- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാറിന്റെ ചില്ലു തകർത്ത് 1.5 ലക്ഷം രൂപയും മൊബൈൽഫോണും കവർന്നു; സംഭവം മകളുടെ വിവാഹത്തിന് വസ്ത്രം എടുക്കാൻ എത്തിയപ്പോൾ
പാലക്കാട്: മകളുടെ വിവാഹത്തിന് വസ്ത്രം എടുക്കാനെത്തിയ കെഎസ്ഇബി ജീവനക്കാരന്റെ കാറിന്റെ ചില്ല് തകർത്ത് ഒന്നര ലക്ഷം രൂപയും മൊബൈൽ ഫോണും കവർന്നു. നഗരത്തിലെ സ്വകാര്യ വസ്ത്രശാലയ്ക്കു മുന്നിൽ പാർക്ക് ചെയ്ത കാറിന്റെ ചില്ലു തകർത്താണ് പണവും ഫോണും തിരിച്ചറിയൽ രേഖകളും അടക്കം മോഷ്ടിച്ചത്. മകളുടെ ഒറ്റപ്പാലം എസ്ആർകെ നഗർ മാറാമ്പിൽ കെഎസ്ഇബി ജീവനക്കാരനായ എം.സി. ആന്റണിയുടെ കാറിൽ നിന്നാണ് പണവും മൊബൈൽ ഫോണുമടക്കം മോഷണം പോയത്.
ഇന്നലെ വൈകിട്ട് 5ന് പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാൻഡിനു സമീപത്തെ വസ്ത്രശാലയ്ക്ക് സമീപമാണ് സംഭവം. വസ്ത്രശാലയുടെ പാർക്കിങ് ഏരിയയിൽ സ്ഥലമില്ലാതിരുന്നതിനാൽ സെക്യൂരിറ്റിയുടെ നിർദേശമനുസരിച്ച് റോഡിന്റെ മറുപുറത്താണ് കാർ പാർക്ക് ചെയ്തത്. കാറിന്റെ പിറകുവശത്ത് ബാഗിനുള്ളിലായിരുന്നു പണവും മൊബൈൽ ഫോണും സൂക്ഷിച്ചിരുന്നത്. വസ്ത്രങ്ങൾ വാങ്ങി വൈകിട്ട് ഏഴോടെ തിരികെയെത്തിയപ്പോഴാണ് കാറിന്റെ വിൻഡോ ഗ്ലാസ് തകർത്തു സാധനങ്ങൾ മോഷ്ടിച്ച വിവരം അറിയുന്നത്.
എം.സി. ആന്റണിയും ഭാര്യ വി. സിസിലിയും കുടുംബ സുഹൃത്തായ കെ.സി. മാണിക്കും അദ്ദേഹത്തിന്റെ ഭാര്യ ത്രേസ്യക്കുട്ടിക്കും (മീര മാണി) ഒപ്പം ഉണ്ടായിരുന്നത്. തുടർന്ന് പാലക്കാട് ടൗൺ നോർത്ത് പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തി വാഹനത്തിൽ പരിശോധന നടത്തി കേസ് രജിസ്റ്റർ ചെയ്തു. മോഷണം പോയ ബാഗ് പിന്നീട് ഉപേക്ഷിക്കപ്പെട്ട നിലയിൽ പാലക്കാട് പ്രിയദർശിനി തിയറ്ററിന് എതിർവശത്തു നിന്ന് കണ്ടെടുത്തു. എന്നാൽ, അതിൽ പണവും മൊബൈൽ ഫോണും ഉണ്ടായിരുന്നില്ലെന്നു പൊലീസ് അറിയിച്ചു.
ആറു മാസം മുൻപും ഇതേ സ്ഥലത്ത് സമാന രീതിയിൽ മോഷണം നടന്നിട്ടുള്ളതായും പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ചുള്ള മോഷണ സംഘങ്ങൾക്കു പങ്കുണ്ടോ എന്നു പരിശോധിക്കുമെന്നും നോർത്ത് പൊലീസ് ഇൻസ്‌പെക്ടർ എസ്‌പി. സുധീരൻ അറിയിച്ചു.