വാഷിങ്ടൺ: ഇന്നലെ ഉച്ചവരെയുള്ള കണക്കനുസരിച്ച് 5 ലക്ഷത്തിലേറെ പേരാണ് അമേരിക്കയിൽ കോവിഡിനു കീഴടങ്ങി ജീവൻ വെടിഞ്ഞത്. എന്നാൽ, ദിനംപ്രതി മരണനിരക്ക് കുറഞ്ഞുവരുന്നത് അമേരിക്കയ്ക്ക് ആശ്വാസവും നൽകുന്നുണ്ട്. രോഗവ്യാപനം അതിന്റെ മൂർദ്ധന്യഘട്ടത്തിലുണ്ടായിരുന്ന ഫെബ്രുവരി 6 ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇപ്പോഴത്തെ മരണനിരക്ക് അപ്പോഴത്തേതിന്റെ പകുതി മാത്രമാണ്. അതുപോലെ കഴിഞ്ഞ ഒരു മാസമായി രോഗവ്യാപനതോതും ഏകദേശം 60 ശതമാനത്തോളം കുറഞ്ഞിട്ടുണ്ട്. ആദ്യ രോഗബാധ സ്ഥിരീകരിച്ചതിനു ശേഷം കൃത്യം ഒരു വർഷവും16 ദിവസവും കഴിയുമ്പോഴുള്ള അമേരിക്കയുടെ കോവിഡ് ചിത്രം ഇങ്ങനെയാണ്.

കോവിഡ് ദുരന്തത്തിൽ ജീവൻ നഷ്ടമായവരുടെ സ്മരണാർത്ഥം ഇന്ന് സൂര്യാസ്തമനത്തിനു ശേഷം വൈറ്റഹൗസ് മുറ്റത്ത് പ്രസിഡണ്ട് ജോ ബൈഡൻ മെഴുകുതിരികൾ തെളിയിക്കും. പ്രഥമവനിത ജിൽ ബൈഡൻ, വൈസ് പ്രസിഡണ്ട് കമലാഹാരിസ്, ഭർത്താവ് ഡഗ് എമോഫ്ഫ് തുടങ്ങിയവരും ഇതിൽ പങ്കെടുക്കും. പ്രിയപ്പെട്ടവരുടെ വേർപാടിൽ അമേരിക്ക തേങ്ങുമ്പോഴും പ്രത്യാശയുടെ ചെറിയൊരു പ്രകാശം തെളിയുന്നുണ്ട്. എന്നാൽ കാര്യങ്ങൾ പഴയതുപോലെ സാധാരണ ഗതിയിലാകാൻ ഇനിയും ഒരുപാട് സഞ്ചരിക്കേണ്ടതുണ്ട്.

കോവിഡ് വ്യാപന ഗ്രാഫ് കുത്തനെ താഴോട്ട് വരുന്നു എന്നതുകൊണ്ട് മാത്രം നമുക്ക് വിജയം അവകാശപ്പെടാൻ ആകില്ലെന്നാണ് ഡോ, ആന്റണി ഫൗസി പറയുന്നത്. കാരണം, അതിവ്യാപന ശേഷിയുള്ള പുതിയ ഇനം വൈറസുകൾ വീണ്ടും ആഞ്ഞടിച്ചേക്കാം. ഞായറാഴ്‌ച്ച അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 56,4895 പുതിയ കേസുകൾ മാത്രമാണ്. ഇതോടെ കഴിഞ്ഞയാഴ്‌ച്ചയിൽ പ്രതിദിനം ശരാശരി 70,000 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഒരു മാസം മുൻപ് ഇത് 1,80,930 ആയിരുന്നു എന്നതോർക്കണം. ആശുപത്രികളിൽ ചികിത്സതേടിയെത്തുന്ന കോവിഡ് രോഗികളുടെ എണ്ണവും കാര്യമായി കുറഞ്ഞിട്ടുണ്ട്.

രോഗവ്യാപനതോതിലും മരണനിരക്കിലും ഉണ്ടായ നാടകീയമായ ഇടിവ്, ഓഴിവുകാലത്തിനു ശേഷം കുതിച്ചെത്തിയ കോവിഡ് തരംഗം അടങ്ങുകയാണ് എന്നതിന്റെ സൂചന തന്നെയാണ്. എന്നിരുന്നാലും അമേരിക്കക്കാർ 2022 വരെയെങ്കിലും മാസ്‌ക് ധരിക്കേണ്ടതായി വരും എന്നാണ് ഡോ ഫൗസി പറയുന്നത്. മഹാവ്യാധിയെ തരണം ചെയ്തു എന്ന് പറയുന്നതിൽ അർത്ഥമില്ല. ജനിതകമാറ്റം സംഭവിച്ച വിവിധ ഇനം കൊറോണകൾ ഇപ്പോഴുമുണ്ട്. അതുകൊണ്ടുതന്നെ കരുതലോടെയിരിക്കേണ്ടതും ആവശ്യമാണ്, അദ്ദേഹം പറയുന്നു.

ചുരുങ്ങിയത് മൂന്നിനം അതിതീവ്ര വൈറസിനെയെങ്കിലും അമേരിക്കയിൽ കണ്ടെത്തി എന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെയണ് ഫൗസി ഇത് പറയുന്നത്. കെന്റ് ഇനത്തിൽ പെട്ട വൈറസിന്റെ സാന്നിദ്ധ്യം 1,600 പേരിലാണ് കണ്ടെത്തിയത്. അതുപോളെ 70 ശതമാനം അധിക വ്യാപനശേഷിയുള്ള ബി 117 ന്റെ സാന്നിദ്ധ്യം 44 സംസ്ഥാനങ്ങളിൽ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ഫൗസിയും സെന്റർ ഫോർ ഡിസീസ് കൺട്രോളും പറയുന്നത്, മാരകമായ കൂടുതൽ വൈറാസുകളുടെ സാന്നിദ്ധ്യം അടുത്തമാസമായിരിക്കും ഉണ്ടാവുക എന്നാണ്.

ബ്രിട്ടനിൽ കടുത്തനിയന്ത്രണങ്ങൾക്ക് വഴിതെളിച്ച രോഗവ്യാപനം പോലെ അമേരിക്കയിലും അടുത്തമാസം രോഗവ്യാപനത്തിൽ വർദ്ധനവ് ഉണ്ടായേക്കാമെന്നാണ് ഡോ. ഫൗസി പ്രതീക്ഷിക്കുന്നത്. കോവിഡ് പ്രതിസന്ധി ഏറ്റവും മോശം വിധത്തിൽ കൈകാര്യം ചെയ്ത ചരിത്രമാണ് അമേരിക്കക്കുള്ളത് എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. മാസ്‌ക് ധരിക്കുന്നത് രോഗവ്യാപനത്തെ വലിയൊരളവിൽ തടയുമെന്ന് തെളിഞ്ഞിട്ടും, വ്യക്തിസ്വാതന്ത്ര്യത്തിന്റെയും മറ്റും പേരുപറഞ്ഞ് അതിനു തയ്യാറാകാത്തത് വലിയ അപകടം തന്നെ ക്ഷണിച്ചുവരുത്തുമെന്ന് നാഷണൽ ഇൻസ്റ്റിറ്റിയുട്ട് ഒഫ് ഹെൽത്തിലെ ഡോക്ടർ ഫ്രാൻസിസ് കോളിൻസും പറയുന്നു.

മാസ്‌ക് എന്നത് ഒരു ജീവൻ രക്ഷാ ഉപകരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയപ്പോൾ 2022 വരെയെങ്കിലും അമേരിക്കക്കാർ മാസ്‌ക് ധരിക്കേണ്ടതായി വരും എന്നാണ് ഫൗസി പറയുന്നത്. ഈ വർഷം അവസാനത്തോടെ രാജ്യം ഏതാണ്ടൊക്കെ സാധാരണരീതിയിലേക്ക് തിരിച്ചുവന്നേക്കാം എന്നും അദ്ദേഹം പറയുന്നു. ഇതുവരെ 63 ദശലക്ഷം പേർക്കാണ് അമേരിക്കയിൽ വാക്സിൻ നൽകിയിട്ടുള്ളത്. മൊത്തം ജനസംഖ്യയുടെ 13 ശതമാനത്തോളം വരും ഇത്.

വാകിസ്ന്റെ വരവും, രോഗവ്യാപനത്തിലുണ്ടായ ഇടിവും ആഘോഷിക്കുവാനുള്ള സാഹചര്യമല്ല ഇതെന്നാണ് ഈ രംഗത്തെ പല പ്രമുഖരും പറയുന്നത്. ഇനിയാണ് കൂടുതൽ കരുതൽ ആവശ്യമായുള്ളതെന്നും അവർ പറയുന്നു. അതേസമയം, രോഗവ്യാപനം കുത്തനെ ഇടിയുമ്പോഴും അനാവശ്യമായ മുന്നറിയിപ്പുകളുമായെത്തി ജനങ്ങളെ ആശങ്കയിലാഴ്‌ത്താനാണ് സർക്കാരും വിവിധ ശാസ്ത്ര സ്ഥാപനങ്ങളും ശ്രമിക്കുന്നത് എന്നൊരു ആരോപണവും ഉയരുന്നുണ്ട്. ജൂലായ് അവസാനത്തോടെ എല്ലാ അമേരിക്കക്കാർക്കും വാക്സിൻ ലഭ്യമാക്കുമെന്ന് ബൈഡനും പറഞ്ഞിട്ടുള്ളതായി ഇവർ ചൂണ്ടിക്കാട്ടുന്നു.