ടിവെട്ടേറ്റവനെ പാമ്പുകടിച്ചു എന്ന അവസ്ഥയാണ് ബ്രസീലിലെ രണ്ട് ഹതഭാഗ്യർക്ക്. ഒരിക്കൽ കോവിഡ് ബാധിച്ച് സുഖം പ്രാപിക്കും മുൻപ് തന്നെ ജനിതകമാറ്റം സംഭവിച്ച അതിതീവ്ര വൈറസും ഇവരെ പിടികൂടിയിരിക്കുകയാണ്. ചുരുക്കത്തിൽ രണ്ട് വ്യത്യസ്തതരം കൊറോണകൾക്കെതിരെ പോരാടുകയാണിവർ. ലോകത്തിലെ തന്നെ കോവിഡിന്റെ ആദ്യത്തെ ഇരട്ടരോഗബാധയായാണ് ഇതിനെ കണക്കാക്കുന്നത്. തെക്കൻ ബ്രസീലിലെ റിയോ ഗ്രാൻഡെ ഡോ സളിലെ 90 രോഗികളിൽ നടത്തിയ പരിശോധനയിൽ ഫീവേയ്ൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഇത് കണ്ടെത്തിയത്.

അതിൽ ഒരാളിൽ കണ്ടെത്തിയത് ബ്രസീലിൽ തന്നെ ജനിതകമാറ്റം സംഭവിച്ച രണ്ട് വ്യത്യസ്ത ഇനങ്ങളെയാണ്. പി 1, പി 2 എന്നിങ്ങനെയാണ് ഇവയ്ക്ക് നാമക്രരണം ചെയ്തിരിക്കുന്നത്. ഇതിൽ പി 1 എന്ന ഇനമാണ് വാക്സിനെതിരെ പ്രതിരോധിക്കാൻ ശേഷിയുണ്ട് എന്ന പേരിൽ ലോകമാകെ ആശങ്കയുയർത്തിയിരിക്കുന്നത്. ഈ വൈറസിന്റെ സാന്നിദ്ധ്യം തന്നെയാണ് തെക്കെ അമേരിക്കൻ രാജ്യങ്ങളിൽനിന്നും യാത്രാവിലക്കേർപ്പെടുത്താൻ ബ്രിട്ടനെ പ്രേരിപ്പിച്ചതും.

അതേസമയം മറ്റൊരു രോഗിയിൽ കണ്ടെത്തിയത് പി2 കൊറോണ വൈറസിന്റെ സാന്നിദ്ധ്യത്തോടൊപ്പം ബി.1.91 എന്ന ഇനത്തിന്റെ സാന്നിദ്ധ്യം കൂടിയാണ്. സ്വീഡനിലാണ് ഈ ഇനത്തിന്റെ സാന്നിദ്ധ്യം ആദ്യമായി കണ്ടെത്തുന്നത് എന്നാണ് ഇതുവരെ പ്രസിദ്ധീകരിക്കാത്ത ഒരു ശാസ്ത്ര റിപ്പോർട്ടിൽ പറയുന്നത്. ഇത്തരത്തിൽ വ്യത്യസ്ത ഇനങ്ങൾ ഒരുമിച്ച് ബാധിക്കുകയാണെങ്കിൽ, വൈറസിന് ജനിതകമാറ്റം വളരെ എളുപ്പത്തിൽ സംഭവിക്കാൻ സാധ്യതയുണ്ടെന്നും പുതിയ ഇനങ്ങൾ വളരെ പെട്ടെന്നു തന്നെ ആവിർഭവിച്ചേക്കാം എന്നുമാണ് പഠനത്തിന് നേതൃത്വം നൽകിയ ഫെർണാണ്ടോ സ്പില്കി പറയുന്നത്.

അതേസമയം, ഇത്തരത്തിൽ രണ്ട് വ്യത്യസ്ത ഇനം വൈറസുകൾ ഒരുമിച്ച് ബാധിക്കുവാൻ സാധ്യതയുണ്ടെന്ന് തന്നെയാണ് ലണ്ടനിലെ ഫ്രാൻസിസ് ക്രിക്ക് ഇൻസ്റ്റിറ്റിയുട്ട് ഡയറക്ടർ ഡോ. ജോൺ മെക്കാളേ പറയുന്നത്. ഫ്ളൂവിന്റെ കാര്യത്തിൽ ഇത് സാധാരണയായി സംഭവിക്കാറുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. അതുപോലെ വളരെ വിരളമാണെങ്കിൽ കൂടി, ഈ രണ്ടിനങ്ങളും തമ്മിൽത്തമ്മിൽ ഇടപഴകി ജനിതകമാറ്റത്തിന് വഴിയൊരുക്കാം എന്നും അദ്ദേഹം പറയുന്നു.

അതേസമയം, ബ്രസീലിയൻ ശാസ്ത്രജ്ഞർ പരിശോധനക്കെടുത്ത സാമ്പിളുകൾ ആവശ്യമായ ജാഗ്രതയോടെ സൂക്ഷിക്കാഞ്ഞതിനാലാകാം തെറ്റായ ഫലം പുറത്തുവന്നതെന്നാണ് പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മറ്റൊരു ശാസ്ത്രജ്ഞൻ പറഞ്ഞത്. ഇത്തരത്തിൽ വ്യത്യസ്ത ഇനങ്ങൾ ഒരേസമയം ബാധിക്കാൻ ഇടയില്ലെന്നാണ് ഈ ശാസ്ത്രജ്ഞന്റെ അഭിപ്രായം. കോവിഡിന്റെ രണ്ടാം വരവിനെ നേരിടുന്ന ബ്രസീലിൽ ഇപ്പോൾ പ്രതിദിനം ആയിരത്തിലേറെ മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്.

യൂണിവേഴ്സിറ്റി ഓഫ് ലെസ്റ്ററിലെ ഡോ. ജൂലിയൻ ടാംഗ് ഇത്തരത്തിൽ വ്യത്യസ്ത ഇനം വൈറസുകൾ ഒരേസമയം ഒരു മനുഷ്യനെ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന് പറയുമ്പോൾ അതിനെ ഖണ്ഡിക്കുകയാണ് യൂണിവേഴ്സിറ്റി ഓഫ് വാർവിക്കിലെ വൈറോളജിസ്റ്റായ ലോറൻസ് യംഗ്. രണ്ട് വ്യത്യസ്ത ഇനങ്ങൾക്ക് ഒരിക്കലും ഒരേ കോശത്തെ ഒരേസമയം ആക്രമിക്കാൻ ആകില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഒരു വൈറസ്, കോശത്തിൽ പ്രവേശിച്ച് അതിന്റെ നിയന്ത്രണം ഏറ്റെടുത്തുകഴിഞ്ഞാൽ മറ്റൊന്നിന് അതിൽ പ്രവേശിക്കാൻ ബുദ്ധിമുട്ടുണ്ടാകും എന്നാണ് അദ്ദേഹം പറയുന്നത്.