വർഷം മാർച്ച് 21 ന് ഭൂമിയെ തൊട്ടൂ തൊട്ടില്ലെന്ന മട്ടിൽ കടന്നുപോകുന്നത് 2021-ൽ നാം കാണനിടയുള്ളതിൽ വച്ച് ഏറ്റവും വലിയ ഛിന്നഗ്രഹം. 2001 എഫ് ഒ 32 എന്ന്‌പേരിട്ടിരിക്കുന്ന ഈ ഛിന്നഗ്രഹത്തിന്ഈഫൽ ടവറിന്റെ ഇരട്ടി വലിപ്പമുണ്ട്. ചൊവാഗ്രഹത്തിനും വ്യാഴത്തിനും ഇടയിലാണ് ഛിന്നഗ്രഹങ്ങളുടെ വിഹാര കേന്ദ്രം. സൂര്യനെ വലംവയ്ക്കുന്നതിനിടയിൽ ഇടയ്ക്ക് വഴിതെറ്റി ഭൂമിക്കരികിൽ എത്തും. ഉൽക്കകളേക്കാൾ വലിപ്പമുള്ള ഇവയ്ക്ക് ഗ്രഹങ്ങളുടെ അത്ര വലിപ്പമില്ലെങ്കിലും, ഏതാണ് സമാനമായ സ്വഭാവ സവിശേഷതകളാണ് ഉള്ളത്.

കൃത്യം ഇരുപതുവർഷം മുൻപ് 2001 ലായിരുന്നു ഈ ഛിന്നഗ്രഹത്തെ ആദ്യമായി കണ്ടെത്തിയത്. 2,230 അടി വ്യാസമുള്ള ഈ പാറക്കഷ്ണം ഈ വർഷം ഭൂമിയുടെ സമീപത്തെത്തുന്ന ഛിന്നഗ്രഹങ്ങളിൽ ഏറ്റവും വലിയതാണ്. സൗരയൂഥത്തിനുള്ളിലെ യാത്രയിൽ ഛിന്നഗ്രഹങ്ങൾ പെട്ടെന്ന് വേഗത കൈവരിക്കും, പിന്നീട് പെട്ടെന്ന് മന്ദഗതിയിലായി സൂര്യനെ നോക്കി യാത്രതുടരും. ഈ യാത്രയ്ക്കിടയിലാണ് ഭൂമിയിലേക്ക് ഒന്ന് ഒളിഞ്ഞുനോക്കാൻ എത്തുക. ഈ ഛിന്നഗ്രഹത്തെ 20 വർഷങ്ങൾക്ക് മുൻപ് കണ്ടുപിടിച്ചതിനാൽ ഇതിന്റെ ഭ്രമണപഥത്തെ കുറിച്ച് വ്യക്തമായ ധാരണ ശാസ്ത്രജ്ഞർക്കുണ്ട്.

ഭൂമിയിൽ നിന്നും 1.25 മില്ല്യൺ മൈലുകൾക്കപ്പുറത്തുകൂടിയായിരിക്കും ഇത് കടന്നു പോവുക. അതായത്, ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ അഞ്ചിരട്ടി ദൂരത്തുകൂടി. അതുകൊണ്ടു തന്നെ ഭൂമിക്ക് പ്രത്യേകിച്ച് ആപത്തൊന്നും വരാനില്ല. ഇത് ഭൂമിയോട് ഏറ്റവും അടുത്തുവരുന്നത് മാർച്ച് 21 നായിരിക്കും. അന്ന് ദക്ഷിണാർദ്ധഗോളത്തിൽ നിന്ന് വാനനിരീക്ഷകർക്ക് ഇതിനെ വലിയ ടെലസ്‌കോപ്പിലൂടെ കാണാൻ സാധിക്കും. നാസായുടെ തരംതിരിക്കലിൽ അപകട സാധ്യതയുള്ള ഛിന്നഗ്രഹം എന്ന വിഭാഗത്തിലാണ് ഇതിനെ ഉൾപ്പെടുത്തിയിരിക്കുന്നത് എങ്കിലും ഇത് ഭൂമിയുമായി കൂട്ടിമുട്ടുകയില്ലെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

മാർച്ച് 21 ന് ഇത് ഭൂമിയോട് കൂടുതൽ അടുത്തെത്തുമ്പോൾ ഇതിന്റെ യഥാർത്ഥവലിപ്പം, അതിന്റെ മറ്റു വിശദാംശങ്ങൾ എന്നിവ ശാസ്ത്രജ്ഞർക്ക് മനസ്സിലാക്കാൻ സാധിക്കും. ഛിന്നഗ്രഹത്തിന്റെ പ്രതലത്തിൽ സൂര്യപ്രകാശം അടിക്കുമ്പോൾ പാറകളിലെധാതുക്കൾ കുറച്ച് തരംഗങ്ങളെ ആഗിരണം ചെയ്യുകയും മറ്റുള്ളവയെ പ്രതിഫലിപ്പിക്കുകയും ചെയ്യും. പ്രതിഫലിക്കുന്ന പ്രകാശത്തിന്റെ വർണ്ണരാജി അഥവാ സ്പെക്ട്രം വിശദമായ പഠനത്തിനു വിധേയമാക്കിയാൽ ഛിന്നഗ്രഹത്തിലുള്ള ധാതുസമ്പത്തിന്റെ വിരലടയാളം ശാസ്ത്രജ്ഞർക്ക് ലഭിക്കും.

ഹവായ മൗന കീയിലുള്ള നാസായുടെ 10.5 അടി ഇൻഫ്രാറെഡ് മൈക്രോസ്‌കോപ്പ് ഉപയോഗിച്ചായിരിക്കും പഠനം നടത്തുക. ഛിന്നഗ്രഹത്തിലെ ധാതുക്കളേയും ലവണങ്ങളേയും കുറിച്ചായിരിക്കും പ്രധാനമായും പഠിക്കുക. പാറകളിൽ പതിക്കുന്ന പ്രകാശത്തിലെ പ്രതിഫലിക്കുന്ന പ്രകാശത്തിന്റെ തരംഗദൈർഘ്യമായിരിക്കും ഇതിനായി പ്രധാനമായും പഠനവിഷയമാക്കുക.

ഇരുപത് വർഷമായി ഈ ഛിന്നഗ്രഹം നിരീക്ഷണത്തിലുണ്ടെങ്കിലും ഇതുവരെ ഇതിലെ ധാതുക്കളെ കുറിച്ചും മറ്റുമൊന്നും കാര്യമായ അറിവുണ്ടായിട്ടില്ല. മാർച്ച് 21 ന് ഇത് ഭൂമിയുടെ സമീപമെത്തുമ്പോൾ കൂടുതൽ പഠനത്തിനുള്ള സൗകര്യം ലഭിക്കും എന്നാണ് കരുതപ്പെടുന്നത്.