- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിഥികളെ സ്വാഗതം ചെയ്യാൻ കൃത്രിമ വെള്ളച്ചാട്ടം മുതൽ രാജസ്ഥാനിലെ ഗ്രാമീണ പശ്ചാത്തലം വരെ; വിഭവസമൃദ്ധമായ സദ്യയ്ക്കൊപ്പം നൃത്തവും സംഗീതവും; വിക്ടോറിയൻ യുഗം മുതൽ പുരാതന ഇന്ത്യ വരെ പുനഃസൃഷ്ടിക്കപ്പെടുന്ന വേദികൾ; ഇന്ത്യയിലെ സമ്പന്നരുടെ വിവാഹ മാമാങ്കങ്ങൾ കാമറയിൽ പകർത്തിയ ദി ബിഗ് ഡേ എന്ന വെബ് സീരീസ് നെറ്റ്ഫ്ളിക്സിൽ തകർക്കുമ്പോൾ
മനുഷ്യ സമൂഹത്തിലെ ഏറ്റവും അടിസ്ഥാനപരമായ സ്ഥപനമായിട്ടാണ് കുടുംബം എന്ന സങ്കല്പത്തെ കാണുന്നത്. ഒരു കുടുംബം ആരംഭിക്കുന്നത് ഒരു വിവാഹത്തിലൂടെയാണ്. അതുകൊണ്ടുതന്നെ, കുടുംബബന്ധങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ഇന്ത്യയിൽ വിവാഹം എന്നത് അതീവ പ്രാധാന്യമുള്ള ഒരു ചടങ്ങാണ്. മാത്രമല്ല, ഇതിനെ വളരെ പരിപാവനമായ ഒരു ചടങ്ങായും കാണുന്നു. ഇന്ത്യൻ സാഹചര്യങ്ങളിൽ പൊതുവേ പറഞ്ഞാൽ, വിവാഹം എന്നത് കേവലം രണ്ടു വ്യക്തികൾ തമ്മിൽ ബന്ധം കെട്ടിപ്പടുക്കുന്ന ഒരു ചടങ്ങല്ല, മറിച്ച് രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്ന ഒരു ചടങ്ങുകൂടിയാണ്. അതുകൊണ്ടുതന്നെ സാമൂഹ്യ തലത്തിലും വിവാഹത്തിന് ഏറെ പ്രസക്തിയുണ്ട്.
വിവാഹ ധൂർത്തുകൾ ഒഴിവാക്കണമെന്ന് പല കോണുകളിൽ നിന്നും മുറവിളി ഉയരുമ്പോഴും അത്യധികമായ ആഡംബരങ്ങളോടെ നടത്തുന്ന വിവാഹ ചടങ്ങുകൾക്ക് ഒരു കുറവുമുണ്ടായിട്ടില്ല. കോവിഡ് കാല പ്രതിസന്ധി ഇതിന് ഒരു താത്ക്കാലിക വിരാമമിട്ടു എന്നല്ലാതെ ഇത്തരം ചടങ്ങുകൾ ഇനിയും തുടരുക തന്നെ ചെയ്യും. ഈ പശ്ചാത്തലത്തിലാണ് ചില ഇന്ത്യൻ ആഡംബര വിവാഹങ്ങളുടെ വിശേഷങ്ങളുമായി നെറ്റ്ഫ്ളിക്സിന്റെ ''ദി ബിഗ് ഡേ'' എന്ന വെബ് സീരീസ് പുറത്തിറങ്ങുന്നത്. 12 ദമ്പതിമാരിലൂടെ, അവരുടെ വിവാഹ ചടങ്ങുകളുടെ ആസൂത്രണതലം മുതൽക്കുള്ള വിശദാംശങ്ങളിലൂടെയാണ് ധാരാളിത്തം നിറഞ്ഞ ഇന്ത്യൻ വിവാഹങ്ങളുടെ കഥ ഈ സീരീസിൽ പറയുന്നത്.
നിരവധി വെഡിങ് പ്ലാനേഴ്സും ഇതിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ചെന്നൈ മുതൽ ജയപൂർ വരെ ഇന്ത്യയുടെ തെക്കും വടക്കും നടക്കുന്ന ഈ ആഡംബര വിവാഹങ്ങളുടെ കഥ ആരംഭിക്കുന്നത് നികിത അയ്യർ-മുകുന്ദ് ചില്ലകാന്തി ദമ്പതിമാരുടെ വിവാഹ കഥയിലൂടെയാണ്. ഈ സീരിസിൽ പ്രതിപാദിക്കപ്പെടുന്ന വിവാഹങ്ങളിൽ ഏറ്റവും ചെലവേറിയ വിവാഹവും ഇപ്പോൾ കാലിഫോർണീയയിൽ താമസിക്കുന്ന ഈ ദമ്പതിമാരുടെതായിരുന്നു. ചെന്നൈയിൽ നടന്ന വിവാഹത്തിന്റെ കഥ ആരംഭിക്കുന്നത് ഇവർ വിവാഹത്തിനായി അമേരിക്കയിൽ നിന്നും ചെന്നൈയിലേക്ക് തിരിക്കുന്നതോടെയാണ്.
കൃത്രിമ വെള്ളച്ചാട്ടം പശ്ചാത്തലമൊരുക്കുന്ന ഒരു മതിലിനു മുന്നിലെ തുറസ്സായ സ്ഥലത്ത് നടക്കുന്ന ഒരു റിഹേഴ്സൽ ഡിന്നർ തന്നെ ഈ വിവാഹത്തിന്റെ ആഡംബരം വിളിച്ചോതുന്നു. ബുദ്ധന്റെ വലിയൊരു ചിത്രം വരച്ചു വച്ചിരിക്കുന്നതിനോടടുത്ത് ''മുക്സ് ഗോട്ട് നിക്ക്ഡ് '' എന്നും എഴുതിവച്ചിരിക്കുന്നു. വിവാഹത്തിനു മുൻപേയുള്ള വിരുന്നിൽ നിരവധി പ്രശസ്ത ഗായകരുടെയും നർത്തകരുടെയും പ്രകടനങ്ങളും ഉണ്ടായിരുന്നു. ഇത്തരത്തിൽ ഒരു പരിപാടി സംഘടിപ്പിച്ചാൽ അതിഥികൾക്കിടയിൽ കൂടുതൽ സൗഹാർദ്ദപരമായ അന്തരീക്ഷം ഉണ്ടാകും. ഇത് അവരെ സന്തുഷ്ടരാക്കും എന്നാണ് ഇതിനെ കുറിച്ച് നികിത പറയുന്നത്.
ഇതിനുപുറമേ ഒരു ചൈനയിൽ നിന്നും കൊണ്ടുവന്ന പൂക്കളുടെ പശ്ചാത്തലത്തിൽ ഒരു ആലീസ് ഇൻ വണ്ടർലാൻഡ് ടീ പാർട്ടിയും ഇവർ വിവാഹത്തലേന്ന് നൽകുന്നുണ്ട്. വിവാഹദിവസത്തെ അത്താഴ വിരുന്ന് അതിഥികളെ വിക്ടോറിയൻ കാലഘട്ടത്തിലേക്ക് തിരികെ കൊണ്ടുപോകുന്നതായിരുന്നു. തീൻ മേശകളിലെ ഒരുക്കവും, വിക്ടോറിയൻ കാലഘട്ടത്തെ അനുസ്മരിപ്പിക്കുന്ന വസ്ത്രങ്ങൾ ധരിച്ച വെയിറ്റർമാരും ഒക്കെ അതിഥികളെ ചരിത്രത്താളുകളിലൂടെ പുറകോട്ടുകൊണ്ടുപോകാൻ പര്യാപ്തമായിരുന്നു. തുടർന്ന് ബോളിവുഡ് മൂവി നൈറ്റും ഉണ്ടായിരുന്നു.
ഈ സീരീസിൽ പ്രത്യക്ഷപ്പെടുന്ന മറ്റൊരു ജോഡി അമൻ കപൂർ- ദിവ്യാ ഖണ്ഡേൽവാൽ ദമ്പതിമാരാണ്. പ്രകൃതിസ്നേഹികളായ ഇവർ വിവാഹ മാമാങ്കം കൊണ്ടാടിയത് ജയ്പൂരിനടുത്തുള്ള ബിഷൻഗഢ് കോട്ടയിലായിരുന്നു. ഇതിന്റെ ഒരു പ്രത്യേകത ഇതിൽ ഉപയോഗിച്ച എല്ലാ സാധനങ്ങളും തികച്ചും തദ്ദേശീയമായി ഉദ്പാദിപ്പിക്കപ്പെട്ടതോ അല്ലെങ്കിൽ അവിടങ്ങളിൽ സാധാരണയായി പ്രചാരത്തിലുള്ളതോ ആയ സാധനങ്ങളായിരുന്നു എന്നതാണ്. കോട്ടയുടെ ചുറ്റുമുള്ള ഗ്രാമീണ സൗന്ദര്യം ആസ്വദിക്കാൻ പാകത്തിലായിരുന്നു വേദിയൊരുക്കിയിരുന്നത്.
ഇവരുടെ വെഡിങ് കൺസൾട്ടന്റായിരുന്ന പെർഫെക്ഷനിസ്റ്റ് പറയുന്നത് യുക്തിപരമായ ഒരു വെല്ലുവിളിയായിരുന്നു ഈ വിവാഹത്തിന് വേദിയൊരുക്കൽ എന്നാണ്. അതേസമയം പതിനഞ്ചാം നൂറ്റാണ്ടിലെ ഇന്ത്യയിലൂടെയുള്ള ഒരു യാത്രയായിരുന്നു പല്ലവി ബൈഷ്ണോയിയുടെയും രജത് സ്വരൂപിന്റെയും വിവാഹം. അക്കാലങ്ങളിൽ നിലവിലുണ്ടായിരുന്ന കന്യാദാനം എന്ന ചടങ്ങുൾപ്പടെ, പാരമ്പര്യം തെല്ലും തെറ്റിക്കാത്ത ഒരു വിവാഹമായിരുന്നു ഈ അധുനിക കാലത്ത് പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഒരുക്കിയത്.
ടൈരോൺ ബ്രഗാൻസ-ഡാനിയൽ ബോർ എന്ന സ്വവർഗ്ഗ ദമ്പതിമാരുടെ കഥയുമായാണ് ഈ സീരീസ് അവസാനിക്കുന്നത്. ഒരു ജർമ്മൻ സ്‌റ്റൈൽ പള്ളിയിൽ വച്ചു നടന്നതായിരുന്നു ഈ വിവാഹം. അതോടൊപ്പം ആദിത്യ വദ്വാനി-ഗയേതി സിങ് ദമ്പതിമാരുടെ തികച്ചും ആധുനിക രീതിയിലുള്ള വിവാഹവും ഇതിൽ വരുന്നുണ്ട്. നാനാത്വത്തിൽ ഏകത്വമെന്ന ഇന്ത്യൻ സവിശേഷത ആഡംബര വിവാഹങ്ങളിലും പ്രതിഫലിക്കുന്ന കാഴ്‌ച്ച ഈ സീരീസിലൂടെ കാണാൻ കഴിയും. ഇപ്പോൾ നെറ്റ്ഫ്ളിക്സിൽ ഇത് ലഭ്യമാണ്.
മറുനാടന് മലയാളി ബ്യൂറോ