പറവൂർ: കൈമുറിഞ്ഞതിന് താലൂക്ക് ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ യുവാവ് ആശുപത്രി തല്ലിപ്പൊളിച്ചു. അത്യാഹിത വിഭാഗത്തിന്റെ വാതിൽ തകർത്ത് ഇസിജി മെഷീൻ, മൾട്ടി പാര മോണിറ്റർ എന്നിവ നശിപ്പിച്ച യുവാവ് ആശുപത്രിക്ക് രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഉണ്ടാക്കിയത്. സംഭവത്തിൽ കെടാമംഗലം കല്ലറയ്ക്കൽ അഖിലി (23)നെ പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടുകാരുമൊത്തു മദ്യപിക്കുന്നതിനിടെയാണു കൈ മുറിഞ്ഞതെന്നും സംഭവസമയത്ത് ഇയാൾ മദ്യലഹരിയിൽ ആയിരുന്നെന്നും പൊലീസ് പറഞ്ഞു.

ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. മദ്യലഹരിയിലായിരുന്ന അഖിലിനെ കൈ മുറിഞ്ഞ നിലയിൽ പുലർച്ചയോടെ രണ്ട് സുഹൃത്തുക്കളാണ് ആശുപത്രിയിൽ എത്തിച്ചത്. മുറിവിൽ നിന്നു വലിയതോതിൽ ചോര പുറത്തേക്ക് ഒഴുകിയിരുന്നു. ആശുപത്രി അധികൃതർ മുറിവു വച്ചുകെട്ടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ അക്രമാസക്തനായി. കൂടെയുണ്ടായിരുന്ന രണ്ട്‌സുഹൃത്തുക്കൾ ഇയാളെ ശാന്തനാക്കാൻ ശ്രമിച്ചു. എന്നാൽ, ഇയാൾ അക്രമാസക്തനാവുകയും അവരെ മർദിക്കുകയും ചെയ്തു. തുടർന്നു മൂവരും തമ്മിൽ അടിപിടിയാവുകയും ആശുപത്രി ജീവനക്കാർക്ക് നേരെ തിരിയുകയും ചെയ്തു.

സംഭവം വഷളാകുമെന്ന് മനസ്സിലാക്കിയ ലേഡി ഡോക്ടർ ഫോൺ ചെയ്യാൻ അത്യാഹിത വിഭാഗത്തിലേക്കു പോയി. ഡോക്ടറുടെ പിന്നാലെ എത്തിയ ഇയാൾ അത്യാഹിത വിഭാഗത്തിലെ വാതിൽ തകർത്തു. കാബിൻ പൊളിച്ചു. ഇസിജി മെഷീൻ, മൾട്ടി പാര മോണിറ്റർ എന്നിവ നശിപ്പിച്ചു. ഒടുവിൽ കെട്ടിടത്തിൽ നിന്നു പുറത്തേക്ക് ഇറങ്ങാനുള്ള ഗ്രില്ല് ആശുപത്രി അധികൃതർ അടച്ചതോടെ ഇയാൾക്കു പുറത്തേക്കു പോകാനായില്ല. തുടർന്നു പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തു. ആശുപത്രിക്കു രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്ന് സൂപ്രണ്ട് ഡോ.പി.എസ്.റോസമ്മ പറഞ്ഞു.

ഹോസ്പിറ്റൽ ആക്ട്, പൊതുമുതൽ നശീകരണം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് അഖിലിനെതിരെ കേസെടുത്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ പ്രതിഷേധിച്ചു ഡോക്ടർമാർ ഒപി മുടക്കി. കലക്ടർ, ഡിഎംഒ എന്നിവരെത്തി ഡോക്ടർമാരുമായി ചർച്ച നടത്തി. ജീവനക്കാർക്കുള്ള സുരക്ഷ ഉറപ്പാക്കുമെന്നു കലക്ടർ പറഞ്ഞതിനുശേഷം 11 മണിയോടെയാണ് ഒപി പുനരാരംഭിച്ചത്. എംഎൽഎ, നഗരസഭാധികൃതർ എന്നിവരും സ്ഥലത്തെത്തിയിരുന്നു.

ഏതാനും ദിവസങ്ങൾക്കു മുൻപ് മറ്റൊരാൾ ആശുപത്രിയിലെ 2 ജീവനക്കാരെ മർദിച്ച സംഭവം ഉണ്ടായി. ഈ കുറ്റവാളിയെ പിടിക്കാൻ പൊലീസിനു കഴിഞ്ഞിട്ടില്ല. പ്രതിയെ ഉടനെ അറസ്റ്റ് ചെയ്യണമെന്നും താലൂക്ക് ആശുപത്രിയിൽ മുൻപ് ഉണ്ടായിരുന്ന പൊലീസ് എയ്ഡ് പുനഃസ്ഥാപിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആശുപത്രി കേന്ദ്രീകരിച്ചു രാത്രികാല പട്രോളിങ് കർശനമാക്കണമെന്നും കലക്ടർ പൊലീസിനു നിർദ്ദേശം നൽകി. ആശുപത്രിയിൽ അടിയന്തരമായി പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നു നഗരസഭാധ്യക്ഷ വി.എ.പ്രഭാവതിയും ആവശ്യപ്പെട്ടു.