പാലക്കാട്: മന്ത്രി എകെ ബാലനെതിരെ പാലക്കാട് നഗരത്തിലും മന്ത്രിയുടെ വീടിന് മുന്നിലും സിപിഎം പാലക്കാട് ജില്ല കമ്മറ്റി ഓഫീസിന് മുന്നിലും പോസ്റ്ററുകൾ. പാർട്ടി അധികാരം വെച്ച് മണ്ഡലത്തെ കുടുംബ സ്വത്താക്കാൻ ശ്രമിച്ചാൽ നട്ടെല്ലുള്ള കമ്മ്യൂണിസ്റ്റുകൾ തിരിച്ചടിക്കുക തന്നെ ചെയ്യും എന്നാണ് പോസ്റ്ററുകളിലുള്ളത്.

സേവ് കമ്മ്യൂണിസ്റ്റ് എന്ന പേരിലണ് പോസ്റ്ററുകൾ പതിച്ചിട്ടുള്ളത്. ഇന്ന് രാവിലെ മുതലാണ് പോസ്റ്ററുകൾ കണ്ടുതുടങ്ങിയത്. സിപിഐഎം പാലക്കാട് ജില്ല കമ്മറ്റി ഓഫീസ് പരിസരം, മന്ത്രിയുടെ വീടിന്റെ പരിസരം, പാലക്കാട് നഗരത്തിലെ വിവിധയിടങ്ങൾ എന്നിവിടങ്ങളിലാണ് പോസ്റ്ററുകൾ പതിച്ചിട്ടുള്ളത്. മന്ത്രിയുടെ ഭാര്യ പികെ ജമീലയെ തരൂരിൽ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിനെതിരെയാണ് പോസ്റ്ററുകൾ.

ജില്ല കമ്മറ്റിയോഗത്തിൽ ഇവരുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ പ്രതിഷേധമുണ്ടായിരുന്നെങ്കിലും സംസ്ഥാന കമ്മറ്റി പുറത്തുവിട്ട സാധ്യത പട്ടികയിൽ പികെ ജമീല ഇടം നേടിയിരുന്നു. പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ഇന്ന് ചേരുന്ന സിപിഐഎം പാലക്കാട് ജില്ല സെക്രട്ടേറിയേറ്റ് പികെ ജമീലയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ചർച്ച ചെയ്യുമെന്നാണ് അറിയുന്നത്