കാലാവസ്ഥാ വ്യതിയാനം ലോകനാശത്തിലേക്ക് നയിക്കുമെന്ന മുറവിളി ഉയർന്നിട്ട് ഏറെക്കാലമായെങ്കിലും അതിന് കാര്യമായ പിന്തുണ ലഭിക്കുന്നില്ലെന്നതാണ് സത്യം. ഉച്ചകോടികളും വാർഷിക സമ്മേളനങ്ങളും നടത്തി പ്രമേയം പാസ്സാക്കുന്നതിൽ ഒതുങ്ങുകയാണ് പല പരിസ്ഥിതി പ്രശ്നങ്ങളും. നഗരവത്ക്കരണം വികസനത്തിന്റെ മുഖമുദ്രയായി എടുത്തുകാട്ടി, പരിസ്ഥിതി സംരക്ഷണത്തിനായി ശബ്ദമുയർത്തുന്നവരെ വികസന വിരോധികളായി ചിത്രീകരിച്ച് ഭൂരിപക്ഷത്തെ അവർക്കെതിരെ ആക്കുവാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഈയൊരു സാഹചര്യത്തിലാണ് കാലാവസ്ഥ വ്യതിയാനത്തിന്റെ രണ്ട് ഭീകരമുഖങ്ങൾ നാം അറിയേണ്ടത്.

അന്റാർട്ടിക്കയിൽ നിന്നും വിണ്ടുമാറി ഒഴുകിയടുക്കുന്ന കൂറ്റൻ മഞ്ഞുമല

ന്യുയോർക്ക് നഗരത്തേക്കാൾ വലിപ്പമുള്ള ഒരു മഞ്ഞുമല അന്റാർട്ടിക്ക് ഐസ് ഷെൽഫിൽ നിന്നും വിണ്ടുമാറി വൻകരകൾക്ക് നേരെ ഒഴുകിയെത്തുകയാണ്. ബ്രിട്ടന്റെ ഹാലി റിസർച്ച് സ്റ്റേഷനു സമീപമാണ് കഴിഞ്ഞയാഴ്‌ച്ച ഈ വിള്ളൽ ആദ്യമായി പ്രത്യക്ഷമായത്.492 അടി കനത്തിലുള്ള ബ്രണ്ട് ഐസ് ഷെൽഫിൽ നിന്നുമാണ് 1,270 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ മഞ്ഞുപാളി അടരുവാൻ തുടങ്ങിയത്. ബ്രിട്ടീഷ് അന്റാർട്ടിക്ക് സർവ്വേയാണ് ഇക്കാര്യം പുറത്തുവിട്ടത് അന്റാർട്ടിക്കയുടെ വെഢെൽ സീ സെക്ഷനിലെ ഷെൽഫിൽ വലിയ വിള്ളലുകൾ ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയിട്ട് ഒരു പതിറ്റാണ്ടിനു ശേഷമാണ് ഈ വാർത്ത പുറത്തുവരുന്നത്.

2017 മുതൽ ഇവിടെ ബി എ എസിന്റെ ഒരു ഗവേഷണകേന്ദ്രം ഇവിടെ പ്രവർത്തിക്കുന്നുണ്ട്. അവരുടെ അഭിപ്രായപ്രകാരം കാൽവിങ് എന്ന ഈ പ്രക്രിയ ആദ്യം ആരംഭിച്ചത് 2020 നവംബറിലാണ്. നോർത്ത് റിഫ്റ്റ് എന്ന് വിളിക്കുന്ന ഒരു പ്രധാനഭാഗം അന്ന് അടർന്നു മാറിയിരുന്നു. ജനുവരിയിൽ പ്രതിദിനം ഏകദേശം ഒരു കിലോമീറ്ററോളം ഇത് വടക്ക് കിഴക്ക് ദിശയിലേക്ക് തള്ളപ്പെട്ടിരുന്നു. ഇതിന്റെ ഫലമായ ഒരു മഞ്ഞുമല രൂപപ്പെടുകയും ഫെബ്രുവരി 26 ന് ഇത് ബാക്കിയുള്ള ഐസ്‌ഷെൽഫിൽ നിന്നും അടർന്ന് മാറുകയുംചെയ്തു.

ഇതിന്റെ ചലനം ഗവേഷണകേന്ദ്രത്തിന്റെ ആസ്ഥാനമായ കേംബ്രിഡ്ജിനെ അറിയിക്കുന്നുണ്ട്. മാത്രമല്ല, അവിടെ ശാസ്ത്രജ്ഞന്മാർ, ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ ഇതിനെ നിരീക്ഷിക്കുന്നുമുണ്ട്. 306 ചതുരശ്ര മൈൽ വിസ്തീർണ്ണമുള്ള ന്യുയോർക്ക് നഗരത്തേക്കാൾ വലുതാണ് 490 ചതുരശ്ര മൈൽ വിസ്തീർണ്ണമുള്ള ഈ മഞ്ഞുമല. ബ്രണ്ട് ഐസ് ഷെൽഫിൽ ഉണ്ടായ വിള്ളൽ കഴിഞ്ഞ 35 വർഷങ്ങളായി വ്യത്യാസപ്പെടാതെ ഇരിക്കുകയായിരുന്നു എന്നാണ് നാസ പറഞ്ഞത്. പിന്നീട് അടുത്തകാലത്താണ് ഇത് വിപുലപ്പെടാൻ ആരംഭിച്ചത്.

വരുന്ന ആഴ്‌ച്ചകളിലും മാസങ്ങളിലുമായി ഇത് അന്റാർട്ടിക്കിൽ നിന്നും ഒഴുകി അകലാം എന്നും അല്ലെങ്കിൽ അവിടെ തന്നെ കറങ്ങി നടക്കാം എന്നുമാണ് കേംബ്രിഡ്ജ് ആസ്ഥാനത്തെ ശാസ്ത്രജ്ഞന്മാർ പറയുന്നത്. ഇത് മുൻകൂട്ടി കണ്ടാണ് വർഷങ്ങൾക്ക് മുൻപ് ബ്രിട്ടീഷ് അന്റാർട്ടിക് സർവ്വേയുടെ ഹാലി ഗവേഷണകേന്ദ്രം മാറ്റി സ്ഥാപിച്ചതെന്നും ശാസ്ത്രജ്ഞർ പറയുന്നു. അന്റാർട്ടിക്കിൽ നിന്നും അടര്ന്നു മാറിയിട്ടുള്ള ഏറ്റവും വലിയ മഞ്ഞുപാളി പക്ഷെ ഇതല്ല. എന്നാൽ, അന്റാർട്ടിക്ക നിരീക്ഷണവിധേയമായ 1915 മുതൽ ബ്രണ്ട് ഐസ് ഷെല്ഫിൽ നിന്നും അടർന്നുമാറുന്ന ഏറ്റവും വലിയ പാളിയാണിത്.

ഇതിനു മുൻപ് 2017-ൽ ലാർസൻ സി ഷെല്ഫിന്റെ 12 ശതമാനത്തോളം ഭാഗം അടർന്നുമാറിയിരുന്നു. എ 68 എന്ന് നാമകരണം ചെയ്ത ആ പാളിക്ക് ഏകദേശം 2,300 ചതുരശ്ര മൈൽ വിസ്തീർണ്ണമുണ്ടായിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിൽ, പെൻഗ്വിനുകൾക്കും സീൽ മത്സ്യങ്ങൾക്കും വൻ തോതിൽ ഭീഷണിയുയർത്തിയിരുന്ന ഒരു ട്രില്യൺ ടൺ ഭാരമുള്ള ഒരു മഞ്ഞുമല സൗത്ത് ജോർജ്ജിയയിൽ തകർത്തുകളഞ്ഞിരുന്നു. ഇതുവരെ ഇത്തരത്തിൽ അടര്ന്നു മാറിയതിൽ ഏറ്റവും വലിയ മഞ്ഞുപാളി 4,200 ചതുരശ്രമൈൽ വിസ്തീർണ്ണമുള്ള ബി-15 ആണ്. റോസ്സ് ഐസ് ഷീൽഡിൽ നിന്നും 2000-ൽ അടർന്നുമാറിയ ഈ പാളി പിന്നീട് 2005 ആയപ്പോഴേക്കും പല ചെറു കഷണങ്ങളായി വിഭജിക്കപ്പെട്ടു.

കടുത്ത തണുപ്പിൽ മനുഷ്യൻ കൈയൊഴിഞ്ഞ് പ്രേതനഗരമായി മാറിയ റഷ്യയിൽ വോർകുട നഗരം

കൽക്കരി ഖനികൾക്ക് പ്രസിദ്ധമാണ് റഷ്യയിലെ സെമെന്റ്നോസാവോഡ്സ്‌കി മേഖലയിലുള്ള വോർകുടയും പരിസർങ്ങളും. അതുകൊണ്ടു തന്നെ ഒരു വ്യവസായിക നഗരമായി വളർന്നുവന്ന ഒന്നുകൂടിയായിരുന്നു വോർകുട ഒരുകാലത്ത്. ഈ കല്ക്കരി ഖനികളിൽ നിന്നും 17കിലോമീറ്റർ മാത്രം അകലെയുള്ള നഗരത്തിലെ പ്രധാന ആവാസമേഖല ഇന്ന് തീർത്തും വിജനമാണ്. തണുപ്പ് കാലത്ത് മൈനസ് 50 ഡിഗ്രി സെല്ഷ്യസ് വരെയാണ് ഇവിടത്തെ താപനില.

അവിടത്തെ ആവാസകേന്ദ്രങ്ങളിലെ മഞ്ഞുമൂടിയ കെട്ടിടത്തിന്റെയും ഗൃഹോപകരണങ്ങളുടെയുമൊക്കെ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. കെട്ടിടങ്ങളുടെ മേൽക്കൂരയിലും ജനലുകളിലുമൊക്കെ മഞ്ഞുകട്ടകളാണ്. അതിനൊപ്പം തന്നെ മഞ്ഞുവീഴ്‌ച്ചയിൽ മുങ്ങിപ്പോയ ലോറികളുടെ ചിത്രങ്ങളും പുറത്തുവരുന്നുണ്ട്.

കടുത്ത തണുപ്പ് ഒരു തുടർക്കഥയായപ്പോൾ 2013 ൽ ഇവിടെനിന്നും ജനങ്ങൾ വിട്ടുപോകാൻ ആരംഭിച്ചു. ചെറിയ തണുപ്പുള്ള വേനലും കൊടുംതണുപ്പുള്ള ശൈത്യകാലവുമായി കാലാവസ്ഥ വിഭജിക്കപ്പെട്ടുകിടക്കുന്ന ഈ നഗരം യൂറോപ്പിന്റെ ഏറ്റവും കിഴക്കേ അറ്റത്തുള്ള നഗരമാണ്. മാത്രമല്ല, യൂറോപ്പിലെ ഏറ്റവും തണുപ്പേറിയ നഗരവും. സ്റ്റാലിൻ സ്ഥാപിച്ച കുപ്രസിദ്ധമായ ഗുലാഗ് പ്രിസൺ ക്യാമ്പ് ഒരുകാലത്ത് ഈ നഗരത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്.

എഴുപതിനായിരത്തിലധികം ജനങ്ങൾ താമസിച്ചിരുന്ന ഈ നഗരം ഇന്ന് തണുത്തുവിറച്ച്, അക്ഷരാർത്ഥത്തിൽ ഒരു ശ്മശാനമായി മാറിയിരിക്കുകയാണ്. ഒരുകാലത്ത് സജീവമായിരുന്ന തെരുവോര ചന്തകളും, ഖനിതൊഴിലാളികളുടെ പാർപ്പിടങ്ങളുമെല്ലാം മഞ്ഞുമൂടിക്കിടക്കുന്നു. കാലാവസ്ഥാ വ്യതിയാനം വരുത്തിവച്ച മറ്റൊരു ദുരന്തത്തിന്റെ ബാക്കിപത്രം പോലെ എങ്ങും മരണതുല്യമായ മൂകത മാത്രം.