- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചന്ദ്രനിലേക്കുള്ള യാത്രയിൽ ഒരു ഇടത്താവളം; ബഹിരാകാശ ഗവേഷണങ്ങൾ കൂടുതൽ ആഴത്തിൽ നടത്താൻ സഹായിക്കുന്ന ഗവേഷണകേന്ദ്രം; അമേരിക്കയുടെ ഗേറ്റ്‌വേയ്ക്ക് സമാനമായി ചന്ദ്രന്റെ ഭ്രമണപഥത്തിൽ ചന്ദ്രനെ ചുറ്റുന്ന ഒരു ലൂണാർ സ്പേസ് സ്റ്റേഷൻ; നക്ഷത്രയുദ്ധത്തിന് മൂർച്ഛകൂട്ടാൻ റഷ്യയും ചൈനയും ഒന്നിക്കുമ്പോൾ
ലോകത്തിലെ തന്നെ ആദ്യത്തെ ലൂണാർ സ്പേസ് സ്റ്റേഷൻ ഒരുക്കാനുള്ള ശ്രമത്തിലാണ് അമേരിക്ക. ചന്ദ്രനിലേക്കുള്ള യാത്രകളിൽ യാത്രികർക്കൊരു ഇടത്താവളമായും അതുകൂടാതെ ബഹിരാകാശത്തിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ട് കൂടുതൽ പഠനങ്ങൾ നടത്താനുള്ള സൗകര്യമൊരുക്കാനുമൊക്കെയാണ് ഇത് നിർമ്മിക്കുന്നത്. ഇതിന്റെ ആദ്യ പണികൾ 2024-ഓടെ പൂർത്തിയാക്കാൻ കഴിയുമെന്നാണ് നാസ പറയുന്നത്. മനുഷ്യരും റോബോട്ടുകളും ഇടകലർന്ന് ജീവിക്കുന്ന ഈ സ്പേസ് സ്റ്റേഷൻ പദ്ധതിയിൽ സഹകരിക്കാമെന്ന് നേരത്തെ റഷ്യയും വ്യക്തമാക്കിയിരുന്നു.
നിരവധി അനൗപചാരിക ചർച്ചകൾക്കൊടുവിൽ 2017- സെപ്റ്റംബർ 27 ന് ഇരു രാജ്യങ്ങളും ചേർന്ന് ഇക്കാര്യത്തിൽ ഒരു സംയുക്ത പ്രസ്താവനയും ഇറക്കിയിരുന്നു. എന്നാൽ, ഈ പദ്ധതിയിൽ നിന്നും തങ്ങൾ പിന്മാറുകയാണെന്ന് റഷ്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രമായ റോസ്‌കോസ്മോസ് വ്യക്തമാക്കി. ഈ പദ്ധതി അമേരിക്കൻ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനു മാത്രമുള്ളതായതിനാൽ അതുമായി സഹകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നാണ് അന്ന് റോസ്‌കോസ്മോസ് തലവൻ ഡിമിത്രി റോഗോസിൻ പറഞ്ഞത്.
എന്നാൽ, ഇപ്പോൾ ചൈനയുമായി കൈകോർത്തുകൊണ്ട് ലൂണാർ ഗേറ്റ്‌വേയ്ക്ക് സമാനമായ മറ്റൊരു ലൂണാർ സ്പേസ് സ്റ്റേഷൻ നിർമ്മിക്കാൻ ഒരുങ്ങുകയാണ് റഷ്യ. ഇതുമായി ബന്ധപ്പെട്ട ഒരു മെമോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിങ് ഇന്നലെമോസ്‌കോയിലേയും ബെയ്ജിംഗിലേയും അധികൃതർ ഒപ്പുവച്ചു. ഈ പദ്ധതി സാധ്യമാക്കുവാനുള്ള ആസൂത്രണ വിശദാംശങ്ങളും സമയപരിധിയുമൊക്കെ ഇരു രാജ്യങ്ങളും തമ്മിൽ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
എല്ലവിധ ഗവേഷണങ്ങൾക്കും സൗകര്യങ്ങൾ ഒരുക്കിക്കൊണ്ടുള്ള ഈ ഗവേഷണകേന്ദ്രം ശൂന്യാകാശത്തിന്റെ അറിയപ്പെടാത്ത ഉള്ളറ രഹസ്യങ്ങളിലേക്ക് വെളിച്ചം വിതറാൻ സഹായിക്കുമെന്നാണ് ഇരു രാജ്യങ്ങളും അവകാശപ്പെടുന്നത്.റോസ്‌കോസ്മോസ് തലവൻ ഡിമിത്രി റൊഗ്ഗൊസിനും ചൈന നാഷണൽ സ്പേസ് അഡ്‌മിനിസ്ട്രേഷൻ തലവൻ ഷാങ്ങ് കെജിയാനും തമ്മിൽ നടന്ന വീഡിയോ കോൺഫറൻസിനൊടുവിലാണ് മെമോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിങ് ഒപ്പുവയ്ക്കുന്നത്. ഈ പദ്ധതിയിൽ ഇരു രാജ്യങ്ങളുടെയും അന്താരാഷ്ട്ര ബന്ധങ്ങൾ വിപുലീകരിക്കാനും ഇരുവരും ശ്രമിക്കുന്നുണ്ട്. ഇതിൽ പങ്കെടുക്കാൻ താത്പര്യമുള്ള മറ്റു രാജ്യങ്ങൾക്കും തുല്യ അവസരം നൽകുമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്.
ഫ്രാൻസുമായി ബഹിരാകാശ ഗവേഷണ രംഗത്ത് കൂടുതൽ സഹകരിച്ച് പ്രവർത്തിക്കുമെന്ന് ചൈന ഉറപ്പു നൽകിയതിനു തൊട്ടുപിന്നാലെയാണ് ഈ പദ്ധതിയെ കുറിച്ചുള്ള പ്രഖ്യാപനവും ഉണ്ടായിരിക്കുന്നത്. 2014-ൽ ഉക്രെയിനിൽ നിന്നും ക്രീമിയ പിടിച്ചെടുത്ത് റഷ്യയോട് കൂട്ടിച്ചേർത്തത് പാശ്ചാത്യ രാജ്യങ്ങളുമായുള്ള റഷ്യയുടെ ബന്ധത്തിൽ വിള്ളലുണ്ടാക്കിയിരുന്നു. അതിനുശേഷം റഷ്യ ചൈനയുമായി കൂടുതൽ അടുക്കാൻ തുടങ്ങിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ