ഏറ്റുമാനൂർ: അച്ഛനെയും അമ്മയേയും കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു രണ്ടാഴ്ച മുൻപ് കുഞ്ഞു ജുവൽ ആ വീടിന്റെ പടികയറിയത്. എന്നാൽ ഇന്നലെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി വീണ്ടും വള്ളോംകുന്ന് വീടിന്റെ പടി കയറിയെത്തിയപ്പോൾ ആ മനസ്സ് മുഴുവനും സങ്കടമായിരുന്നു. ഡൽഹിയിൽ നിന്നും തന്നെ നെഞ്ചോട് ചേർത്ത് പിടിച്ചു കൊണ്ടുവന്ന 'മമ്മി' ഇനി ആ വീട്ടിലില്ലെന്ന സങ്കടം അവളെ അത്രമേൽ തളർത്തിയിരിക്കുന്നു. രണ്ടാഴ്ച കൊണ്ട് തന്റെ ജീവിതത്തിലുണ്ടായ എല്ലാ സന്തോഷവും ഒറ്റ രാത്രി കൊണ്ട് ഒലിച്ചു പോയതിന്റെ മുറിവ് ആ കുഞ്ഞു മനസ്സിനെ വല്ലാതെ നോവിച്ചിരിക്കുന്നു.

കഴിഞ്ഞ ദിവസം ഏറ്റുമാനൂർ പട്ടിത്താനം-മണർകാട് ബൈപാസിൽ റോഡ് കുറുകെ കടക്കുന്നതിനിടെയാണ് സാലി (45) കാറിടിച്ചു മരിച്ചത്. കാറിന് മുന്നിൽ നിന്നും ദത്തു മകളുടെ ജീവൻ രക്ഷിച്ച ശേഷമായിരുന്നു സാലി മരണം വരിച്ചത്. സാലിക്ക് ഇന്നലെ നാട് യാത്രാമൊഴിയേകുമ്പോൾ എല്ലാവരുടെയും ശ്രദ്ധ ഒൻപതു വയസ്സുള്ള ജൂവലിൽ ആയിരുന്നു. കാർ പാഞ്ഞെത്തുന്നതു കണ്ടു മമ്മി തന്നെ തള്ളിമാറ്റുകയായിരുന്നെന്നു ജൂവൽ ഓർക്കുന്നു. തെറിച്ചുവീണ ജൂവലിനു നിസ്സാര പരുക്കുകളേയുള്ളൂ. എന്നാൽ അപകടം കൺമുന്നിൽ കണ്ടതിന്റെ ഞെട്ടൽ ഇനിയും മാറിയിട്ടില്ല. ഒപ്പം മമ്മിയുടെ സ്‌നേഹം എന്നന്നേക്കുമായി നഷ്ടപ്പെട്ടതിന്റെ വേദന ആ കുഞ്ഞ് മനസ്സിന് ഇനിയും ഉൾക്കൊള്ളാനായിട്ടില്ല.

ജൂവലിനു ഹിന്ദി മാത്രമേ അറിയൂ. ആശ്വാസവാക്കുകളുമായി എത്തുന്ന പലർക്കും ജൂവലിനോടു സംസാരിക്കാനും കഴിയുന്നില്ല. സാലിയുടെ സംസ്‌കാരം ചെറുവാണ്ടൂർ സ്വർഗീയവിരുന്ന് ശ്മശാനത്തിൽ നടത്തി. ചെറുവാണ്ടൂർ വള്ളോംകുന്നേൽ എംപി.ജോയിയുടെ ഭാര്യയാണു സാലി. രണ്ടാഴ്ച മുൻപ് ഡൽഹിയിൽ നിന്നാണ് ജോയി-സാലി ദമ്പതികൾ ജൂവലിനെ മകളായി സ്വീകരിച്ചത്. ദത്തെടുക്കൽ നിയമ പ്രകാരമുള്ള നടപടികൾ പൂർത്തിയാക്കിയാണു കുഞ്ഞിനെ ഏറ്റെടുത്തത്.

പെൺകുഞ്ഞ് ജനിച്ചാൽ ഇടാൻ ജോയിയും സാലിയും മനസ്സിൽ കരുതിവച്ചിരുന്ന പേരാണു ജൂവൽ എന്നത്. തങ്ങളുടെ ജീവിതത്തിലേക്കു വന്ന കുട്ടിക്ക് ആ പേരു നൽകുകയും ചെയ്തു. ജൂവലിനെയും കൂട്ടി ബന്ധുവീട്ടിൽ പോയി തിരിച്ചുവരുമ്പോഴാണു സാലിയെ കാറിടിച്ചത്. ജുവൽ നിസ്സാര പരുക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു.

അപകടസമയത്തു കാറോടിച്ചിരുന്ന യുവാവ് ഇന്നലെ കാറുമായി ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെത്തി. ഏറ്റുമാനൂർ കൊടുവത്താനം മൂന്നുതൊട്ടിയൽ എം.എം.രഞ്ജിത്താണു കീഴടങ്ങിയത്. ഐപിസി 304 എ പ്രകാരം മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി. രഞ്ജിത്തിന്റെ സുഹൃത്തിന്റെ കാറാണെന്നു പൊലീസ് പറഞ്ഞു.