- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെല്ലിക്കോട്ട് സ്വദേശിയുടെ കാർ ഇടിച്ചിട്ടത് റോഡരുകിൽ നിന്ന നാലു പേരെ; കൊലപ്പെടുത്താനുള്ള ശ്രമമായിരുന്നെന്ന് പരിക്കേറ്റവർ; പിന്നാലെ അജ്ഞാതർ കാറിന് തീയിട്ടു നശിപ്പിച്ചു
കുഞ്ചിത്തണ്ണി: ഇരുപതേക്കർ നെല്ലിക്കാട്ടിൽ റോഡരികിൽ നിന്ന നാലു പേരെ കാർ ഇടിച്ചു തെറിപ്പിച്ചു. പിന്നാലെ കാറിന് അജ്ഞാതർ തീയിട്ടു നശിപ്പിച്ചു. നെല്ലിക്കാട് സ്വദേശി മണിയുടെ ഉടമസ്ഥതയിലുള്ള കാറാണ് റോഡരികിൽ നിന്ന നാലു പേരെ ഇടിച്ചു തെറിപ്പിച്ചത്. കാർ ഇടിച്ചു പരുക്കേറ്റ നെല്ലിക്കാട് കുന്നുംപുറത്ത് അജി (42), നിത്യ (30), ആർ.കണ്ണൻ (40), മൂലക്കട വാഴയിൽ സുധാകരൻ (55) എന്നിവർ അടിമാലിയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
മണി കാർ മനപ്പൂർവ്വം ഇടിച്ചതാണെന്നും കൊലപ്പെടുത്താനുള്ള ശ്രമമായിരുന്നെന്നും പരിക്കേറ്റവർ പറഞ്ഞു. അപകടം നടക്കുമ്പോൾ മണിയാണ് വാഹനം ഓടിച്ചിരുന്നത്. മണിയും അജിയും തമ്മിൽ മുൻപും ചില പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. അപകടത്തെ തുടർന്ന് പ്രകോപിതരായ നാട്ടുകാരിൽ ചിലർ വാഹനം തല്ലിത്തകർക്കാൻ ശ്രമിച്ചിരുന്നു. രാജാക്കാട് പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും മണിയെ കണ്ടെത്താൻ കഴിഞ്ഞില്ല.
സമീപത്തെ ഏലത്തോട്ടത്തിനു സമീപം നിർത്തിയിട്ടിരുന്ന കാർ അർധരാത്രിയോടെ അജ്ഞാതർ കത്തിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മനഃപൂർവം കൊലപ്പെടുത്താനുള്ള ശ്രമമായിരുന്നെന്ന് പരുക്കേറ്റവർ മൊഴി നൽകിയതിന്റെ അടിസ്ഥാനത്തിൽ കൊലപാതക ശ്രമം അടക്കമുള്ള വകുപ്പുകൾ ചേർത്ത് മണിക്കെതിരെ കേസ് എടുത്തതായി രാജാക്കാട് സിഐ എച്ച്.എൽ.ഹണി പറഞ്ഞു. വാഹനം കത്തിച്ച സംഭവത്തിലും പൊലീസ് കേസ് എടുത്തു.