രു പക്ഷെ തന്റെ രാഷ്ട്രീയ ഭാവി തന്നെ ഇല്ലാതെയാക്കുമായിരുന്ന ഇംപീച്ച് നടപടികളിൽ നിന്നും ട്രംപ് രക്ഷപ്പെട്ടിരിക്കുന്നു. സെനറ്റിൽ ശനിയാഴ്‌ച്ച വിചാരണക്കെത്തിയ ഇംപീച്ച്മെന്റ് പ്രമേയം വോട്ടിനിട്ടപ്പോൾ 57 സെനറ്റർമാരാണ് ട്രംപിനെ കുറ്റക്കാരനായി വിധിച്ചു. ഇതിൽ ഏഴ് റിപ്പബ്ലിക്കൻ പാർട്ടി സെനറ്റർമാരും ഉൾപ്പെടുന്നു. 47 പേരാണ് ട്രംപിനെ കുറ്റവിമുക്തമാക്കണമെന്ന് ആവശ്യപ്പെട്ടത്. ഭരണഘടനാ പ്രകാരം ആവശ്യമായ മൂന്നിൽ രണ്ട് വോട്ടുകൾ ലഭിക്കാത്തതിനാൽ പ്രമേയം തള്ളിപ്പോവുകയായിരുന്നു. നിയമപ്രകാരം 67 പേരെങ്കിലും ട്രംപിനെ കുറ്റക്കാരനായി കാണണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിൽ മാത്രമെ ഇംപീച്ച്മെന്റ് പ്രമേയം പാസ്സാകുമായിരുന്നുള്ളു.

2016-ലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടലുകൾ ഉണ്ടായി എന്ന ആരോപണത്തെ കുറിച്ച് അന്വേഷിച്ചിരുന്ന സെനറ്റ് ഇന്റലിജൻസ് കമ്മിറ്റിയുടെ ചെയർമാൻ റിച്ചാർഡ് ബർ ഉൾപ്പടെയുള്ളവരായിരുന്നു ട്രംപിനെ കുറ്റക്കാരനായി വിധിക്കണമെന്ന് ആവശ്യപ്പെട്ട റിപ്പബ്ലിക്കൻ സെനറ്റർമാർ. നിലവില സെനറ്റർഷിപ്പിന്റെ കാലാവധി തീരുന്ന മുറയ്ക്ക് രാഷ്ട്രീയത്തിൽ നിന്നും വിരമിക്കുകയാണെന്ന് അദ്ദേഹം നേരത്തേ പ്രഖ്യാപിച്ചിരുന്നു. ട്രംപിനെ എതിർത്ത മറ്റ് റിപ്പബ്ലിക്കൻ സെനറ്റർമാരിൽ പാറ്റ് ടൂമി കൂടി നിലവിലെ കാലാവധികഴിഞ്ഞാൽ രാഷ്ട്രീയത്തിൽ നിന്നും വിരമിക്കാൻ തീരുമാനമെടുത്ത വ്യക്തിയാണ്.

പ്രസിഡണ്ട് തെരഞ്ഞെടുപ്പുഫലം ഔദ്യോഗികമായി പ്രഖ്യാപിക്കാൻ കൂടിയ ജനപ്രതിനിധി സഭയുടെയും സെനറ്റിന്റെയും സംയുക്ത സമ്മേളനത്തിലേക്ക്, ട്രംപ് അനുകൂല മുദ്രാവാക്യം മുഴക്കി ഒരു സംഘം അക്രമകാരികൾ ഇരച്ചുകയറുകയായിരുന്നു. ട്രംപായിരുന്നു ഇതിന് പ്രചോദനം നൽകിയത് എന്നായിരുന്നു ആരോപണം. നേരത്തേ, ട്രംപ് ഔദ്യോഗികമായി വിരമിക്കുന്നതിനു മുൻപേ ഇംപീച്ച്മെന്റിലൂടെ അദ്ദേഹത്തെ പുറത്താക്കാൻ ഉദ്ദേശിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ അത് നടന്നില്ല. അതിനു ശേഷം ഇന്നലെയായിരുന്നു ആ പ്രമേയം സെനറ്റിൽ ചർച്ചക്കെത്തിയത്.

പ്രസിഡണ്ട് സ്ഥാനത്തുനിന്ന് വിരമിച്ചെങ്കിലും അദ്ദേഹത്തെ ഇംപീച്ച്ചെയ്യുവാൻ നിയമപ്രമായി കഴിയും. മാത്രമല്ല ഇത് വിജയിച്ചിരുന്നു എങ്കിൽ ഒരുപക്ഷെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും അദ്ദേഹത്തിന് ആജീവനാന്ത വിലക്കും നേരിടേണ്ടി വന്നേനെ. അമേരിക്കൻ ജനാധിപത്യത്തിന്റെ പ്രതീകം കൂടിയായ കാപ്പിറ്റോൾ ഭവനത്തിൽ അക്രമം നടത്തിയവർ ട്രംപിന്റെ അനുകൂലികൾ തന്നെയാണെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് സെനറ്റിലെ ഡെമോക്രാറ്റിക് നേതാവ് മിച്ച് മെക്കോണൽ. അന്ന് അമേരിക്കയുടെ ഏറ്റവും ഉയർന്ന അധികാരപദത്തിൽ ഇരുന്ന ട്രംപ് കളവുകൾ പറഞ്ഞ് അവരെ പ്രകോപിപ്പിക്കുകയായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.

ഏതായാലും ഇതോടെ ട്രംപ് മറ്റ് രണ്ട് റെക്കോർഡുകൾക്ക് കൂടി ഉടമയായിരിക്കുകയാണ്. അമേരിക്കൻ ചരിത്രത്തിൽ രണ്ടു തവണ ഇംപീച്ച് നടപടികൾ നേരിട്ട മറ്റൊരു പ്രസിഡണ്ടില്ല. അതുപോലെ സ്ഥാനം ഒഴിഞ്ഞതിനുശേഷം ഇംപീച്ച്മെന്റ് നേരിടുന്ന ആദ്യത്തെ പ്രസിഡണ്ട് കൂടിയാണ് ട്രംപ്. അമേരിക്കയിലെ ഒരു രാഷ്ട്രീയപാർട്ടി സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുവാനായി നിയമത്തെ നോക്കുകുത്തിയാക്കുന്നതിൽ സങ്കടമുണ്ട് എന്നായിരുന്നു ഈ വിവരം അറിഞ്ഞ ഉടനെ ട്രംപ് പ്രതികരിച്ചത്. നിയമനിർമ്മാണ സഭയേയും നീതിന്യായ വ്യവസ്ഥയേയും ഒക്കെ കളിയാക്കുന്ന രീതിയിൽ യഥാർത്ഥ അക്രമികളെ മാറ്റിനിർത്തിം അവരോട് വിയോജിക്കുന്നവർക്കെതിരെ നടപടികൾക്ക് മുതിരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തിരിച്ചുവരവിനൊരുങ്ങി ട്രംപ്

അമേരിക്കൻ ചരിത്രത്തിലെ മറ്റൊരു സുവർണ്ണ നിമിഷം എന്നാണ് തനിക്കെതിരെയുള്ള ഇംപീച്ച്മെന്റ് പ്രമേയം അമേരിക്കൻ സെനറ്റ് തള്ളിയ നിമിഷത്തെ വിശേഷിപ്പിച്ചത്. അമേരിക്കയുടെ മഹത്തരമാക്കുവാനുള്ള നമ്മുടെ ശ്രമങ്ങൾ ആരംഭിച്ചിട്ടേയുള്ളു എന്നും ഇനിയുമേറെ ദൂരം മുന്നോട്ട് പോകാനുണ്ടെന്നും ട്രംപ് തന്റെ അണികളോട് പറഞ്ഞു. വരുന്ന മാസങ്ങളിൽ ഒരുപാട് കാര്യങ്ങൾ അണികളുമായി പങ്കുവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. പരിധികളില്ലാത്ത അമേരിക്കൻ വികസനം, കുതിച്ചു ചാട്ടം ഇതെല്ലാമാണ് തന്റെ ഉദ്ദേശങ്ങൾ എന്നും അദ്ദേഹം സൂചിപ്പിച്ചു. അമേരിക്കൻ ദേശീയത ഇളക്കിവിട്ട ഒരു രണ്ടാമൂഴത്തിനായി ട്രംപ് ഒരുങ്ങുകയാണെന്നാണ് സൂചനകൾ ലഭിക്കുന്നത്.

കുറ്റവിമുക്തനായതിനെ തുടർന്ന് ട്രംപ് നൽകിയ പത്രക്കുറിപ്പ് ആരംഭിക്കുന്നത് ട്രംപിന്റെ അഭിഭാഷകർക്കും, പിന്നെ ഭരണഘടനയുടെ അന്തസ്സ് ഉയർത്തിപ്പിടിച്ച്, തികച്ചും അന്യായമായ ഒരു പ്രമേയം തള്ളിക്കളഞ്ഞ റിപ്പബ്ലിക്കൻ സെനറ്റർമാർക്കും നന്ദി പ്രകാശിപ്പിച്ചുകൊണ്ടാണ്.അക്രമാസക്തരായ കലാപകാരികളാൽ ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രക്ഷോഭണകാലത്തുകൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്ക് ആദരവ് അർപ്പിച്ച് വിവാദത്തിലായ ട്രംപ് അത് വീണ്ടും ഓർമ്മിപ്പിക്കുന്ന വിധത്തിലാണ് തന്റെ പത്രക്കുറിപ്പിൽ എഴുതിയിരിക്കുന്നത്. എന്നും നിയമത്തിനും നിയമ പരിപാലനത്തിനും ഒപ്പം മാത്രമാൺ' താൻ നിന്നിട്ടുള്ളതെന്നും, നിയമപാലകരെ എന്നും ആദരിച്ചിട്ടേയുള്ളു എന്നും അദ്ദേഹം പത്രക്കുറിപ്പിൽ പറയുന്നു.

അമേരിക്കയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും മൃഗീയമായ വേട്ടയാടലാണ് തനിക്കെതിരെ നടന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അമേരിക്കയെ മഹത്തരമാക്കുന്ന ഉദ്യമത്തിൽ നിന്നും താൻ പുറകോട്ടില്ലെന്ന് ഉറപ്പിച്ചുപറഞ്ഞ ട്രംപ് മറ്റൊരു തവണകൂടി പ്രസിഡണ്ട് പദത്തിൽ എത്താനുള്ള ഉദ്യമങ്ങൾ ആരംഭിച്ചുകഴിഞ്ഞു എന്നുതന്നെയാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പാർട്ടിക്കുള്ളിൽ എതിർപ്പുകൾ ഉണ്ടാകും എന്ന് ഉറപ്പുള്ളതുകൊണ്ടുതന്നെയാണ് പാർട്ടിക്ക് വിധേയമായി മാത്രം നിൽക്കാതെ അമേരിക്കയുടെ ദേശീയതയും വികസനവും ഒക്കെ വിഷയമാക്കി ചർച്ച ഉയർത്തിക്കൊണ്ടുവരുന്നത്. ദേശീയവികാരം മുതലെടുത്ത് സ്വന്തം നിലയിൽ വലിയൊരു ജനക്കൂട്ടം ഉണ്ടാക്കുക എന്നതുതന്നെയാണ് ട്രംപിന്റെ ലക്ഷ്യം. അങ്ങനെ അടുത്ത തെരഞ്ഞെടുപ്പ് സമയത്ത് വിലപേശാനുള്ള ശക്തി വർദ്ധിപ്പിക്കുക. ട്രംപിന്റെ ഇനിയുള്ള ശ്രമങ്ങൾ അതിനുള്ളതായിരിക്കും.