- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇംഗ്ലണ്ടിലെ എട്ടിടങ്ങളിൽ മാരകമായ ദക്ഷിണാഫ്രിക്കൻ വകഭേദത്തെ കണ്ടെത്തി; വീടുകളിൽ എത്തി പരിശോധിച്ച് മെഡിക്കൽ സംഘം; എന്തിനാണ് എല്ലാവരും ആഫ്രിക്കൻ വൈറസിനെ ഭയക്കുന്നത്? വാക്സിൻ അത് മറികടക്കുമോ?
കൊറോണയുടെ രണ്ടാം വരവിന്റെ കാഠിന്യം കുറഞ്ഞുവരുമ്പോഴും എട്ട് വ്യത്യസ്ത ഇടങ്ങളിലായി ദക്ഷിണാഫ്രിക്കൻ കൊറോണയുടെ സാന്നിദ്ധ്യം കണ്ടെത്തിയത് ബ്രിട്ടനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയിലേക്ക് യാത്രചെയ്യുകയോ, ദക്ഷിണാഫ്രിക്കയുമായി മറ്റേതെങ്കിലും തരത്തിൽ സമ്പർക്കം പുലർത്തുകയോ ചെയ്യാത്തവരിലാണ് ഇത് കണ്ടെത്തിയത് എന്നാണ് ആശങ്കയുയർത്തുന്ന കാര്യം. ഇതോടെ, ഈ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയ ഇടങ്ങളിൽ വ്യാപകമായ രോഗപരിശോധനക്ക് സർക്കാർ ഒരുങ്ങുകയാണ്.
ഹെർട്ട്ഫോർഡ്ഷയർ, സറേ, കെന്റ്, വാൾസൽ, സെഫ്ടോൺ, ലണ്ടൻ ബറോകളായ മെർട്ടൺ, ഹാരിംഗേ, ഈലിങ് എന്നിവിടങ്ങളിലാണ് ഈ മാരകവൈറസിനെ കണ്ടെത്തിയത്. ഇതോടെ ഇവിടങ്ങളിൽ എല്ലാ വീടുകളിലും കയറി ആളുകളെ രോഗപരിശോധനക്ക് വിധേയരാക്കുവാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്. ഈ അതിതീവ്ര വൈറസിന്റെ വ്യാപനം തടയുവാനായി, ഇതിനെ ആദ്യം കണ്ടെത്തിയ ഹെർട്ട്ഫോർഡ്ഷയറിൽ വ്യാഴാഴ്‌ച്ച മുതൽ രോഗ പരിശോധനായജ്ഞം ആരംഭിക്കും.
പുതിയ ഇനം വൈറസിനെ കണ്ടെത്തിയ എട്ട് പോസ്റ്റ്കോഡ് ഏരിയകളിലായിരിക്കും രോഗപരിശോധന നടക്കുക. ഡബ്ല്യൂ7, എൻ17, സി ആർ4 എന്നീ ലണ്ടനിലെ പോസ്റ്റ് കോഡ് ഏരിയകളിലും, ഡബ്ല്യൂ എസ് 2 എന്ന വാൾസലിലെ പോസ്റ്റ് കോഡ് ഏരിയയിലും പരിശോധനകൾ നടക്കും. രോഗപരിശോധന നടക്കുന്ന മറ്റ് പോസ്റ്റ് കോഡ് ഏരിയകൾ കെന്റിലെ എം ഇ 15, ഹെർട്ട്ഫോർഡ്ഷയറിലെ ഇ എൻ 10, സറേയിലെ ജി യു 21, ലങ്കാഷയറിലെ പി ആർ 9 എന്നിവയാണ്. ഇതുവഴി ഏകദേശം 80,000 ത്തോളം മുതിരന്നവരെ അധികമായി പരിശോധിക്കും. ആവശ്യത്തിനുള്ള മൊബൈൽ രോഗപരിശോധനാ കേന്ദ്രങ്ങൾ സജ്ജീകരിച്ച് വീടുകളിൽ എത്തിയായിരിക്കും പരിശോധനകൾ.
നിലവിൽ കണ്ടെത്തിയ കേസുകളിലൊന്നും ദക്ഷിണാഫ്രിക്കയുമായി നേരിട്ട് ബന്ധമുള്ളതല്ല. ദക്ഷിണാഫ്രിക്കയിൽ ഉദ്ഭവിച്ച കേസുകളുടെ രണ്ടാം തലമുറയോ മൂന്നാം തലമുറയോ ആയിരിക്കും ഇതെന്നാണ് ശാസ്ത്രജ്ഞർ കരുതുന്നത്. ഇതുവരെ ഈ ഇനത്തിൽ പെട്ട വൈറസ് ബാധിച്ച 105 കേസുകളാണ് കണ്ടുപിടിക്കപ്പെട്ടിരിക്കുന്നത്. അസ്ട്രസെനെക്കയുടെ വാക്സിൻ ഈ ഇനത്തിനെതിരെ ഫലവത്താകുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. കെന്റിൽ ആവിർഭവിച്ച പുതിയ ഇനം വൈറസ് പടർന്നതുപോലെ ഈ ഇനവും കാട്ടുതീ പോലെ പടരാതിരിക്കാനാണ് ഇപ്പോൾ വ്യാപകമായ രോഗപരിശോധന നടത്തുന്നത്.
സ്പൈക്ക് പ്രോട്ടീനിൽ മ്യുട്ടേഷൻ സംഭവിച്ചതിനാൽ ഈ ഇനത്തിന് ആദ്യ കോറോണ ഇനങ്ങളേക്കാൾ വേഗത്തിൽ വ്യാപിക്കാനാകും എന്നതാണ് ഇതിനെ കൂടുതൽ ഭയക്കാൻ ഒരു കാരണം. മാത്രമല്ല, ജനിതകഘടനയിൽ വന്നമാറ്റം മൂലം വാക്സിൻ ഒരുക്കുന്ന പ്രതിരോധത്തെ മറികടക്കുവാൻ ഇതിന് കഴിയുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. മാത്രമല്ല, ഒരിക്കൽ രോഗം ബാധിച്ച് സുഖം പ്രാപിക്കുന്നവരുടെ രക്തത്തിൽ സ്വയം രൂപപ്പെടുന്ന ആന്റിബോഡികളേയും പ്രതിരോധിക്കാൻ ഇവയ്ക്ക് കഴിഞ്ഞേക്കും.
2020 ഡിസംബറിലാണ് ജനിതകമാറ്റം സംഭവിച്ച ഈ പുതിയ വകഭേദത്തെ ശാസ്ത്രജ്ഞർ തിരിച്ചറിയുന്നത്. ബി.1.351 എന്നാണ് ഇതിന് അവർ നാമകരണം ചെയ്തത്. പോർട്ട് എലിസബത്തിനടുത്തുള്ള നെൽസൺ മണ്ടേല ബേയിൽ നിന്നു ശേഖരിച്ച സാമ്പിളുകളിൽ ഒന്നിലാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. കമ്പ്യുട്ടർ ഉപയോഗിച്ച് ഈ വൈറസിന്റെ ജനിതക കോഡ് പരിശോധിച്ചു. ജനിതകഘടനയുടെ അടിസ്ഥാനമായ ന്യുക്ലിയോടൈഡുകൾ എന്ന തന്മാത്രമളുമായി ബന്ധപ്പെട്ട അക്ഷരങ്ങളായാണ് ഈ കോഡ് കാണാനാകുക. ഈ പരിശോധനയിലാണ് ജനിതകഘടനയിലെ വ്യത്യാസം മനസ്സിലാകുന്നത്.
രണ്ട് സുപ്രധാനമായ മ്യുട്ടേഷനുകളാണ് ദക്ഷിണാഫ്രിക്കൻ ഇനത്തിൽ കണ്ടെത്തിയത്. ഇവയ്ക്ക് എൻ 501വൈ എന്നും ഇ 484 കെ എന്നും പേരുകൾ നൽകി. ഈ രണ്ട് മ്യുട്ടേഷനുകളും സംഭവിച്ചിരിക്കുന്നത് സ്പൈക്ക് പ്രോട്ടീനിലാണ്. ഇത് വൈറസിന്റെ പുറത്തെ ആവരണത്തിൽ കാണപ്പെടുന്ന കുന്തമുനകൾ പോലുള്ള ഭാഗമാണ്. ഇതുപയോഗിച്ചാണ് വൈറസ് മനുഷ്യകോശങ്ങളിൽ പ്രവേശിക്കുന്നതും അതിൽ സ്വയം ഘടിപ്പിക്കപ്പെടുന്നതും. ഇത്തരത്തിലുള്ള സുപ്രധാനമായ ഭാഗത്തു സംഭവിച്ച മ്യുട്ടേഷനാണ് ഈ ഇനത്തിന്റെ വ്യാപനശേഷി വർദ്ധിപ്പിച്ചത്.
ഇതിലെ എൻ 501 വൈ എന്ന മ്യുട്ടേഷൻ മനുഷ്യകോശങ്ങളുമായി ഒട്ടിച്ചേരുവാനുള്ള വൈറസിന്റെ കഴിവിനെ വർദ്ധിപ്പിക്കുന്നു. ഇതുകാരണം, മനുഷ്യ ശരീരത്തിൽ പ്രവേശിച്ചുകഴിഞ്ഞാൽ കോശങ്ങളെ ബാധിക്കുന്നത് എളുപ്പമാകുന്നു. എന്നാൽ, ഇ 484 കെ എന്ന മ്യുട്ടേഷനാണ് ഇതിനെ കൂടുതൽ ഭീകരനാക്കുന്നത്. മനുഷ്യന്റെ പ്രതിരോധ സംവിധാനത്തിൽ, ഇത്തരം വൈറസുകളോട് പൊരുതാൻ എത്തുന്ന അന്റിബോഡികളെ കബളിപ്പിക്കാൻ ഈ മ്യുട്ടേഷൻ വഴി വൈറസിന് കഴിവു ലഭിച്ചു എന്നാണ് അനുമാനിക്കപ്പെടുന്നത്.
എന്നാൽ, ഇതുവരെ നടത്തിയ പഠനങ്ങൾ വെളിപ്പെടുത്തുന്നത് ഫൈസർ വാക്സിനും മോഡേണ വാക്സിനും ഈ പുതിയ ഇനത്തിനെതിരെ ഫലവത്താണ് എന്നുതന്നെയാണ്. എന്നിരുന്നാലും പഴയ ഇനങ്ങളെ തുരത്തുവാൻ കാണിക്കുന്ന തരത്തിലുള്ള കര്യക്ഷമത ഈ പുതിയ ഇനങ്ങളുടെ കാര്യത്തിൽ വാക്സിനുകൾ കാണിക്കുന്നില്ല. അതേസമയം ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി വികസിപ്പിച്ചെടുത്ത വാക്സിൻ ഈ പുതിയ ഇനത്തെ നേരിടുന്നതിൽ ഫലപ്രദമാണോ എന്നകാര്യത്തിൽ പഠനങ്ങൾ നടന്നുകൊണ്ടിരിക്കുന്നതേയുള്ളു.
ജോൺസൺ ആൻഡ് ജോൺസൺ, ഈ പുതിയ ഇനം ആഫ്രിക്കയിൽ വ്യാപിക്കുന്ന അവസരത്തിൽ നടത്തിയ പഠനത്തിൽ തെളിഞ്ഞത് 57 ശതമാനത്തോളം രോഗവ്യാപനം തടയാൻ അവരുടെ വാക്സിന് കഴിഞ്ഞു എന്നാണ്.