പിറവം: പിറന്നാൾ ദിനത്തിൽ അച്ഛനും അമ്മയും ഒരുക്കിവെച്ച സർപ്രൈസ് ഏറ്റുവാങ്ങുന്നതിന് മുന്നേ 21കാരന് ദാരുണാന്ത്യം. റോഡിലെ കുഴി ഒഴിവാക്കുന്നതിനിടെ നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞാണ് പിറന്നളിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ വിഷ്ണു വിജയൻ ദാരുണമായി മരിച്ചത്. പിറവം കാരൂർക്കാവ് വെട്ടിക്കൽ റോഡിൽ പാമ്പ്ര പുളിഞ്ചോട് ജംക്ഷനു സമീപം ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞാണു മേലരീക്കര കണ്ണുകുഴയ്ക്കൽ വിഷ്ണു(21)വിന്റെ മരണം.

നാളെയാണ് വിഷ്ണുവിന്റെ പിറന്നാൾ. ബൈക്കുകൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന വിഷ്ണുവിനു വേണ്ടി അച്ഛൻ വിജയനും അമ്മ സതിയും ചേർന്നു പുതിയ ബൈക്ക് പിറന്നാൾ ദിനത്തിൽഡ സമ്മാനിക്കാനായി ബുക്ക് ചെയ്തിരുന്നു. നാളെ ജന്മദിനത്തിൽ ബൈക്കിന്റെ താക്കോൽ കൈമാറാൻ ഇരിക്കവെയാണ് വിഷ്ണുവിനെ തേടി മരണം എത്തിയത്.

കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കു പോകുന്നതിനിടെ ഇന്നലെ രാവിലെയായിരുന്നു അപകടം. സാരമായി പരുക്കേറ്റ വിഷ്ണുവിനെ കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംസ്‌കാരം ഇന്ന് 3ന്.

ചെത്തുതൊഴിലാളിയാണ് അച്ഛൻ വിജയൻ. അമ്മ സതി വനിതകളുടെ കൂട്ടായ്മകളിലെ അംഗമായി കൃഷിയിൽ സജീവം. സഹോദരി അയനയുടെ വിവാഹം ഏതാനും ആഴ്ചകൾക്കു മുൻപായിരുന്നു. ഐടിസി പഠനത്തിനു ശേഷമാണു കൊച്ചിയിലെ സ്വകാര്യ കമ്പനിയിൽ ജോലിക്കു ചേർന്നത്.