മൂന്നാർ: ദേവികുളം നിവാസികളുടെ ഉറക്കം കെടുത്തി കാട്ടാന. തലയാർ മുതൽ ദേവികുളം വരെ സ്ഥിര സഞ്ചാരം നടത്തുന്ന പടയപ്പ എന്ന കാട്ടാന ഒരാഴ്ചയായി ദേവികുളം ടൗണിലും ജനവാസ പ്രദേശങ്ങളിലും ചുറ്റിത്തിരിയുകയാണ്. ഉപദ്രവകാരി അല്ലെങ്കിലും പടയപ്പയെ പേടിച്ച് ഇരുട്ടാവുന്നതിന് മുൻപ് തന്നെ വീടണയുകയാണ് ദേവികുളം നിവാസികൾ.

വ്യാഴാഴ്ച അർധരാത്രിയോടെ പഴയ ഡിഎഫ്ഒ പരിസരത്ത് എത്തിയ ഇവൻ വീടുകളുടെ മുറ്റത്ത് കൂടി നടന്ന് വാഴകളും മറ്റും ഭക്ഷിച്ച് മടങ്ങി. വെള്ളിയാഴ്ച സന്ധ്യയ്ക്ക് തന്നെ സാന്നിധ്യം അറിയിച്ച് എത്തിയ ആന ദേശീയപാത വഴി നടന്ന് ഐബിയുടെ സമീപം എത്തിയ ശേഷമാണ് കാട് കയറിയത്. ദേശീയപാതയിലൂടെയായിരുന്നു സഞ്ചാരം. ഇതിനിടെ പാതയോരത്തെ കടകളുടെ മുന്നിൽ ഭക്ഷണം തിരഞ്ഞ് നിന്നെങ്കിലും നാശനഷ്ടങ്ങളൊന്നും വരുത്തിയില്ല.