ക്വാലലംപുർ: ക്വാലലംപുരിൽ അന്തരിച്ച മലയാളി വനിതയും മലേഷ്യയിലെ അറിയപ്പെടുന്ന വനിതാ അവകാശ പ്രവർത്തകയുമായ സുകുമാരി ശേഖറിന്റെ സംസ്‌ക്കാരം നടത്തി. 87 വയസ്സായിരുന്നു. വിഖ്യാത റബർ ശാസ്ത്രജ്ഞനും മഗ്‌സസെ അവാർഡ് ജേതാവും മലേഷ്യയിലെ റബർ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാനുമായിരുന്ന പരേതനായ ബി.സി. ശേഖറിന്റെ ഭാര്യയാണ് സുകുമാരി ശേഖർ.

തിരുവനന്തപുരം ജഗതി മഴുവൻഞ്ചേരി കുടുംബാംഗമായിരുന്നു സുകുമാരി ശേഖർ. മലേഷ്യ നാഷനൽ കൗൺസിൽ ഓഫ് വുമൻസ് ഓർഗനൈസേഷൻ ഡപ്യൂട്ടി പ്രസിഡന്റായിരുന്ന സുകുമാരി ശേഖറിന് മലേഷ്യയിലെ വനിതാ ക്ഷേമരംഗത്ത പ്രവർത്തനത്തിന് അവാർഡ് ലഭിച്ചിട്ടുണ്ട്. കുട്ടികളുടെ അവകാശങ്ങൾക്കും ക്ഷേമപ്രവർത്തനങ്ങൾക്കും വേണ്ടിയും പ്രവർത്തിച്ച സുകുമാരി മലയാളി ആയിരുന്നെങ്കിലും മലേഷ്യക്കാർക്ക് ഏറെ പ്രിയപ്പെട്ടവളായിരുന്നു.

രാജ്യസേവനത്തിനു മലേഷ്യൻ ഗവൺമെന്റ് നൽകുന്ന രാജ്യത്തെ രണ്ടാമത്തെ പരമോന്നത ബഹുമതിയായ ടാൻശ്രീ ജേതാവായിരുന്നു ബി.സി.ശേഖർ. ടാൻശ്രീ ജേതാവിന്റെ ഭാര്യയെന്ന നിലയിൽ പുവൻ ശ്രീ വിശേഷണത്തോടെയാണു സുകുമാരി ശേഖർ അറിയപ്പെട്ടിരുന്നത്.

മലേഷ്യയിലെ സ്വാഭാവിക റബർ വ്യവസായത്തെ ആധുനികവൽക്കരിക്കുന്നതിൽ ബി.സി. ശേഖർ നിർണായക പങ്കുവഹിച്ചു. പാമോയിൽ വ്യവസായത്തെ വികസിപ്പിച്ചു. 'മിസ്റ്റർ നാച്വറൽ റബർ ' എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ബി.സി. ശേഖറിന്റെ പേരിൽ അന്തർ സർവകലാശാലാ പഠന കേന്ദ്രം സ്ഥാപിക്കുമെന്ന് ഇത്തവണത്തെ കേരള ബജറ്റിൽ ധനമന്ത്രി തോമസ് ഐസക് പ്രഖ്യാപിച്ചിരുന്നു.

മക്കൾ: ജയൻ, ഗോപിനാഥ്, വിനോദ് (പെട്രാ ഗ്രൂപ്പ് ചെയർമാൻ, ചീഫ് എക്‌സിക്യൂട്ടീവ് ), സുജാത. മരുമക്കൾ: ബീന, രേഖ, ഡോ.വിനി, ദീപക് ഭായി നായിക്.