- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാജ്യം കോവിഡിൽ നരകിക്കുമ്പോൾ വിവാദം ഭയന്ന് ബോറിസ് ഇന്ത്യൻ യാത്ര റദ്ദാക്കി; പകരം എത്തിയ അന്താരാഷ്ട്ര വാണിജ്യ മന്ത്രി ലിസ് ട്രെസ് സ്വന്തമാക്കിയത് നൂറു ബില്യനോട് അടുത്തെത്തിയ കരാർ; ബ്രിട്ടനിൽ നിന്നും ബേക്കറി ഇനങ്ങൾ പോലും ഇന്ത്യയിൽ എത്തിയേക്കും; ബോറിസിന്റെ ഇന്ത്യൻ സ്നേഹം കച്ചവടമായി രൂപം മാറുമ്പോൾ
ലണ്ടൻ: രാജ്യം കോവിഡിൽ നരകയാതന അനുഭവിക്കുമ്പോൾ പ്രധാനമന്ത്രി വിദേശ ടൂറിൽ എന്ന ആക്ഷേപം കേൾക്കാതിരിക്കാനാണ് ബോറിസ് ജോൺസൺ ഇന്ത്യയുടെ റിപ്പബ്ലിക് ദിന ആഘോഷത്തിലെ പ്രധാന അതിഥിയായുള്ള ക്ഷണം നിരസിച്ചത്. അപ്രതീക്ഷിതമായി സംഭവിച്ച കാര്യങ്ങൾ ഇന്ത്യക്കും ബോധ്യപ്പെട്ടതിനാൽ തിരക്ക് പിടിച്ചു മറ്റൊരു അതിഥിയെ എത്തിക്കാതെയാണ് ഇത്തവണ ഇന്ത്യ റിപ്പബ്ലിക് ദിനാഘോഷം നടത്തിയത്. ട്രംപ് ഇന്ത്യയിൽ എത്തിയപ്പോൾ പൗരത്വ പ്രക്ഷോഭം ആളിക്കത്തിയതിനു സമാനമായി ഇത്തവണ റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ ഉത്തരേന്ത്യൻ കർഷക പ്രക്ഷോഭം അക്രമത്തിലേക്ക് നീങ്ങിയത് ബോറിസ് ജോൺസന്റെ കൂടെ സാന്നിധ്യത്തിൽ ആയിരുന്നെങ്കിൽ ഇന്ത്യക്കു കൂടുതൽ അന്തരാഷ്ട്ര ക്ഷീണത്തിനു കാരണമായേനെ എന്ന വിലയിരുത്തലും ഉണ്ടായിരിക്കുന്നതിനു തൊട്ടുപിന്നാലെയാണ് ബ്രിട്ടനിൽ നിന്നും അന്താരാഷ്ട്ര വാണിജ്യ മന്ത്രി ലിസ് എന്ന എലിസബത്ത് ട്രെസ് ഡൽഹിയിൽ എത്തിയിരിക്കുന്നത്.
കഴിഞ്ഞ ഏതാനും മാസമായി തന്റെ ഇന്ത്യൻ പക്ഷത്തെ പങ്കാളിയായ കേന്ദ്രമന്ത്രി പീയുഷ് ഗോയലുമായി ലിസ് നടത്തിയ നിരന്തര സംഭാഷണങ്ങൾ ഇപ്പോൾ കച്ചവട ഫോർ്മുലയായി രൂപം കൊണ്ടിരിക്കുന്നു എന്ന വാർത്തയാണ് ഡൽഹിയിൽ നിന്നും എത്തുന്നത്. മൂന്നു ദിവസത്തെ ഇന്ത്യ സന്ദർശനത്തിന് എത്തിയ ലിസ് നൂറു ബില്യൺ പൗണ്ടിനോട് ചേർന്ന് നിൽക്കുന്ന കച്ചവട കരാറാണ് നേടിയെടുത്തിരിക്കുന്നത് എന്ന് സൂചനകൾ പുറത്തു വരുന്നു. ബോറിസ് ജോൺസൺ എത്തുമ്പോൾ ഒപ്പിടാൻ കരുതിയിരുന്ന കരാറുകൾ പലതും ലിസിന്റെ വരവിൽ യാഥാർഥ്യമായി എന്ന് ചുരുക്കം. ഇതോടെ ബ്രിട്ടനിൽ നിന്നും ബേക്കറി ഇനങ്ങൾ വരെ ഇന്ത്യയിൽ എത്തുമെന്നാണ് സൂചന. ബ്രിട്ടനിൽ നിന്നും ഇന്ത്യയിലേക്കുള്ള കയറ്റുമതി 2003 ൽ രണ്ടു ബില്യനും 2016ൽ അഞ്ചു ബില്യനും ആയിരുന്ന സ്ഥാനത്താണ് ബോറിസിന്റെ വരവോടെ കനത്ത കുതിപ്പിന് ഇപ്പോൾ തയ്യാറെടുക്കുന്നത്.
നിലവിൽ 24 ബില്യൺ പൗണ്ട് മൂല്യമുള്ള കയറ്റുമതിയാണ് ബ്രിട്ടനിൽ നിന്നും ഇന്ത്യയിൽ എത്തുന്നത്. ഇതിനെ നാലിരട്ടിയായി വർധിപ്പിക്കുക എന്ന വമ്പൻ ജോലിയാണ് ഇപ്പോൾ ലിസ് ട്രെസ് ഏറ്റെടുത്തിരിക്കുന്നത്. ഇതോടെ ബോറിസ് അധികാരത്തിൽ എത്തിയതിനെ തുടർന്ന് ഇരു രാജ്യങ്ങൾക്കും ഇടയിൽ സംഭവിച്ചിരിക്കുന്ന കുതിപ്പ് വ്യക്തമാണ്. ഇന്ത്യൻ പക്ഷത്തെ കൂടുതൽ കരുതലോടെ കൈകാര്യം ചെയ്യാൻ ബോറിസ് അടുത്തിടെയായി നടത്തുന്ന നീക്കങ്ങളും മാധ്യമ ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്. കഴിഞ്ഞ മാസം നടന്ന തൈപ്പൊങ്കൽ ആഘോഷത്തിന് വരെ ബോറിസ് ബ്രിട്ടനിലെ തമിഴ് സമൂഹത്തെ അഭിസംബോധന ചെയ്തതൊക്കെ ഇത്തരം കരുതലുകളുടെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്.
കോവിഡിൽ അന്തം വിട്ടു നിൽക്കുന്ന അന്താരാഷ്ട്ര കയറ്റുമതി രംഗം ചൂട് പിടിപ്പിക്കുകയാണ് ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള കരാറിന്റെ പ്രധാന കരുതൽ. മിനിഞ്ഞാന്ന് ഇന്ത്യയിൽ എത്തിയ ലിസ് ട്രെസ് ബ്രിട്ടനിലേക്ക് മടങ്ങുമ്പോൾ കൈ നിറയെ കരാറുകൾ ആയിരിക്കും എന്നുറപ്പിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ ഡൽഹിയിൽ നിന്നും പുറത്തുവരുന്നത്. ചൈനയുമായി ബ്രിട്ടൻ കൂടുതൽ കയറ്റുമതിയുടെ പേരിൽ അടുക്കുന്നത് തടയിടാൻ കൂടിയാണ് ഇന്ത്യൻ നീക്കം എന്നാണ് വിലയിരുത്തപ്പെടുന്നത്.
ബ്രിട്ടനേയും അമേരിക്കയെയും വിപണി വലിപ്പം കാട്ടി കൂടെ നിർത്തുക എന്ന തന്ത്രം ഇന്ത്യ പ്രയോഗിക്കുമ്പോൾ അന്താരാഷ്ട്ര രംഗത്ത് കൂടുതൽ പ്രാധാന്യം ഉണ്ടാകും എന്ന വിലയിരുത്തൽ ഇന്ത്യൻ പക്ഷത്തു പ്രകടമാണ്. ഇതോടൊപ്പം ബ്രിട്ടനെ ഇന്ത്യയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപ രാജ്യങ്ങളിൽ ഒന്നാക്കി മാറ്റി നേട്ടം പരസ്പരം ആഘോഷമാക്കാനുള്ള അവസരമാണ് ഇന്ത്യ ഒരുക്കുന്നത്.
ഇക്കഴിഞ്ഞ ഡിസംബറിൽ ബ്രിട്ടീഷ് വിദേശ കാര്യാ സെക്രട്ടറി ഡൊമനിക് റബ്ബ് ഇന്ത്യയിൽ എത്തിയതിനു പിന്നാലെയാണ് ഇപ്പോൾ ലിസിന്റെ സന്ദർശനം. കഴിഞ്ഞ ഏതാനും വർഷമായി ബ്രിട്ടീഷ് മന്ത്രിമാർ അടിക്കടി ഇന്ത്യയിൽ എത്തി കേന്ദ്ര മന്ത്രിമാർ അടക്കമുള്ളവരുമായി നടത്തുന്ന തുടർ ചർച്ചകളുടെ ഫലമായാണ് ഇരു രാജ്യങ്ങൾക്കും ഇടയിൽ കച്ചവട ബന്ധം ദൃഢപ്പെടുന്നത്.
ബ്രെക്സിറ്റിനു ശേഷം യൂറോപ്പിനെ ആശ്രയിക്കാതെ കൂടുതൽ ദൃഢമായ സൗഹൃദം ഇന്ത്യയടക്കം ഉള്ളവരുമായി സ്ഥാപിച്ചെടുക്കാൻ ഉള്ള ബ്രിട്ടന്റെ ശ്രമം കൂടിയാണ് മന്ത്രിമാരുടെ അടിക്കടിയുള്ള സന്ദർശനങ്ങൾ വ്യക്തമാകുന്നത്. പുതിയ കരാറുകളുടെ ഭാഗമായി കാർ നിർമ്മാതാക്കൾ, സ്‌കോച് വിസ്‌കി കമ്പനികൾ തുടങ്ങി നാൻ ബ്രെഡ് കയറ്റുമതി വരെ വർധിക്കും എന്നാണ് ബ്രിട്ടീഷ് ഭാഗത്തു നിന്നുള്ള വിലയിരുത്തൽ.
ജൂണിൽ കോൺവാലിൽ നടക്കുന്ന ജി സെവൻ ഉച്ചകോടിയിൽ മോദി എത്തുമ്പോൾ കൂടുതൽ ദൃഢത നൽകുന്ന കരാറുകൾക്കു അടിത്തറ പാകുകയാണ് ഇപ്പോൾ ഇരു രാജ്യത്തെയും മന്ത്രി തല സംഘം .
കെ ആര് ഷൈജുമോന്, ലണ്ടന്. മറുനാടന് മലയാളി പ്രത്യേക പ്രതിനിധി.