- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പീഡിയാട്രിക് ലൈഫ് സപ്പോർട്ട് ആംബുലൻസ് എത്താൻ വൈകിയത് ആറു മണിക്കൂർ; അട്ടപ്പാടിയിൽ നവജാത ശിശു മരിച്ചു
അഗളി: പീഡിയാട്രിക് ലൈഫ് സപ്പോർട്ട് ആംബുലൻസ് എത്താൻ വൈകിയതിനാൽ അട്ടപ്പാടിയിൽ നവജാതശിശു മരിച്ചു. അട്ടപ്പാടി കാരറ സ്വദേശികളായ റാണി-നിസാം ദമ്പതിമാരുടെ കുഞ്ഞാണ് ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ മരിച്ചത്. കുട്ടിക്ക് ജനിച്ചപ്പോൾ മുതൽ ശ്വാസ തടസ്സം അനുഭവപ്പെട്ടതിനാൽ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് അയക്കാൻ നിർദേശിച്ചെങ്കിലും പീഡിയാട്രിക് ലൈഫ് സപ്പോർട്ട് ആംബുലൻസ് എത്താൻ വൈകിയതോടെ മരണം സംഭവിക്കുക ആയിരുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിനാണ് അട്ടപ്പാടി കോട്ടത്തറ ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുത്തത്. ജനിച്ചപ്പോൾത്തന്നെ കുട്ടിക്ക് ശ്വാസതടസ്സമുള്ളതായി ഡോക്ടർമാർ കണ്ടെത്തിയിരുന്നു. ഇതേത്തുടർന്ന് പീഡിയാട്രിക് ലൈഫ് സപ്പോർട്ട് ആംബുലൻസിൽ കുട്ടിയെ 170 കിലോമീറ്റർ ദൂരെയുള്ള തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് അയയ്ക്കാൻ നിർദേശിച്ചു.
ഈ സംവിധാനങ്ങളുള്ള ആംബുലൻസിന്റെ സേവനം ജില്ലയിൽ ലഭ്യമല്ലാത്തതിനാൽ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽനിന്നു സ്വകാര്യ ആംബുലൻസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആറുമണിക്കൂറിനുശേഷമാണ് ആംബുലൻസ് സേവനം ലഭിച്ചത്. രാത്രി എട്ടോടെ ആംബുലൻസിൽ കുട്ടിയെ കയറ്റിയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.