- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരയിലും കടലിലും പ്രതിരോധം ശക്തമാക്കാൻ ഉറച്ച് ഇന്ത്യ; 21000 കോടി മുടക്കി അമേരിക്കയിൽ നിന്നും 30 ഡ്രോണകൾ വാങ്ങാൻ തീരുമാനം: 1,700 കിലോ ആയുധങ്ങൾ വഹിച്ച് 48 മണിക്കൂർ പറക്കാൻ ശേഷിയുള്ള ഡ്രോണുകൾ നാവിക സേനയ്ക്ക് കരുത്ത് പകരും
ന്യൂഡൽഹി: ഇന്ത്യ അമേരിക്കയിൽ നിന്നും ആയുധ ശേഷിയുള്ള ഡ്രോണുകൾ വാങ്ങാൻ ഒരുങ്ങുന്നു. മൂന്ന് ബില്യൺ ഡോളർ (ഏകദേശം 21000 കോടി രൂപ) ചെലവിട്ട് 30 യുഎസ് ഡ്രോണുകൾ വാങ്ങാനാണ് ഇന്ത്യയുടെ തീരുമാനം. ചൈനയിൽനിന്നും പാക്കിസ്ഥാനിൽനിന്നും ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ സേനയ്ക്ക് കരുത്ത് പകരുന്നതിനാണ് പുതിയ ഡ്രോണുകൾ വാങ്ങുന്നത്.
ആയുധ ശേഷിയുള്ള ഈ ഡ്രോണുകൾ കരയിലും കടലിലും ഇന്ത്യയ്ക്ക് സുരക്ഷാ കവചം ഒരക്കും. 30 എംക്യൂ-9ബി പ്രഡേറ്റർ ഡ്രോണുകൾ സാന്തിയാഗോയിലെ ജനറൽ ആറ്റോമിക്സിൽനിന്നു വാങ്ങാനുള്ള നടപടികളാണു പുരോഗമിക്കുന്നത്. എംക്യൂ-9ബി പ്രഡേറ്റർ ഡ്രോണുകൾക്ക് 1,700 കിലോ ആയുധങ്ങൾ വഹിച്ച് 48 മണിക്കൂർ പറക്കാൻ ശേഷിയുള്ളവയാണ്. മനുഷ്യസാന്നിധ്യം ഒഴിവാക്കി മിസൈലുകളും ബോംബുകളും ശത്രുകേന്ദ്രങ്ങളിൽ കൃത്യമായി പ്രയോഗിക്കാൻ ഈ ഡ്രോണുകൾക്കു കഴിയും.
നിലവിൽ നിരീക്ഷണങ്ങൾക്കും രക്ഷാപ്രവർത്തനങ്ങൾക്കുമാണ് ഡ്രോൺ ഉപയോഗിക്കുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനീസ് യുദ്ധക്കപ്പലുകളുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ നാവികസേനയ്ക്ക് ഈ ഡ്രോണുകൾ കരുത്തു പകരും. ഇന്ത്യ-പാക്ക് അതിർത്തിയിൽ തർക്കപ്രദേശത്തുള്ള ഭീകരകേന്ദ്രങ്ങൾ ലക്ഷ്യം വയ്ക്കാൻ സൈന്യത്തിന് എളുപ്പമാകുകയും ചെയ്യും.
കഴിഞ്ഞ വർഷം അതിർത്തിയിൽ ചൈന സൈനിക നീക്കങ്ങൾ ശക്തമാക്കിയപ്പോൾ ആയുധമില്ലാത്ത രണ്ട് എംക്യൂ-9 പ്രഡേറ്റർ ഡ്രോണുകൾ ഇന്ത്യ പാട്ടത്തിനെടുത്തിരുന്നു. അമേരിക്കക്കാർ നിയന്ത്രിക്കുന്ന ഡ്രോണുകൾ അതിർത്തിയിൽ പറക്കുന്നതിൽ വ്യോമസേന ആശങ്ക അറിയിച്ചതിനാൽ അവ ഉപയോഗിച്ചില്ല.