''ലോകാഃ സമസ്താഃ സുഖിനോ ഭവന്തു'', ''വസുധൈവ കുടുംബകം'' ഭാരതീയ സംസ്‌കാരത്തിന്റെ അടിസ്ഥാനശിലകളായ രണ്ട് ആശയങ്ങളാണിത്. സമൂഹജീവിയായ മനുഷ്യന് ജീവിതം സുഗമമായി മുന്നോട്ട് കോണ്ടുപോകാൻ ലോകത്തിലെ എല്ലാ ജീവികളും സുഖമായിരുന്നാൽ മാത്രമേ കഴിയൂ എന്ന് ഉദ്ഘോഷിക്കുന്ന ഭാരതീയ സംസ്‌കാരം, ലോകത്തെ മുഴുവൻ സ്വന്തം തറവാടായി കാണാനും, മനുഷ്യകുലത്തെയാകെ സ്വന്തക്കാരായി കാണാനുമാണ് പഠിപ്പിക്കുന്നത്. ആ പൈതൃകത്തിൽ നിന്നും തെല്ലും പിന്നോട്ടുപോയിട്ടില്ലെന്ന് പ്രവർത്തികൊണ്ട് തെളിയിക്കുകയാണ് കോവിഡ് കാലത്തെ ഇന്ത്യ.

ഐക്യരാഷ്ട്ര സഭയുമായി ചേർന്ന്, തീരെ ദരിദ്രമായതും, ഇടത്തരം സാമ്പത്തിക ഘടനയുള്ളതുമായ 92 രാജ്യങ്ങൾക്കാണ് ഇന്ത്യ കോവിഡ് വാക്സിൻ സൗജന്യമായി നൽകുന്നത്. ലോകത്തിലെ മുഴുവൻ ജനങ്ങൾക്കും കോവിഡ് വാക്സിൻ ലഭ്യമാക്കണം എന്ന ഉദ്ദേശത്തോടെയുള്ള ഈ പദ്ധതി പ്രകാരം ഇന്ത്യയിലെ സീറം ഇൻസ്റ്റിറ്റിയുട്ടിൽ ഉദ്പാദിപ്പിച്ച 6 ലക്ഷം അസ്ട്രാ സെനെക വാക്സിൻ ഡോസുകൾ ഘാനയിൽ എത്തിച്ചു. ഇതുപ്രകാരമുള്ള സൗജന്യ വാക്സിൻ ആദ്യം ലഭിക്കുന്ന രാജ്യമാണ് ഘാന.

യൂണിസെഫ് വഴി വിതരണം ചെയ്യുന്ന വാക്സിൻ ഇന്നലെയാണ് അക്രായിലെ കോകോട്ടോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്നത്. ഇതുപോലെ നിരവധി വികസ്വര രാജ്യങ്ങളിലേക്കാണ് ഇന്ത്യ കോവാക്സ് സൗജന്യമായി കയറ്റുമതി ചെയ്യുവാൻ പോകുന്നത്.മറ്റ് 90 രാജ്യങ്ങൾ പണം നൽകി കോവാക്സ് വാങ്ങുവാനുള്ള സന്നദ്ധത അറിയിച്ചിട്ടുമുണ്ട്.

30 ദശലക്ഷം ജനങ്ങളുള്ള ഘാനയിൽ ഇതുവരെ 81,245 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 584 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്‌ച്ച വരെയുള്ള, ഘാനാ ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക കണക്കാണിത്. മാർച്ച് 2 മുതൽക്കായിരിക്കും ഘാനയിലെ വാക്സിൻ പദ്ധതി ആരംഭിക്കുക. ഘട്ടം ഘട്ടമായി മുൻഗണനാ ക്രമത്തിലായിരിക്കും വാക്സിൻ നൽകുക. ആരോഗ്യ പ്രവർത്തകർ, 60 വയസിനു മുകളിൽ പ്രായമുള്ളവർ, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ, ഫ്രണ്ട്ലൈൻ എക്സിക്യുട്ടീവുമാർ, നിയമസഭാ സാമാജികർ, ജ്യൂഡിഷറി അംഗങ്ങൾ എന്നിങ്ങനെയാണ് മുൻഗണന നിശ്ചയിച്ചിരിക്കുന്നത്.

ഘാനയിലെ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുവാൻ സർക്കാർ എല്ലാ നടപടികളും കൈക്കൊള്ളുമെന്നും, എല്ലാവർക്കും നൽകാൻ മാത്രം വാക്സിൻ സംഭരിക്കുമെന്നും ഇൻഫർമേഷൻ വകുപ്പ് മന്ത്രി കോജോ ഒപ്പോംഗ് പറഞ്ഞു. മാഹാവ്യാധിയുടെ അന്ത്യം കുറിക്കുന്നതിനുള്ള ആദ്യപടിയായാണ് സൗജന്യമായി വാക്സിൻ നൽകിയതിനെ ബ്രിട്ടീഷ് ഫോറിൻ സെക്രട്ടറി ഡൊമിനിക് റാബ് വിശേഷിപ്പിച്ചത്. ഈ പദ്ധതിയിലേക്ക് 548 മില്ല്യൺ പൗണ്ടാണ് ബ്രിട്ടൻ വാഗ്ദാനം നൽകിയിരിക്കുന്നത്. മാത്രമല്ല, ബ്രിട്ടനിലെ ഉപയോഗം കഴിഞ്ഞ് മിച്ചം വരുന്ന വാക്സിനും പദ്ധതിയിലേക്കായി നൽകുമെന്നും ബ്രിട്ടൻ അറിയിച്ചിട്ടുണ്ട്.

ഏറ്റവും അവശതയനുഭവിക്കുന്ന മനുഷ്യരുടെ ഇടയിൽ പോലും വാക്സിൻ എത്തിക്കുവാൻ ഈ പദ്ധതിക്ക് കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇത്തരം വികസ്വര രാജ്യങ്ങളിൽ രോഗം പടരാതെ തടഞ്ഞാൽ ഭാവിയിൽ മറ്റൊരു മഹാവ്യാധികൂടി തടയുവാൻ സാധിക്കുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ചരിത്രത്തിന്റെ താളുകളിൽ സുവർണ്ണലിപികളിൽ എഴുതിച്ചേർക്കപ്പെടുന്ന നിമിഷമാണ് കോവാക്സ് ഘാനയിലെത്തിയ നിമിഷമെന്ന് യൂണിസെഫ്- ലോകാരോഗ്യ സംഘടനാ വൃത്തങ്ങൾ പറഞ്ഞു.കഴിഞ്ഞ ഒരു വർഷമായി കോവിഡ് തീർത്ത അനിശ്ചിതാവസ്ഥയ്ക്ക് ശേഷം ഘാനയിലെ ജനങ്ങൾക്ക് പ്രത്യാശ ലഭിച്ചിരിക്കുകയാണെന്നും അവർ പറഞ്ഞു.

ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിൻ പദ്ധതിയാകാൻ പോകുന്ന ഒന്നിന്റെ ആദ്യപടിയായിരുന്നു ഇന്നലെ ഘാനയിലെത്തിയ വാക്സിൻ. ലോകമെമ്പാടുമായി കോവാക്സിന്റെ 2 ബില്ല്യൺ ഡോസുകളാണ് ഈ പദ്ധതിയിൽ ഉൾപ്പെടുത്തി എത്തിക്കുക. അത്ര സമ്പന്നമല്ലാത്ത രാഷ്ട്രങ്ങളും കോവിഡിനെ ചെറുക്കുന്ന കാര്യത്തിൽ പുറകോട്ടുപോകില്ലെന്ന് ഉറപ്പുവരുത്തുന്നതാണ് ഈ പദ്ധതിയെന്നും യൂണിസെഫ് അധികൃതർ അറിയിച്ചു.