽസാനോ എന്നീ മേഖലകൾ റേഡ് സോണിൽ നിന്നുംഓറഞ്ച് സോൺ ആകും.
മറുനാടന് മലയാളി ബ്യൂറോ